Politics | സിപിഎമ്മിൽ നിന്നും പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്ത നേതാക്കൾ'; സന്ദീപ് വാര്യർ പോയ ക്ഷീണം തീർക്കാൻ ബിജെപി
● ബിപിന്‍ സി ബാബു അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു
● ഗാര്‍ഹിക പീഡന ആരോപണവും ഉയർന്നിരുന്നു
● നേതാക്കളെ വലവീശിപിടിക്കുകയാണ് ബിജെപി
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) അനര്‍ഹമായി പാര്‍ട്ടിപദവികളിലെത്തിയവരും കാലങ്ങളായി പദവികളില്‍ തുടരുന്നവരുമാണ് ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ സി.പി.എമ്മിൽ നിന്നുംപുതിയ രാഷ്ട്രീയ ലാവണങ്ങള്‍ തേടുന്നത്. അഴിമതി ആരോപണം മുതല്‍ സ്ത്രീവിഷയങ്ങളില്‍ വരെ പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയവരാണ് ഇവരില്‍ പലരും. ആലപ്പുഴയില്‍ പാര്‍ട്ടിവിട്ട ബിപിന്‍ സി ബാബു ഒരു വർഷംമുമ്പ് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു.
ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. പെണ്‍സുഹൃത്തുമായി ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ വിനോദയാത്ര പോയെന്ന ആരോപണവും വിവാദമായിരുന്നു. കഴിഞ്ഞദിവസം മംഗലപുരം ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്ന് നിലവിലെ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോയതിനു കാരണം മൂന്നാമതും ഏരിയാ സെക്രട്ടറിയാക്കാത്തതിന്റെ പേരിലായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എം ജലീലിനെ ജില്ലാനേതൃത്വം നിര്‍ദേശിച്ചതാണ് മധുവിനെ ചൊടിപ്പിച്ചത്.
വിഭാഗീയതയുടെ പേരിലാണ് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെ എം വി ഗോവിന്ദന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നതാണ് കൊച്ചുമോന്റെ കസേര തെറിപ്പിച്ചത്. പത്തനംതിട്ട കൊടുമണ്‍ ഏരിയാ സമ്മേളനത്തിലും ചേരിതിരിഞ്ഞ് മത്സരമുണ്ടായി. ജില്ലാ സെക്രട്ടറിയുടെ നോമിനിയായ ആര്‍.ബി രാജീവ്കുമാര്‍ വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയായത്.
എന്നാൽ ഇത്തരം സ്ഥാപിത താൽപര്യമുള്ള നേതാക്കൾ പാർട്ടിയിലേക്ക് വരുന്നത് ആഘോഷമാക്കുകയാണ് ബി.ജെ.പി നേതൃത്വം. സന്ദീപ് വാര്യർ കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ ക്ഷീണം തീർക്കാൻ മറ്റു പാർട്ടികളിലെ ചെറുതും വലുതുമായ നേതാക്കളെ വലവീശിപിടിക്കുകയാണ് ബി.ജെ.പി നേതൃത്വം. തെക്കൻ കേരളത്തിൽ നിന്നുള്ള ഉന്നത നേതാവ് ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ കണ്ണൂരിൽ വെളിപ്പെടുത്തിയിരുന്നു.
#CPM #BJP #KeralaPolitics #Corruption #LeadershipCrisis #PartyHopping