Criticism | 'സിപിഎമ്മിന് എത്ര വനിതാ ജില്ലാ സെക്രട്ടറിമാരുണ്ട്'; എം വി ഗോവിന്ദനെതിരെ വിമർശനവുമായി മുഹമ്മദലി കിനാലൂർ

 
  Muhammadali Kinalur Facebook Post
  Muhammadali Kinalur Facebook Post

Image Credit: Screenshot from a Facebook Post by Muhammadali Kinalur

● 'കണ്ണൂരിൽ സിപിഎമ്മിന് 18 ഏരിയാ കമ്മിറ്റികളിൽ ഒരു വനിതാ സെക്രട്ടറിയുമില്ല'
● 'തളിപ്പറമ്പിലും പിണറായിയിലും പോലും വനിതാ ലോക്കൽ സെക്രട്ടറിമാരില്ല'
● 'സ്ത്രീ പ്രാതിനിധ്യം വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു'

 

കോഴിക്കോട്: (KVARTHA) പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസറ്ററുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ മുഹമ്മദലി കിനാലൂർ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ നിലപാടാണെന്നും അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ടെന്നും മുഹമ്മദലി കിനാലൂർ തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ, ഈ പ്രസ്താവന കേട്ടപ്പോൾ താൻ ആലോചിച്ചത് പാർട്ടിയിലെ പകുതിയോളം വരുന്ന സ്ത്രീ അംഗങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി പദവികളിൽ നൽകുന്നുണ്ടോ എന്നതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഘടന ഉദാഹരണമായി എടുത്തുകൊണ്ടാണ് കിനാലൂരിന്റെ വിമർശനം. കണ്ണൂരിൽ സിപിഎമ്മിന് ആകെ 18 ഏരിയാ കമ്മിറ്റികളുണ്ട്. പുനഃസംഘടന സമയത്ത് ഈ 18 ഏരിയാ കമ്മിറ്റികളിലും സെക്രട്ടറി സ്ഥാനത്തേക്ക് ഒരു സ്ത്രീയെയും പരിഗണിച്ചിട്ടില്ല. 18 ഏരിയാ കമ്മിറ്റികൾക്ക് കീഴിൽ 236 ലോക്കൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, തലശ്ശേരി ഏരിയയിലെ എരഞ്ഞോളിയിലും ശ്രീകണ്ഠാപുരം ഏരിയയിലെ കല്യാട് ലോക്കലിലുമായി വെറും രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രാതിനിധ്യമുള്ളത്.

ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ആയിരിക്കുന്ന തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പിണറായിയിലും പോലും ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെയും കണ്ടെത്താനായില്ല. സമ്മേളനങ്ങളിലും മറ്റ് പരിപാടികളിലും മതിലുകെട്ടാനും സ്ത്രീകളെ ഉപയോഗിക്കുന്നുണ്ടെങ്കിലും ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് പോലും അവരെ പരിഗണിഗണിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

കണ്ണൂർ ജില്ലയിലെ ഈ കണക്കുകൾ ചൂണ്ടിക്കാട്ടി കേരളത്തിലെ മറ്റ് ജില്ലകളിലും ഇതേ അവസ്ഥയാണെന്നും പാർട്ടിയിലെ സ്ത്രീ പരിഗണന വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണെന്നും മുഹമ്മദലി കിനാലൂർ കുറിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ചരിത്രത്തിൽ എത്ര വനിതാ ജില്ലാ സെക്രട്ടറിമാരുണ്ടെന്നും ഇപ്പോൾ എത്ര വനിതാ ജില്ലാ സെക്രട്ടറിമാരുണ്ടെന്നും അദ്ദേഹം ചോദ്യമുയർത്തി. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഒരു വനിതാ നേതാവിനെ പോലും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മതപണ്ഡിതൻ വിശ്വാസികളോട് മതപരമായ ഒരു നിയമം പറഞ്ഞാൽ അതിനെ പിന്തിരിപ്പനായും മൂരാച്ചിത്തരമായും വിമർശിക്കുന്നവർ, സ്വന്തം പാർട്ടിയിലെ സ്ത്രീ പ്രാതിനിധ്യക്കുറവ് കാണുന്നില്ലെന്നും കിനാലൂർ വിമർശിച്ചു

മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാട് ആണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് ഇന്ന് പ്രസംഗിച്ചത്. അത്തരം ശാഠ്യങ്ങൾ പുലർത്തുന്നവർക്ക് പിടിച്ചുനിൽക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സിപിഎം എന്ന പാർട്ടിയുടെ നിലപാടാണ്. അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ട്. അത് പറയാനിടയായ സാഹചര്യം എന്താണ് എന്നും മനസ്സിലായി. 

ഈ പ്രസ്‌താവന കേട്ടപ്പോൾ ഞാൻ ആലോചിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ആകെ അംഗങ്ങളിൽ പകുതിയോളം വരുന്ന സ്ത്രീകൾക്ക് അർഹമായ പരിഗണന പാർട്ടി പദവികളിൽ നൽകുന്നുണ്ടോ എന്നാണ്. എം വി ഗോവിന്ദൻ മാഷിന്റെ ജില്ലയായ കണ്ണൂരിൽ സിപിഎമ്മിന് ആകെ 18 ഏരിയാ കമ്മിറ്റികളുണ്ട്. പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഘടകങ്ങൾ പുനഃസംഘടിപ്പിക്കുന്ന സമയമാണിത്. കണ്ണൂരിലെ 18 ഏരിയ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചപ്പോൾ ഒരൊറ്റ ഏരിയാ കമ്മിറ്റിയിലും സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിച്ചിട്ടില്ല. 18 ഏരിയാ കമ്മിറ്റികൾക്ക് കീഴിൽ 236 ലോക്കൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. 

മയ്യിൽ ഏരിയ -13 
പെരിങ്ങോം ഏരിയ -14 
തളിപ്പറമ്പ് ഏരിയ -15 
കണ്ണൂർ ഏരിയ -14 
പയ്യന്നൂർ ഏരിയ -12 
തലശ്ശേരി ഏരിയ -13 എരഞ്ഞോളി 1 
എടക്കാട് ഏരിയ -10 
കൂത്തുപറമ്പ് ഏരിയ -16 
അഞ്ചരക്കണ്ടി ഏരിയ -14 
പാപ്പിനിശ്ശേരി ഏരിയ -10 
പാനൂർ ഏരിയ -16 
ശ്രീകണ്ഠാപുരം ഏരിയ -15 കല്യാട് 1 
മട്ടന്നൂർ ഏരിയ -13 
ആലക്കോട് ഏരിയ -12 
മാടായി ഏരിയ -12 
ഇരിട്ടി ഏരിയ -14 
പിണറായി ഏരിയ -12 
പേരാവൂർ ഏരിയ -11 

ഏറ്റവും കൂടുതൽ ലോക്കൽ കമ്മിറ്റികൾ ഉള്ളത് പാനൂർ, കൂത്തുപറമ്പ് ഏരിയ കമ്മിറ്റികൾക്ക് കീഴിലാണ്. ഗോവിന്ദൻ മാഷ് എം എൽ എ ആയിരിക്കുന്ന തളിപ്പറമ്പിൽ 15 ഉം മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പിണറായിയിൽ 12 ഉം ലോക്കൽ കമ്മിറ്റികൾ ഉണ്ട്. പറഞ്ഞിട്ടെന്താണ്, അവിടെയൊന്നും ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പറ്റിയ ഒരു വനിതയെ കിട്ടിയിട്ടില്ല! 236 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ സ്ത്രീ പ്രാതിനിധ്യം 2. തലശ്ശേരി ഏരിയയിലെ എരഞ്ഞോളി ലോക്കൽ കമ്മിറ്റിയിലും ശ്രീകണ്ഠാപുരം ഏരിയയിൽ കല്യാട് ലോക്കലിലുമൊതുങ്ങി സ്ത്രീ പ്രാതിനിധ്യം. ഇത് കണ്ണൂർ ജില്ലയിലെ മാത്രം കാര്യമാണ്. 

 Muhammadali Kinalur Facebook Post

കേരളത്തിലാകെയും പരിശോധിച്ചാൽ പാർട്ടിയിലെ സ്ത്രീ പരിഗണനയൊക്കെ ഏട്ടിലെ പശു ആണെന്ന് മനസിലാകും. ഇന്നോളമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ചരിത്രത്തിൽ  ജില്ലാ സെക്രട്ടറിമാരായി എത്ര വനിതകളുണ്ടായിട്ടുണ്ട്? ഇപ്പോൾ എത്ര വനിതാ ജില്ലാ സെക്രട്ടറിമാരുണ്ട്? സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് അടുപ്പിച്ചിട്ടുണ്ടോ ഒരു വനിതാ നേതാവിനെ ഇന്നോളം? സമ്മേളനത്തിലിരിക്കാനും മതിൽ കെട്ടാനും സ്ത്രീകൾ വേണം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് പോലും അവരെ പരിഗണിക്കില്ല. അന്നേരം പൊതുരംഗത്തുള്ള ഒരു സ്ത്രീയെയും ഓർമ വരില്ല. ഒരു മതപണ്ഡിതൻ വിശ്വാസികളോട് മതപരമായ ഒരു നിയമം പറഞ്ഞാൽ അതിനെ പിന്തിരിപ്പനായും മൂരാച്ചിത്തരമായും ചാപ്പയടിക്കുന്നതിനു മാത്രം ഒരു കുറവുമില്ല!

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 Muhammadali Kinalur criticizes MV Govindan regarding the lack of women representation in CPM party positions, citing the example of Kannur district.

 #CPM #WomenRepresentation #MVGovindan #KeralaPolitics #Kinalur #Feminism

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia