Politics | സിപിഎം പാർട്ടി കോൺഗ്രസ്: ഇത്തവണയും വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകില്ല; രണ്ട് പ്രമുഖ നേതാക്കൾ ഒഴിയും


● കെ.കെ. ശൈലജ പോളിറ്റ് ബ്യൂറോയിൽ എത്തിയേക്കും.
● പി.കെ. ശ്രീമതി കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും.
● പാർട്ടി ഭരണഘടനയിലെ പ്രായപരിധി മാനദണ്ഡമാണ് നേതാക്കൾ ഒഴിയാനുള്ള കാരണം.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) മധുരയിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകില്ലെന്ന് സൂചന. സി.പി.എമ്മിൻ്റെ ചരിത്രത്തിൽ ഇത്തവണയും വനിതാ ജനറൽ സെക്രട്ടറി ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ നേതൃതലത്തിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും, നിലവിലുള്ള വനിതാ നേതാക്കൾ തന്നെ ഒഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇത്തവണയും സി.പി.എമ്മിന് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. ഭാവിയിൽ തീർച്ചയായും വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്നും, രണ്ട് വനിതാ നേതാക്കൾ ഇത്തവണ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയുമെന്നും ബൃന്ദ കാരാട്ട് അറിയിച്ചു. ‘പാർട്ടിക്കൊരു ഭരണഘടനയുണ്ട്. പ്രായപരിധി മാനദണ്ഡമുണ്ട്. അതിനാൽ രണ്ട് വനിതകൾ പോളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിയുകയും പുതിയ ആളുകൾ എത്തുകയും ചെയ്യും,’ ബൃന്ദ കാരാട്ട് പറഞ്ഞു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പോളിറ്റ് ബ്യൂറോയിൽ എത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കേരളത്തിൽ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിൽ കെ.കെ. ശൈലജയ്ക്കാണ് പ്രഥമ പരിഗണന. പി.ബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നത് ശൈലജയ്ക്ക് അനുകൂല ഘടകമാകുമെന്നാണ് കരുതുന്നത്. കെ. രാധാകൃഷ്ണൻ എം.പി, തോമസ് ഐസക്, ഇ.പി. ജയരാജൻ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
ജനാധിപത്യ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതി പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടേക്കും. കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായി പി.കെ. ശ്രീമതി തുടരാനാണ് സാധ്യത.
The upcoming CPM Party Congress in Madurai is unlikely to have a woman General Secretary. Brinda Karat stated that two women will step down from the Polit Bureau due to age limits, while K.K. Shailaja is a likely new entrant. P.K. Sreemathy may be excluded from the central committee due to age.
#CPIM #PartyCongress #WomenLeaders #KKShailaja #BrindaKarat #IndianPolitics