Reshuffle | കണ്ണൂരെന്ന കോട്ട കാക്കാൻ അഴിച്ചുപണി; നേതൃതലങ്ങളിൽ മാറ്റമുണ്ടായേക്കും; പുതിയ മുഖം തേടാൻ സിപിഎം
യുവാക്കളും വനിതകളും പാർട്ടി നേതൃത്വത്തിലേക്ക്
കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയവും നേതൃമാറ്റത്തിന് കാരണം
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ വൻ അഴിച്ചു പണിക്ക് സാധ്യതയേറി. യുവാക്കളും വനിതകളുമടങ്ങുന്ന പുതുമുഖങ്ങളാണ് പാർട്ടി നേതൃത്വത്തിലേക്ക് എത്താൻ സാധ്യത. തെറ്റു തിരുത്തൽ രേഖ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് രണ്ടു ടേം പൂർത്തിയാക്കുന്നവരെ മാറ്റുന്നത്. കേരളത്തിലെ പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിലും ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നുവരികയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സർക്കാരിൻ്റെ വീഴ്ച്ചയും മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെകട്ടറിയുടെയും ഏകാധിപത്യ ശൈലിയും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രതിനിധികളിൽ നിന്നുംകടുത്ത വിമർശനത്തിന് ഇടയാക്കുന്നുണ്ടെന്നാണ് അനുഭാവികൾ പറയുന്നത്. ഇതിന് പുറമേ സമ്മേളന കാലയളവിൽ പൊട്ടി വീണ ഇപി ജയരാജൻ, പിവി അൻവർ വിഷയങ്ങളും പാർട്ടി ജില്ലാ നേതൃത്വത്തെ അണികൾക്ക് കൃത്യമായ മറുപടി നൽകാനാവാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കണ്ണൂർ പാർട്ടിയിലെ നേതൃമാറ്റങ്ങളെ കുറിച്ചു ചർച്ചയാകുന്നത്. നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ എംവി ജയരാജനെ വീണ്ടും പൊളിറ്റിക്കൽ സെക്രട്ടറിയായി നിയോഗിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിവാദങ്ങളിൽ മുങ്ങി താഴുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെയും ആഭ്യന്തര വകുപ്പിനെയും ശുദ്ധീകരിക്കാൻ എം.വി ജയരാജൻ്റെ ഇടപെടലുകൾക്ക് കഴിയുമെന്ന് സംസ്ഥാന നേതൃത്വവും വിശ്വസിക്കുന്നുണ്ട്.
ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയാൽ കടുത്ത പിണറായി പക്ഷക്കാരായ ടി.വി. രാജേഷിനോ കെ.കെ.രാഗേഷിനോ നറുക്ക് വീഴാം. പാർട്ടിക്ക് യുവരക്തത്തിൻ്റെ കരുത്തുണ്ടാക്കാൻ ഇവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ബ്രാഞ്ച്, ലോക്കൽ തലങ്ങളിൽ യുവതി - യുവാക്കളെയാണ് ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പുതുമുഖങ്ങളെക്കൊണ്ടു സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കുകയാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.
#CPM #Kannur #KeralaPolitics #LeadershipChange #PartyCongress #ElectionResults #InternalIssues #India