● ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് കേജ്രിവാൾ.
● മന്ത്രിസഭയിൽ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു.
● തീരുമാനം ദില്ലി രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറന്നിരിക്കുന്നു.
കെ ആർ ജോസഫ്
(KVARTHA) അരവിന്ദിന്റെ റബർ സ്റ്റാമ്പിനെ പുറത്തെടുത്തു, സോണിയ മൻമോഹൻ സിംഗ് മോഡൽ, തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പരാജയഭാരം ചുമക്കാന്‍ ഒരാളെ കിട്ടി, അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കേജ്രിവാളിന്റെ ഡമ്മിയാണ് ഇപ്പോൾ മുഖ്യമന്ത്രിയാകാൻ പോകുന്നത്, കെജ്രിവാൾ പറയുന്നതുപോലെ പ്രവർത്തിക്കുന്ന പാവക്കുട്ടി, തുടങ്ങിയ നിലവിളികളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ എങ്ങും മുഴുങ്ങുന്നത്. കാരണം, മറ്റൊന്നല്ല ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കേജരിവാൾ ഒഴിയുമ്പോൾ പകരം ചുറുചുറുക്കും കഴിവും വിദ്യാഭ്യാസവുള്ള ഒരു വനിത മുഖ്യമന്ത്രി പദത്തിൽ എത്തുന്നു എന്നതുകൊണ്ട് തന്നെ. അതിഷി മര്‍ലേന എന്ന യൗവനം തുടിക്കുന്ന 42 കാരി ഇന്ത്യയുടെ തലസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഈ മാസം 26, 27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനുശേഷം അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റു എംഎല്‍എമാര്‍ തീരുമാനം അംഗീകരിച്ചു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാള്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എംഎൽഎമാരുടെ യോഗത്തിൽ അതിഷിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തുവെന്നും കെജ്രിവാള്‍ സത്യസന്ധനാണെന്ന് ദില്ലിയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും ഗോപാല്‍ റായി പറഞ്ഞു. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും ഗോപാല്‍ റായി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി സർക്കാരിനെ നയിക്കും. ബിജെപിയിൽ നിന്ന് ദില്ലിയെ രക്ഷിക്കുകയാണ് ലക്ഷ്യം. വൈകിട്ട് നാല് മണിക്ക് കെജ്രിവാള്‍ രാജി കത്ത് നല്‍കും. രാജി കത്ത് നൽകിയ ശേഷം പുതിയ സർക്കാരിനുള്ള എംഎൽഎ മാരുടെ പിന്തുണ കത്ത് നൽകുമെന്നും ഗോപാല്‍ റായ് പറഞ്ഞു.
11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ദില്ലിയിലെ കല്‍കാജിയിൽ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. 43ാം വയസ്സിൽ ദില്ലി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി മർലേനാ ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ഇതിന് പിന്നാലെയാണ് അരവിന്ദ് കേജ്രിവാളിനെതിരെയും അതിഷി മര്‍ലേനയ്ക്ക് എതിരെയും ആ ആദ്മി പാർട്ടിയ്ക്കെതിരെയും ട്രോളുകൾ നിറയുന്നത്.
അരവിന്ദ് കേജരിവാൾ രാജിവെയ്ക്കുമെന്ന് ഉറപ്പായിരുന്നു. പകരം അദ്ദേഹത്തിൻ്റെ ഭാര്യ സുനന്ദ കേജരിവാൾ മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നവരാണ് ഏറെയും. അങ്ങനെയെങ്കിൽ കാലിത്തീറ്റ കുംഭകോണകേസിൽ അറസ്റ്റിലായ ലാലു പ്രസാദിനെയൊക്കെ ചേർത്ത് കളിയാക്കി ആം ആദ്മി പാർട്ടിയെയും കേജ്രിവാളിനെയുമൊക്കെ താറടിക്കാൻ കാത്തിരുന്നവർക്ക് കരണത്തിനേറ്റ അടിപോലെയായി അതിഷി മര്‍ലേനയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ചുവടുവെയ്പ്. കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലായ ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചപ്പോൾ പകരം ആ സ്ഥാനത്ത് അവരോധിച്ചത് അദ്ദേഹത്തിൻ്റെ ഭാര്യയായിരുന്ന റാബ്റി ദേവിയെ ആയിരുന്നു. അതുപോലെയാകും ഇതും എന്നാണ് ആം ആദ്മി പാർട്ടിയുടെ എതിരാളികൾ കരുതിയത്.
അങ്ങനെ കരുതുന്നവർ ഒന്ന് മനസ്സിലാക്കുക. അരവിന്ദ് കേജ്രിവാൾ എന്ന വ്യക്തി ഐഐടിക്കാരൻ ആണ്, എന്ന സത്യം. ആ൦ആദ്മി പാർട്ടി എന്ന പ്രസ്ഥാനത്തെപ്പറ്റി ഒന്ന് തിരിഞ്ഞു നോക്കാം. ഡൽഹിയിലു൦ പഞ്ചാബിലു൦ ജനങ്ങൾക്ക് ഒരു പാട് കാശ് മിച്ചം വെയ്ക്കാൻ സാധിക്കുന്നു. അത് ആ൦ ആദ്മി പാർട്ടിയുടെ ഭരണമികവാണ്. മുമ്പ് മാഫിയകൾക്കു൦ രാഷ്ട്രീയക്കാർക്കു൦ പോയിരുന്ന കാശാണ് അത്. ഇന്ത്യയിലെ മറ്റു എല്ലാ സംസ്ഥാനങ്ങളിലു൦ ജനങ്ങൾ അധ്വാനിച്ചു ഉണ്ടാക്കുന്നതെല്ലാ൦ പലരുടെയും പോക്കറ്റിലേക്കാണ് പോകുന്നത്. അത് ആ ആദ് മി പാർട്ടി ഭരിക്കുന്ന ഡൽഹിയിലും പഞ്ചാബിലുമൊന്നും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ട് കേന്ദ്രം ഭരിക്കുന്നവർ തൊട്ട് ആം ആദ്മി പാർട്ടിയ്ക്ക് എതിരാകുന്നു. ബിജെപിക്ക് എന്നും കണ്ണിലെ കരടാണ് ആപ്പ്. കോൺഗ്രസിനെ പേടിപ്പിക്കുന്നപോലെ ആപ്പിനെ പേടിപ്പിക്കാമെന്നാണ് കരുതിയത്. അതിന് ഇപ്പോഴും പറ്റുന്നില്ല. അതിൽ വിറളിപിടിച്ചവരാണ് ഇപ്പോൾ അതിഷി മര്‍ലേന മുഖ്യമന്ത്രിയായപ്പോൾ അവരെയും പരിഹസിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ഈ അവസരത്തിൽ അരവിന്ദ് കേജരിവാളിനെയും അതിഷി മര്‍ലേനയും അനുകൂലിച്ചു കൊണ്ട് ഒരു ഉപയോക്താവ് എഴുതിയ പോസ്റ്റ് ശ്രദ്ധേയമാണ്.
കുറിപ്പിൽ പറയുന്നത്: 'ഏതു നെറികെട്ട അധികാരി വർഗം വിചാരിച്ചാലും ഏതൊരു മനുഷ്യനെയും മാരകമായ കുറ്റം ചുമത്തി ജയിലിൽ അടക്കാനുള്ള കുരുട്ടു നിയമങ്ങൾ മൃഗീയഭൂരിപക്ഷം കിട്ടിയ ബലത്തിൽ ഉണ്ടാക്കി വച്ചതുകൊണ്ട് മാത്രം ആം ആദ്മി പാർട്ടി നേതാക്കൾ ജയിലിൽ കിടക്കേണ്ടി വന്നു. അതും നിലവിലുള്ള സകല അധികാര ഏജൻസികളെയും കൊണ്ട് തലങ്ങും വിലങ്ങും കേസുകൾ എടുപ്പിച്ചിട്ടു. 56 ഇഞ്ചിനും പിണിയാളുകൾക്കും ഒരു കുറ്റം പോലും തെളിയിക്കാൻ കഴിഞ്ഞ കുറേ ഏറേ കാലങ്ങളായി കഴിയുന്നില്ല. കോഴിക്ക് മുല വരും എന്ന് പറയുമ്പോലെ തെളിവുകൾ പുറകെ. പുറകെ എന്ന് മാറി മാറി ബഹുമാനപെട്ട കോടതികളെ തെറ്റിദ്ധരിപ്പിച്ചു നിരപരാധികളെ സംശയത്തിന്റെ നിഴലിൽ ജയിലിൽ പാർപ്പിച്ചു. ഒടുവിൽ കോടതിക്ക് പോലും ഈ നാണംകെട്ടവന്മാരുടെ ജൽപനങ്ങളിൽ കഴമ്പില്ല എന്ന് കണ്ടു ജാമ്യം നൽകി.
ഇനി കേസുകൾ, അത് 56 ഇഞ്ചിന്റെ ആയുസ് കാലത്ത് ഒരെണ്ണം പോലും കോടതിയിൽ തെളിയിക്കപ്പെടുകയുമില്ല. അങ്ങനെ കഴിയുമെങ്കിൽ എപ്പോഴേ അവർ അത് തെളിയിച്ചു കാണിച്ചേനെ? പണ്ടൊക്കെ പോലീസ് ചെയ്യുന്ന ഒരു കുരുട്ടു പണിയുണ്ട്. ഏതെങ്കിലും മാന്യ വ്യക്തികളോട് ദേഷ്യം തോന്നിയാൽ ഒരു കേസ് രജിസ്റ്റർ ചെയ്യും. അത് മിക്കവാറും സമൂഹത്തിലെ ഏതെങ്കിലും നാണംകെട്ട പ്രവർത്തി ചെയ്തു എന്നാകും പറയുക. അത് കണ്ടുനിന്ന സാക്ഷികൾ ആയി ആ സാഹചര്യത്തിൽ സ്റ്റേഷനിൽ പിടിച്ച കള്ളനും വാറ്റുകാരാനും പോക്കറ്റ് അടിക്കാരനും ആകും. കേസ് വിചാരണക്കു വരുന്നതുവരെയുള്ള കാലയളവിൽ മാന്യനായ ആ കുറ്റാരോപിതൻ പരമാവധി നാറും.
കുറ്റം ചെയ്‌താൽ പോലും ഇത്രയും അഭിമാന ക്ഷതം ഉണ്ടാകില്ല. അത്ര കണ്ടു നാറ്റിക്കും. ഒടുവിൽ ബഹുമാനപെട്ട നീതിപീഠത്തിനു മുന്നിൽ കേസ് വിചാരണക്കു വരുമ്പോൾ മേൽപറഞ്ഞ കള്ള സാക്ഷികൾ ഒന്നുകിൽ മൊഴിമാറ്റി പറയും അല്ലെങ്കിൽ കണ്ടില്ലെന്നു പറയും. ബഹുമാനപെട്ട കോടതിക്ക് ആദ്യ വിചാരണയിൽ തന്നെ കാര്യങ്ങൾ ബോധ്യപ്പെടുമെങ്കിലും നിയമപരമായ നടപടികൾ കഴിയുമ്പോൾ കുറഞ്ഞ പക്ഷം ആ കുറ്റാരോപിതൻ അനുഭവിക്കേണ്ടത് എല്ലാം അനുഭവിച്ചു കഴിയും. അതാണ് ആം ആദ്മി നേതാക്കളുടെ കാര്യത്തിലും ഇവിടെ സംഭവിക്കുന്നത്. ഇതു തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ആ കേസുകൾ പഠിച്ചാൽ മതി'.
ഇതാണ് ആ പോസ്റ്റ്. ഇതാണ് ആം ആദ്മി പാർട്ടിയ്ക്കും അരവിന്ദ് കേജ്രിവാളിനും പൊതുസമൂഹത്തിലുള്ള സ്വീകാര്യത. വിദ്യാഭ്യാസവു൦ സത്യസന്ധതയു൦ രാജ്യസ്നേഹവുമുള്ള അതിഷിക്ക് അഭിനന്ദനങ്ങൾ. കെജ്രിവാളിന് ഏറ്റവും വിശ്വസ്ത, സ്ത്രീപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതിൽ ആം ആദ്മി പാർട്ടിയുടെ ആത്മാർത്ഥത, കെജ്രിവാൾ ജയിലിൽ ആയപ്പോൾ ആം ആദ്മി പാർട്ടിയെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ ബിജെപിയുടെ ഭീഷണിക്കിടയിലും കഴിഞ്ഞു, മികച്ച വിദ്യാഭ്യാസ യോഗ്യത, എന്നിവ അനുകൂല ഘടകങ്ങൾ. വിവരവും വിദ്യാഭ്യാസവും ലോകപരിചയവും കഴിവും ഉള്ളവർ നാട് ഭരിച്ചാല്‍ ജനങ്ങള്‍ക്ക് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാന്‍ കഴിയും. ഈ സ്ത്രീ ശബ്ദം ഇൻഡ്യ മുഴുവൻ മുഴങ്ങുമോ? ഒരു തീപ്പൊരി മതി ആളിപ്പടരാൻ.
#DelhiChiefMinister, #AtishiMarlena, #ArvindKejriwal, #AAP, #PoliticalChange, #Leadership