Tribute | സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എകെജി ഭവനിലേക്ക് നേതാക്കളുടെ പ്രവാഹം; കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെല്ലാം എത്തി
● വൈകിട്ട് വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനം
● കേരളത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം
ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് (72) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിലേക്ക് നേതാക്കളുടെ പ്രവാഹം. തങ്ങളുടെ നേതാവിനെ അവസാനമായി കാണാനെത്തിയവരാണ് ഓരോരുത്തരും. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഡെല്‍ഹിയിലെത്തി. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെ യെച്ചൂരിയുടെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
ഇപ്പോള്‍ ഡെല്‍ഹി എയിംസിലുള്ള മൃതദേഹം വൈകിട്ട് ആറുമണിക്ക് ഡെല്‍ഹി വസന്ത് കുഞ്ചിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിക്കും. ശനിയാഴ്ച രാവിലെ 11 മുതല്‍ മൂന്നു മണിവരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞമാസം 19 മുതല്‍ എയിംസില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുന്‍പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശനിയാഴ്ച വൈകിട്ട് വൈദ്യ പഠനത്തിനായി എയിംസിനു വിട്ടുനല്‍കും.
യെച്ചൂരിയോടുള്ള ആദരസൂചകമായി കേരളത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം സംഘടിപ്പിക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു. സമ്മേളനങ്ങളടക്കം എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ അനുശോചന പരിപാടികള്‍ സംഘടിപ്പിക്കും. യെച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ പകരം ചുമതല സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല.
#CPM #SitaramYechury #Tribute #PoliticalNews #Delhi #Kerala