Allegation | ഡിസിസി ട്രഷററുടെ മരണം: എംഎൽഎ കോഴ വാങ്ങിയെന്ന് ആരോപണം; നിർണായക തെളിവുകൾ പുറത്തുവിട്ട് കുടുംബം
● ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പും കത്തും പുറത്ത്
● ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്
● കുറിപ്പിൽ സാമ്പത്തിക ബാധ്യതയുടെ കാരണം വിശദീകരിക്കുന്നു
കൽപറ്റ: (KVARTHA) വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് കുടുംബം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പും കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് എഴുതിയ കത്തുമാണ് പുറത്തുവന്നത്. സുൽത്താൻ ബത്തേരി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ കോഴ വാങ്ങിയെന്ന് പറയുന്ന നിർണായക വിവരങ്ങളാണ് കത്തിലുള്ളത്. ആത്മഹത്യക്ക് പിന്നാലെ ബാങ്കിലെ നിയമന ക്രമക്കേടുകൾ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ അടങ്ങിയ കത്ത് പുറത്തുവരുന്നത്.
നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ എൻ എം വിജയൻ തനിക്കുണ്ടായ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കോടികൾ കൈപ്പറ്റിയെന്നും ഇത് തനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു.
കെ സുധാകരന് അയച്ച കത്തിൽ ഐ സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവരുടെ പേരുകളും പരാമർശിച്ചിട്ടുണ്ട്. നിയമനത്തിന്റെ പേരിൽ പലരിൽ നിന്നും പണം വാങ്ങിയത് ഐ സി ബാലകൃഷ്ണന് വേണ്ടിയാണെന്ന സൂചനയും കത്തിലുണ്ട്. ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ എല്ലാ ബാധ്യതകളും തന്റെ മാത്രം തലയിൽ വന്നുവെന്നും കത്തിൽ പറയുന്നു. ബത്തേരി കാർഷിക ബാങ്കിലും ബത്തേരി അർബൻ സഹകരണ ബാങ്കിലും നിയമന ക്രമക്കേട് നടന്നതായും കത്തിൽ ആരോപണമുണ്ട്.
ബാങ്കിൽ നിയമനം നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം വാങ്ങിയെന്നും എന്നാൽ തൊഴിൽ നൽകാൻ കഴിയാത്തതിനാൽ ആ പണം തിരികെ നൽകേണ്ടി വന്നതാണ് തന്റെ സാമ്പത്തിക ബാധ്യതക്ക് കാരണമെന്നും കത്തിൽ വ്യക്തമാക്കുന്നു. തന്റെ മക്കളെയെങ്കിലും രക്ഷിക്കാൻ കെപിസിസി നേതൃത്വം സഹായിക്കണമെന്ന അപേക്ഷയോടെയാണ് കത്ത് അവസാനിക്കുന്നത്.
പിതാവിൻ്റെ അപേക്ഷ പ്രകാരം കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തെന്നും പാർട്ടി നേതൃത്വത്തിൽ നിന്ന് ഇടപെടൽ ഉണ്ടാകുമോ എന്നറിയാൻ പത്ത് ദിവസം കാത്തിരുന്നെന്നും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു. എന്നാൽ, കത്തിലും കുറിപ്പിലും പറയുന്ന കാര്യങ്ങൾ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ നിഷേധിച്ചു. വെളിപ്പെടുത്തലുകൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഐ സി ബാലകൃഷ്ണനെതിരെ ശക്തമായ പ്രതിഷേധമെന്ന് ഡിവൈഎഫ്ഐ
സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ ശക്തമായ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകൻ്റെയും ജീവൻ പൊലിഞ്ഞതിൻ്റെ പൂർണ ഉത്തരവാദിത്തം ഐ സി ബാലകൃഷ്ണനാണെന്ന് ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെ കൂടുതൽ വ്യക്തമായിരിക്കുന്നു.
നിയമന വാഗ്ദാനം നല്കി കോടികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് പിരിച്ച് വമ്പൻ തട്ടിപ്പാണ് സുൽത്താൻ ബത്തേരി എംഎൽഎ നടത്തിയത്. ഇതിൻ്റെ വിഹിതം വിഡി സതീശനും കെ സുധാകരനും കൈപ്പറ്റിയത് കൊണ്ടാണ് മരണപ്പെട്ട വിജയൻ്റെ പരാതി മുക്കിയത്. നേരത്തേ പരാതി ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു.
ആത്മഹത്യാ കുറിപ്പ് പുറത്ത് വന്ന സ്ഥിതിക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറഞ്ഞേ പറ്റൂ. സുൽത്താൻ ബത്തേരി എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും ഡിവൈഎഫ്ഐ നേതൃത്വം നല്കും. മരണത്തിൻ്റെ ഉത്തരവാദികളെയും അഴിമതിയും പുറത്ത് കൊണ്ടുവാരാൻ ഗൗരവത്തിൽ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
#KeralaPolitics #Congress #BriberyAllegation #Wayanad #ICBalakrishnan