● പെരിയ ഇരട്ടക്കൊലപാതക കേസ് സിപിഎമ്മിന് തിരിച്ചടിയായി.
● അക്രമ സംഭവങ്ങൾ വിമർശനത്തിന് ഇടയാക്കുന്നു
● കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനമുണ്ട്.
അർണവ് അനിത
(KVARTHA) കാലം മാറിയത് മനസ്സിലാക്കാത്ത വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സമൂഹത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കാനാകില്ല എന്നതാണ് പെരിയ ഇരട്ടക്കൊല കേസ് വിധി വ്യക്തമാക്കുന്നത്. ആരുടെയും ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ ആശയത്തെ മുന്‍നിര്‍ത്തി എതിത്ത് ജനപിന്തുണ തേടേണ്ടതിന് പകരം അവരെ കൊലപ്പെടുത്തുന്നത് ആധുനികസമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. സര്‍ക്കാര്‍ സംവിധാനങ്ങളും പണവും ഉപയോഗിച്ച് കൊലപാതകികളെ സംരക്ഷിക്കാന്‍ സിപിഎം പോലൊരു പാര്‍ട്ടി ശ്രമിക്കരുതായിരുന്നു.
നിരവധി സഖാക്കള്‍ രക്തസാക്ഷിത്വം വഹിച്ച പ്രസ്ഥാനമാണ് സിപിഎം. അവര്‍ക്ക് ഉറ്റവരുടെ വേര്‍പാടിന്റെ വേദനയറിയാം. ഇടതുപക്ഷമെന്നാല്‍ മനുഷ്യപക്ഷമാണ്, മതേതരപക്ഷമാണ്, സ്ത്രീപക്ഷമാണ്. ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാനത്തെ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സിപിഎം വര്‍ഷങ്ങളായി നിരവധി അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലൂടെയാണ് സിപിഎമ്മിന് തിരിച്ചടി ലഭിക്കുന്നത്. സാധാരണ കൃത്യം നടത്തുന്നവര്‍ക്ക് പകരം പാര്‍ട്ടി നല്‍കുന്ന പ്രതികളെയായിരിക്കും പൊലീസ് കോടതിയില്‍ ഹാജരാക്കുകയെന്നാണ് ആക്ഷേപം.
വിചാരണഘട്ടത്തില്‍ അവര്‍ രക്ഷപെടും. എന്നാല്‍ ടിപി കേസില്‍ അത്തരം ഡമ്മികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. സിപിഎം ഏര്‍പ്പെടുത്തിയതായി പറയുന്ന ഗുണ്ടാ സംഘങ്ങളെയും അതിന് ചുക്കാന്‍ പിടിച്ചതായി കുറ്റാരോപിതനായ കുഞ്ഞനന്തന്‍ അടക്കമുള്ളവരെയും അറസ്റ്റ് ചെയ്യുകയും ശിക്ഷവാങ്ങിക്കൊടുക്കുകയും ചെയ്തു. ഉന്നത ഗൂഢാലോചന നടത്തിയ പലരെയും പിടികൂടാനായില്ല. എന്നിട്ടും അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ല. പ്രത്യേകിച്ച് മലബാറിലെ സിപിഎം. മറ്റ് പലയിടങ്ങളിലും ഇത്തരത്തിലുള്ള ക്രൂരമായ അക്രമങ്ങളും കൊലപാതകങ്ങളും സിപിഎം ചെയ്യാറില്ല.
കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും സിപിഎം പ്രാദേശികനേതാവ് പീതാംബരനെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പക തീര്‍ത്തെന്നാണ് ചില സൈബര്‍ പോരാളികള്‍ അവകാശപ്പെടുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഈ സംഭവം നടന്നത്. അന്ന് കൊല്ലപ്പെട്ട യുവാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമായിരുന്നു. അതായിരുന്നു മാതൃകാപരമായ നടപടി. അതിന് പകരം തലച്ചോറ് ചിതറിക്കും എന്നൊക്കെ കൊലവിളി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിമുഴക്കുകയുമാണ് ചെയ്തത്. പിന്നീട് അവരെ കൊലപ്പെടുത്തുകയും ചെയ്തു.
കേസ് അട്ടിമറിക്കാന്‍ പൊലീസും ക്രൈംബ്രാഞ്ചും നോക്കി. പിന്നീട് സിബിഐ വരാതിരിക്കാന്‍ ആവനാഴിയിലെ സര്‍വ ആയുധങ്ങളും സിപിഎം പുറത്തെടുത്തു. സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പൊതുഖജനാവില്‍ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചു. എന്നിട്ടും സംസ്ഥാന സെക്രട്ടറിയും ബാലന്‍ സഖാവും പറയുന്നത് പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. ഇത്തരം നട്ടാല്‍ കിളിക്കാത്ത നുണകള്‍ ഇന്നത്തെ കാലത്ത് പറയാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നുന്നു, ഇതിലൂടെ തങ്ങള്‍ സ്വയം അപഹാസ്യരായി മാറുകയാണെന്ന ചിന്ത പോലും ഇവര്‍ക്കുണ്ടാകുന്നില്ല.
തെറ്റുപറ്റിയെന്ന് പറയാതെ, അതിന് ന്യായീകരിച്ചും കുറ്റവാളികളെ പണവും അധികാരവും ഉപയോഗിച്ച് സംരക്ഷിക്കാനും ശ്രമിക്കുന്നു. എന്നാല്‍ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കം കേസില്‍ ശിക്ഷിക്കപ്പെട്ടു. കേസില്‍ സിബിഐ വന്ന ശേഷം പ്രതി ചേര്‍ത്തവരിൽ ഭൂരിഭാഗവവും ശിക്ഷിക്കപ്പെട്ടു. ഒരാള്‍ ഒഴികെ ആര്‍ക്കും ഇതുവരെ പരോളോ, ജാമ്യമോ ലഭിച്ചിരുന്നില്ല. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ കുഞ്ഞിരാമന്‍ ഇല്ലായിരുന്നു. പ്രതികളെ പൊലീസ് ജീപ്പില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ച കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവാണ് വിധിച്ചത്.
മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സിപിഎം സമ്മതിക്കില്ലെന്ന ആരോപണം പണ്ടുമുതലേയുള്ളതാണ്. എതിര്‍ ചേരിയില്‍ വളര്‍ന്നുവരുന്നവരെയോ, ജനപിന്തുണയുള്ളവരെയോ പലതരത്തില്‍ സിപിഎം ലക്ഷ്യമിടും. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ പെണ്ണ്‌കേസില്‍ വരെ കുരുക്കാന്‍ നോക്കും. അപരന്റെ ശബ്ദം സംഗീതം പോലെ കേള്‍ക്കണമെന്നാണ് കാറല്‍മാക്‌സ് പറഞ്ഞിട്ടുള്ളത്. അതിന് പകരം കൊലവിളി മുഴക്കുന്നത് സിപിഎമ്മിന് തീരാകളങ്കമാണ്. അടുത്തകാലത്തായി സ്വന്തം പാര്‍ട്ടിയിലുള്ളവരെ വേട്ടയാടുന്ന പ്രവണത സിപിഎമ്മിലും എസ്എഫ്‌ഐയിലും ശക്തമാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാരനാ ഭിന്നശേഷിക്കാരന്റെ സ്വാധീനമില്ലാത്ത കാലില്‍ കമ്പിവെച്ച് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് രണ്ടാഴ് മുമ്പാണ്. കൊടികെട്ടാന്‍ തയ്യാറായില്ലെന്ന് പറഞ്ഞായിരുന്നു ഈ ക്രൂരത. കഴിഞ്ഞ വര്‍ഷം നഗരത്തിലെ സംസ്‌കൃത കോളജില്‍ മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ആ കുട്ടി ടിസി വാങ്ങി പോവുകയും ചെയ്തു. പ്രദേശിക വനിതാ നേതാവിന്റെ മകനാണ് ഈ ഗതിയുണ്ടായത്. പാളയത്തുള്ള യൂണിവേഴ്‌സിറ്റി കോളജിലും അക്രമം പതിവാണ്. പഠനംപൂര്‍ത്തിയായ എസ്എഫ്‌ഐക്കാര്‍ ഇവിടെ തമ്പടിച്ചാണ് അക്രമം നടത്തുന്നത്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. എന്നിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സിപിഎം സര്‍വീസ് സംഘടനാ പ്രവര്‍ത്തകനായിരുന്നു ആത്മഹത്യ ചെയത് മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു. അദ്ദേഹത്തിന്റേത് പാര്‍ട്ടി കുടുംബമായിരുന്നു. അതുകൊണ്ടാണ് 2021ലെ തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി സര്‍ക്കാര്‍ അദ്ദേഹത്തെ കണ്ണൂരില്‍ നിയമിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടിയുമായി നവീന്‍ബാബു തെറ്റിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേ തുടര്‍ന്നാണ് പിപി ദിവ്യ എന്ന നേതാവ് അദ്ദേഹത്തെ പരസ്യമായി അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ദിവ്യയെ സംരക്ഷിക്കാനും സിപിഎം എല്ലാ ശ്രമങ്ങളും നടത്തി. അവര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ അടക്കമാണ് സ്വീകരിക്കാന്‍ പോയത്.
സ്വന്തം പാര്‍ട്ടിക്കാരനായ എഡിഎമ്മിനോട് ഇവര്‍ക്കൊക്കെ അത്രയും ബഹുമാനമേ ഉള്ളൂ. സഖാക്കള്‍ എന്ത് തെറ്റ് ചെയ്താലും, പ്രത്യേകിച്ച് കണ്ണൂരിലുള്ളവര്‍ പ്രത്യേക പരിരക്ഷയും പരിലാളനയും സിപിഎം നല്‍കും. തെറ്റ് ചെയ്തവരെ തള്ളിപ്പറയാനോ, നടപടിയെടുക്കാനോ, പുറത്താക്കാനോ തയ്യാറാകാറില്ല. ഇതി നടപടിയെടുത്താലോ, താമസിയാതെ അവര്‍ വീണ്ടും ശക്തരായി പാര്‍ട്ടി പദവികളില്‍ മടങ്ങിയെത്തും. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകള്‍ സിപിഎം അവസാനിപ്പിച്ചില്ലെങ്കില്‍ കാലത്തെ അതിജീവിക്കാനാകില്ല.
#CPM #KeralaPolitics #Violence #PeriyaCase #TPChandrasekharan #SFI