CPM | മധുരയില്‍ തലമുറമാറ്റത്തിനൊരുങ്ങി സിപിഎം; കൊഴിഞ്ഞു പോവുക 6 പ്രമുഖ നേതാക്കള്‍; മുഖ്യമന്ത്രിയെന്ന നിലയില്‍ പി ബിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ പിണറായി
71 വയസുളള സീതാറാം യെച്യൂരി അഖിലേന്ത്യാജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ബംഗാള്‍, ത്രിപുര, പഞ്ചാബ് സംസ്ഥാന നേതൃത്വങ്ങളുടെ പിന്‍തുണ യെച്യൂരിക്കുണ്ട്
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) സി.പി.എം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് വരുന്ന ഏപ്രിലില്‍ മധുരയില്‍ നടക്കാനിരിക്കെ നേതൃതലത്തില്‍ വന്‍അഴിച്ചു പണിയും തലമുറ കൈമാറ്റവും ഉണ്ടാകാന്‍ സാധ്യതയെന്ന് രാഷ്ട്രീയ വിലയിരുത്തല്‍. പാര്‍ട്ടിയെ അഖിലേന്ത്യാതലത്തില്‍ ശക്തിപ്പെടുത്തുന്നതിനായി പുതുതലമുറയെ കൊണ്ടുവരികയെന്നാണ് ലക്ഷ്യമിടുന്നത്.
ഉന്നത കമ്മിറ്റികളില്‍ അംഗത്വത്തിന് എഴുത്തിയഞ്ചുവയസാണ് പാര്‍ട്ടി പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും പ്രായപരിധി പിന്നിട്ടവര്‍ പുറത്ത് പോകേണ്ടി വരും. നിലവില്‍ പാര്‍ട്ടി പിബി അംഗങ്ങളില്‍ ഏഴുപേര്‍ എഴുപത്തിയഞ്ചു വയസു പിന്നിട്ടവരാണ്. എന്നാല്‍ കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രായപരിധി പിന്നിട്ടെങ്കിലും പിണറായി വിജയന് ഇളവു ലഭിച്ചേക്കും. കഴിഞ്ഞ ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പാര്‍ട്ടി സംഘടന ഭാരവാഹിത്വത്തില്‍ പ്രായപരിധി നിശ്ചയിക്കാന്‍ സി.പി.എം തീരുമാനിച്ചത്.
ഈ മാനദണ്ഡം വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നടപ്പിലാക്കുമ്പോള്‍ പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവര്‍ പുറത്തു പോകേണ്ടി വരും. ഇക്കൂട്ടത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുണ്ടെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞ തവണ കേരളാമുഖ്യമന്ത്രിയെന്ന പ്രത്യേക ഇളവു നല്‍കിയാണ് പൊളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്തിയത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പി.ബിയില്‍ അംഗങ്ങളായിരിക്കണമെന്ന കീഴ്‌വഴക്കം സി.പി.എമ്മില്‍ പണ്ടേയുണ്ട്.
എന്നാല്‍ പിണറായി ഒഴിച്ചുളള മറ്റു നേതാക്കളെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേകംക്ഷണിതാക്കളാക്കി മാറ്റിയേക്കും. 71 വയസുളള സീതാറാം യെച്യൂരി അഖിലേന്ത്യാജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ബംഗാള്‍, ത്രിപുര, പഞ്ചാബ് സംസ്ഥാന നേതൃത്വങ്ങളുടെ പിന്‍തുണ യെച്യൂരിക്കുണ്ട്. കേരളാ നേതൃത്വവുമായി ഇപ്പോള്‍ യെച്യൂരിക്ക് അകല്‍ച്ചയൊന്നുമില്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടി ദുര്‍ബലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിചയസമ്പന്നനായ യെച്യൂരിക്ക് തന്നെ ഒരവസരം കൂടി നല്‍കാനാണ് സാധ്യത.
അതേസമയം കേരളത്തില്‍ നിന്നുളള പി.ബി അംഗങ്ങളായ എം.എ ബേബി, എ വിജയരാഘവന്‍ എന്നിവരില്‍ ഒരാള്‍ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അഖിലേന്ത്യാജനറല്‍ സെക്രട്ടറിസ്ഥാനത്തിനായി മുന്‍പോട്ടു വന്നാല്‍ കേരളാഘടകത്തിന്റെ നീക്കങ്ങള്‍ക്കു മുന്‍പില്‍ യെച്യൂരിക്ക് സ്ഥാനം നിലനിര്‍ത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.