Political Funding | പെരിയ കേസിലെ സിപിഎമ്മുകാരെ രക്ഷിക്കാന്‍ പൊടിച്ചത് കോടികളുടെ നികുതിപ്പണം; കണക്കുകള്‍ ഞെട്ടിക്കുന്നത്!
● ചന്ദ്രശേഖരന്‍ സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്നു.
● കേസില്‍ പാര്‍ട്ടി നേതാക്കളായ കുഞ്ഞനന്തന്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ടു.
● ടിപി കേസിലെ പ്രതികളെ രക്ഷിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സിപിഎം ചെലവഴിച്ചത്.
അർണവ് അനിത
തിരുവനന്തപുരം: (KVARTHA) രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയും അതിന് നേതൃത്വം കൊടുത്ത പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് സിപിഎം പലതവണ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ പലപ്പോഴും അവര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കാലം മാറിയതോടെ വലിയ തിരിച്ചടിയാണ് സിപിഎം നേരിടുന്നത്. അതില്‍ ആദ്യത്തേതായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധക്കേസ്.
ചന്ദ്രശേഖരന്‍ സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്നു. പാര്‍ട്ടി വിട്ട് ആര്‍എംപി എന്ന പ്രസ്ഥാനം രൂപീകരിച്ചതാണ് കോഴിക്കോട്ടെ സിപിഎമ്മുകാരെയും സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിച്ചത്. അതിന് പക വീട്ടാനായി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ചന്ദ്രശേഖരനെ വകവരുത്തിയത്. കേസില്‍ പാര്‍ട്ടി നേതാക്കളായ കുഞ്ഞനന്തന്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ടു. അയാള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരിച്ചത്.
ആ മരണത്തില്‍ പോലും ദുരൂഹതയുണ്ടെന്ന് ലീഗ് നേതാവ് കെ.എം ഷാജി വെളിപ്പെടുത്തിയിരുന്നു. ടിപി കേസിലെ പ്രതികളെ രക്ഷിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സിപിഎം ചെലവഴിച്ചത്. കുറ്റാരോപിതരായ പാര്‍ട്ടി നേതാക്കള്‍ക്കും വാടക കൊലയാളികളായ കൊടി സുനി, കിര്‍മാണി മനോജ്, ട്രൗസര്‍ മനോജ് എന്നിവര്‍ക്കെല്ലാം വേണ്ടി ഒരു അഭിഭാഷകനാണ് കേസ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇതുപോലെയുള്ള മറ്റൊരു കേസായിരുന്നു കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം.
യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ സിപിഎം പ്രാദേശിക നേതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചെങ്കിലും അതിന് തടയിടാന്‍ സിപിഎം ദിവസം ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വക്കീലന്മാരുമായി സുപ്രീംകോടതി വരെ പോയി. അതിന് ആ പാര്‍ട്ടിക്ക് അവകാശമുണ്ട്. എന്നാല്‍ വക്കീലിന് കൊടുക്കാനുള്ള ഫീസ് പൊതുഖജനാവില്‍ നിന്നെടുത്താണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയത്.
എന്നിട്ടും പ്രതികള്‍ക്ക് നിയമത്തിന്റെ വല മുറിച്ചുകടക്കാനായില്ല എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്താണ് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 2022 ഏപ്രിലില്‍ 24.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്ന സമയമായിരുന്നു അന്ന്. പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് അന്നുവരെ സര്‍ക്കാരിന് ചെലവായത്. കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ, കോടതി നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു.
പെരിയ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരെയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിച്ചത്. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകാന്‍ എത്തിയതില്‍ ഒരാള്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ആയിരുന്നു. സിറ്റിങില്‍ ഫീസായി വാങ്ങിയത് 25 ലക്ഷത്തിലേറെ രൂപയാണ്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന മനീന്ദര്‍ സിങിനെയും എത്തിച്ചു. ഒരു സിറ്റിങിന് 20 ലക്ഷമായിരുന്നു അദ്ദേഹം വാങ്ങിയത്. സഹായിക്ക് ഒരു ലക്ഷവും. മൊത്തം മൂന്ന് തവണ അദ്ദേഹം ഹാജരായി.
2019 നവംബര്‍ നാല്, 12, 19 തീയതികളില്‍ ഹാജരായതിന് 63 ലക്ഷം രൂപയാണ് ഫീസ് വാങ്ങിയത്. രണ്ട് പ്രമുഖ അഭിഭാഷകര്‍ക്കായി പൊതുഖജനാവില്‍ നിന്ന് എടുത്ത് കൊടുത്തത് 88 ലക്ഷം രൂപ. ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനും ലക്ഷങ്ങള്‍ ചെലവായി. ഇത്രയൊക്കെ ചെലവഴിച്ചിട്ടും സര്‍ക്കാരിന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ അംഗീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തയ്യാറായില്ല. കേസ് ഡയറിയില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. സൂതാര്യമായ അന്വേഷണം നടക്കണമെന്നും നിഷ്പക്ഷവും സത്യാസന്ധവുമായ വിചാരണയ്ക്ക് അത് ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
കേസുകളില്‍ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്‍ പൊതു ഖജനാവില്‍ നിന്നും ചെലവിടുന്നത് സിപിഎം പതിവാക്കിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പാര്‍ട്ടി ഇത്തരത്തില്‍ ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഐബ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും 56.4 ലക്ഷമാണ് ചെലവഴിച്ചത്. ഈ കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സി വന്ന ശേഷമാണ് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ പ്രതിയായത്.
കേസില്‍ സിബിഐ വരാതിരിക്കാനാണ് 56.4 ലക്ഷം മുടക്കിയത്. സുപ്രീംകോടതി അഭിഭാഷകരെ വരെ കൊണ്ടുവന്നു. അങ്ങനെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. തുടര്‍ന്ന് ഷുഹൈബിന്റെ പിതാവ് പരമോന്നത നീതിപീഠത്തെ സമീപിക്കുകയും മകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അത് സുപ്രീംകോടതി അംഗീകരിച്ചു. കേസില്‍ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. പി ജയരാജനും ടിവി രാജേഷും പ്രതികളാണ്.
#PeriyaCase #CPM #Corruption #TaxpayerMoney #Kasaragod #LegalCosts