CPM | 'നമ്മള്‍ നല്ലപോലെ തോറ്റു', എന്താണ് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കണ്ടുപിടിച്ചു!

 
CPM Stare Secretary
CPM Stare Secretary


ക്രൈസ്തവര്‍ തൃശൂരിലടക്കം ബിജെപിക്കൊപ്പം നിന്നത് എന്തുകൊണ്ട്, പിന്നാക്കരും ദളിതരും ബിജെപിക്ക് വോട്ട് ചെയ്തതിന് കാരണമെന്താണ്?

അര്‍ണവ് അനിത 

(KVARTHA) 'നമ്മള്‍ നല്ലപോലെ തോറ്റു, തോറ്റിട്ട് ജയിച്ചൂന്ന് പറയുന്നതില്‍ കാര്യമില്ല', തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി മലപ്പുറത്ത് പ്രസംഗിച്ച ഈ വാക്കുകളിലെ ആര്‍ജ്ജവം പക്ഷെ, സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിയിലും നടന്ന അവലോകനത്തില്‍ കണ്ടില്ല. പരാജയത്തിന് കാരണമായ കാര്യങ്ങള്‍ വാര്‍ക്കപ്പണിക്കാരനോട് ചോദിച്ചാല്‍ മനസ്സിലാക്കാനാകും. പക്ഷെ, യഥാര്‍ത്ഥ വസ്തുതകള്‍ ചര്‍ച്ച ചെയ്യാതെ ഉപരിപ്ലവമായ കാര്യങ്ങളാണ് ഭൂരിപക്ഷം അംഗങ്ങളും ഉന്നയിച്ചതും സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും. 

മുഖ്യമന്ത്രിയുടെ ധിക്കാരം, ധാര്‍ഷ്ട്യം, അനാവശ്യ വിവാദങ്ങള്‍, ജനത്തിന് വേണ്ടാത്ത പദ്ധതികള്‍, ക്ഷേമപെന്‍ഷന്‍ മുടങ്ങിയത്, മാസപ്പടി കേസ് ഇതെല്ലാമാണ് കാരണമെന്ന് വ്യക്തമാണ്. പിന്നെ എന്തിനാണ് സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേര്‍ന്ന് പൊറാട്ട് നാടകം കളിച്ചതെന്ന് മനസ്സിലാകുന്നില്ല. കഴിഞ്ഞ തവണ 99 സീറ്റുമായി പിണറായി അധികാരം നിലനിര്‍ത്തി എന്നത് വലിയ കാര്യം തന്നെയാണ്. അന്ന് ജനങ്ങള്‍ക്കൊപ്പമായിരുന്നു പാര്‍ട്ടിയും സര്‍ക്കാരും. ഇന്നതല്ല സ്ഥിതി. അതുകൊണ്ട് കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കണം, അല്ലാതെ സ്തുതി പാടിയത് കൊണ്ട് കാര്യമില്ല.

cpm

നരേന്ദ്രമോദിയോടും ബിജെപി സര്‍ക്കാരിനോടുമുള്ള എതിര്‍പ്പ് കാരണം ന്യൂനപക്ഷങ്ങളടക്കം കോണ്‍ഗ്രസ് മുന്നണിക്ക് വോട്ട് ചെയ്തു എന്നാണ് സിപിഎമ്മിന്റെ കണ്ടുപിടുത്തം. അങ്ങനെയെങ്കില്‍ ക്രൈസ്തവര്‍ തൃശൂരിലടക്കം ബിജെപിക്കൊപ്പം നിന്നത് എന്തുകൊണ്ട്, പിന്നാക്കരും ദളിതരും ബിജെപിക്ക് വോട്ട് ചെയ്തതിന് കാരണമെന്താണ്. ഇതിനൊക്കെ വ്യക്തമായ ഉത്തരം പറയണ്ടേ. തീര്‍ന്നില്ല എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് ഇപ്പോള്‍ മലക്കംമറിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് ഇടത് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നത്.

ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയകക്ഷികള്‍ യുഡിഎഫിനൊപ്പം നിന്നത് അവരുടെ വിജയത്തിന്റെ ആക്കം കൂട്ടിയെന്ന വാദം ശരിയാണ്. ഈ വര്‍ഗീയകക്ഷികളുമായി തരാതരം ബന്ധം പുലര്‍ത്തുന്നവരാണ് സിപിഎമ്മും. നിങ്ങള്‍ക്ക് മാത്രമേ അവരുമായി അടുക്കാന്‍ പറ്റൂ എന്നുണ്ടോ? എസ്ഡിപിഐയുമായി ചേര്‍ന്ന് എത്രയോ പഞ്ചായത്തുകളില്‍ സിപിഎം ഭരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ എസ്ഡിപിഐ മനോഭാവം ഉള്ളവരുണ്ടെന്ന് ചെങ്ങന്നൂരില്‍ പരാതി ഉയര്‍ന്നിരുന്നു, എന്ത് നടപടിയാണ് സ്വീകരിച്ചത്.

പല ജാതി സംഘടനകളും സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആര്‍എസ്എസിന് കീഴ്‌പ്പെട്ടു. അതിന്റെ നേട്ടം ബിജെപിക്കുണ്ടായെന്നാണ് മറ്റൊരു കണ്ടുപിടുത്തം. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ട പരിഗണന സിപിഎമ്മും എല്‍ഡിഎഫും നല്‍കാത്തത് കൊണ്ടാണ് അവരൊക്കെ സംഘപരിവാര്‍ കൂടാരത്തിലേക്ക് ചേക്കേറിയത്. ശബരിമല വിധി നടപ്പാക്കുന്ന കാര്യത്തിലടക്കം അല്‍പം സംയമനം പാലിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ, ഈ ഗതിയുണ്ടാകുമായിരുന്നില്ല. 

എസ്എന്‍ഡിപിയിലെ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതും യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും ദേവസ്വം ബോര്‍ഡിലും ആ വിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയാണ് ഇതിന് കാരണം. ഈഴവ നേതൃത്വം എന്തെങ്കിലും പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അവരെ പരിഹസിക്കുകയും താറടിക്കുകയുമാണ് സിപിഎം നേതാക്കളില്‍ പലരും ചെയ്യുന്നത്. ഇതൊക്ക അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പത്രികയിലടക്കം നല്‍കിയ റബര്‍ തങ്ങുവില അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ബിഷപ്പുമാരെ അടക്കം അധിക്ഷേപിക്കുകയും അവരോട് മുനവെച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് സിപിഎമ്മില്‍ നിന്ന് ക്രൈസ്തവര്‍ അകന്നത്. പാലാ ബിഷപ്പ് അടക്കം പല വിഷയങ്ങള്‍ ഉന്നയിച്ചെങ്കിലും അതിലൊക്കെ പരിഹാസമാണ് സിപിഎം നടത്തിയത്. തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയി എന്നത് യാഥാര്‍ത്യമാണ്. ഇടത് വോട്ടുകളും കുറഞ്ഞിട്ടുണ്ട്. അതിന് കാരണം കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നടത്തിയ തട്ടിപ്പാണ്. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാതെ എന്ത് കമ്മിറ്റി ചേര്‍ന്നിട്ടും ഒരു കാര്യോമില്ല.

മുസ്ലിം വിഭാഗത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്ന് പറയുമ്പോഴും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹരാം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. മലപ്പുറത്ത് പ്ലസ്ടു സീറ്റുകളുടെ കുറവ് അടക്കമുള്ള വിഷയങ്ങളുണ്ട്. സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ നോക്കിയതും തിരിച്ചടിയായി. രണ്ട് കൂട്ടരെ തമ്മിലടിപ്പിച്ചല്ല വോട്ട് വാങ്ങേണ്ടത്. സിപിഎമ്മിനെ പോലൊരു പുരോഗമന പ്രസ്ഥാനത്തിന് ചേര്‍ന്ന പണിയല്ലത്. വടകരയില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാനായി വൃത്തികെട്ട കളികളാണ് സിപിഎം കളിച്ചത്. ഷാഫി പറമ്പില്‍ വര്‍ഗീയവാദിയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. ആ കേസിന്റെ അന്വേഷണം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ഭാര്യ ലതികയിലേക്കാണ് നീളുന്നതെന്ന് യുഡിഫ് പറയുന്നു.

ക്ഷേമപെന്‍ഷന്റെ കാര്യം എടുത്ത് പറയേണ്ടതില്ല. പെന്‍ഷന്‍ കിട്ടാതെ വന്നതോടെ പ്രതിഷേധിച്ച വയോധികയെ ഫോണിലൂടെ അസഭ്യം പറയുകയും അവരുടെ മക്കള്‍ സമ്പന്നരാണെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കുകയും ചെയ്തത് കേരളം മറന്നിട്ടില്ല. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഇപ്പോഴും മതിയായ സാധനങ്ങളില്ല. പത്ത് കിലോ ജയ അരി കിലോയ്ക്ക് 25 രൂപയ്ക്ക് കിട്ടിയിരുന്നിടത്ത്, ഇപ്പോള്‍ അഞ്ച് കിലോയായി വെട്ടിക്കുറച്ചു. കിലോയ്ക്ക് നാല് രൂപ കൂടുകയും ചെയ്തു. പഞ്ചസാര, ഉഴുന്ന്, കടല തുടങ്ങിയ സബ്‌സിഡി സാധനങ്ങളൊന്നും പലപ്പോഴും ഔട്ട് ലെറ്റുകളില്‍ കാണില്ല. 

വിഷു- ഈസ്റ്റര്‍ നാളുകളില്‍ ഒരു ദിവസം 50 പേര്‍ക്ക് മാത്രമാണ് സബ്‌സിഡി സാധനങ്ങള്‍ നല്‍കിയിരുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ സര്‍ക്കാര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് എത്രയോ മാസത്തെ ഹോണറേറിയമായി 12 ലക്ഷം നല്‍കി. മുഖ്യമന്ത്രിക്ക് 35 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങി. കേന്ദ്രമന്ത്രിമാര്‍ പോലും 12 ലക്ഷം രൂപയിലധികം വരുന്ന കാറില്‍ സഞ്ചരിക്കില്ല. പ്രധാനമന്ത്രിക്ക് മാത്രമാണ് ഇളവുള്ളത്. ഇത്തരം ഗൗരവമായ കാര്യങ്ങളൊന്നും സിപിഎം ചര്‍ച്ച ചെയ്തില്ല. ആഴത്തിലുള്ള മുറിവിന് തൊലിപ്പുറത്ത് മരുന്ന് പുരട്ടിയത് കൊണ്ട് യാതൊരു കാര്യമില്ല. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia