Indian Economy | നോട്ട് നിരോധനവും ജിഎസ്ടിയും തിരിച്ചടിയായതെങ്ങനെ? 8 കൊല്ലം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന് വരുത്തിവച്ചത് 11.3 ലക്ഷം കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്
ആദിത്യൻ ആറന്മുള
ന്യൂഡല്‍ഹി: (KVARTHA) കഴിഞ്ഞ എട്ട് കൊല്ലം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ (Modi Govt) രാജ്യത്തിന് വരുത്തിവച്ചത് 11.3 ലക്ഷം കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്. നോട്ട് നിരോധനവും (Demonetisation) ചരക്ക് സേവന നികുതി (GST) നടപ്പാക്കലുമാണ് ഈ നഷ്ടങ്ങളുടെ ഭൂരിഭാഗവും വരുത്തിവെച്ചതെന്നാണ് കണ്ടെത്തൽ. അതിന് പുറമേ കോവിഡ് (Covid) മഹാമാരി കൂടെയായപ്പോള്‍ തിരിച്ചടിയുടെ ആഘാതം ഇരട്ടിയായി. 2016 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ നഷ്ടമുണ്ടായതെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (India Ratings and Research) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
കമ്പനികളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സാമ്പത്തിക ശേഷി വിലയിരുത്തുന്ന സ്ഥാപനമാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്. 2015-16 മുതല്‍ 2022-2023 വരെ വഴിയോര കച്ചവടം ഉള്‍പ്പെടെ 63 ലക്ഷം നികുതിയേതര സംരംഭങ്ങള്‍ (Unorganised Enterprises) അടച്ചുപൂട്ടിയെന്നും ഇതുവഴി 1.6 കോടി തൊഴില്‍ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അസംഘടിത മേഖലയിലെ (Unorganised Sector) തിരിച്ചടി തൊഴിലവസരങ്ങളെ കാര്യമായി ബാധിച്ചെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കേന്ദ്ര സ്ഥിതിവിവര- പദ്ധതി നടപ്പാക്കല്‍ മന്ത്രാലയം നടത്തിയ വാര്‍ഷിക സര്‍വേയെ ആധാരമാക്കിയാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും അസംഘടിത മേഖലയില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടം സംഭവിച്ചതായി നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസും (NSSO) പറയുന്നു. 2021-22, 2022-23 കാലങ്ങളിലെ അസംഘടിത മേഖല സംരംഭങ്ങളെ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരാള്‍ നടത്തുന്നതും ഒന്നിലധികം പേര്‍ നടത്തുന്നതുമായ ചെറുകിട സംരംഭങ്ങളിലും (Small Scale Industries) തൊഴില്‍ നഷ്ടമുണ്ടായി (Job Loss) എന്നാണ് കണ്ടെത്തൽ. ഏഴ് കൊല്ലത്തിനിടെ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയത് പശ്ചിമബംഗാളിലാണ്, 30 ലക്ഷം.
കര്‍ണാടകയില്‍ 13 ലക്ഷം, തമിഴ്‌നാട് 12 ലക്ഷം, ഉത്തര്‍ പ്രദേശ് 7.91 ലക്ഷം, കേരളം 6.40 ലക്ഷം, അസം 4.94 ലക്ഷം, തെലങ്കാന 3.34 ലക്ഷം എന്നിങ്ങിനെയാണ് തൊഴില്‍ നഷ്ടത്തിന്റെ സര്‍ക്കാര്‍ കണക്ക്. രാജ്യതലസ്ഥാനത്ത് മൂന്ന് ലക്ഷവും ചണ്ഡിഗഡില്‍ 51,000, പുതുച്ചേരിയില്‍ 32,000 തൊഴിലുകള്‍ വീതം നഷ്ടമായി. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകാശ്മീരിലെയും (Jammu and Kashmir) ലഡാക്കിലെയും (Ladakh) വിവരങ്ങള്‍ ലഭ്യമല്ല. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഏഴ് വര്‍ഷത്തിനിടെ 24 ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭിച്ചു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ തൊട്ടുപിന്നിലുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതെല്ലാം എന്നത് ശ്രദ്ധേയമാണ്.
അതേസമയം 2016 മുതല്‍ 2023 വരെയുണ്ടായ നഷ്ടം 2022-23 സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) 4.3 ശതമാനമാണെന്നും ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ കാലയളവില്‍ നികുതി പിരിവ് ശക്തമായിരുന്നെന്നും സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്‌തെന്നും റേറ്റിംഗ് ഏജന്‍സിയുടെ പ്രധാന സാമ്പത്തിക വിദഗ്ധനായ സുനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. കാര്‍ഷികേതര മേഖലയിലെ സംരംഭങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്ത് 5.97 കോടിയായിരുന്നത് 2022-23 കാലത്ത് 6.5 കോടിയായി. ഇതേ കാലയളവില്‍ ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 9.79 കോടിയില്‍ നിന്ന് 10.96 കോടിയായി കൂടി. എന്നാല്‍ നോട്ട്‌നിരോധനത്തിന് മുമ്പ് ഈ മേഖലയില്‍ 11.13 കോടി തൊഴിലാളികളാണ് പണിയെടുത്തിരുന്നത്.
നോട്ട്‌നിരോധനം നടപ്പാക്കിയില്ലായിരുന്നെങ്കില്‍ 2022-23 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ എണ്ണം 7.14 കോടിയും തൊഴിലാളികളുടെ എണ്ണം 12.53 കോടിയും ആകുമായിരുന്നുവെന്നാണ് വിശദീകരിക്കുന്നത്. 2010-11ലെയും 2015-16ലെയും സാമ്പത്തിക വളര്‍ച്ചാ രീതി അടിസ്ഥാനമാക്കിയാണ് ഇക്കാര്യം വിലയിരുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷം നികുതിയേതര സംരംഭങ്ങളുടെ നിര്‍മാതാക്കള്‍ വങ്ങിയ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ മൊത്തം മൂല്യം (Gross Value Added - GVA) 1.6 ശതമാനമാണ്. ഇത് 2015-16 കാലത്തേക്കാള്‍ കുറവാണെന്ന് റേറ്റിംഗ് ഏജന്‍സി പറയുന്നു.
ഇക്കാലത്തിനിടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി (പിന്നീട് പിന്‍വലിച്ചെങ്കിലും) രാജ്യത്തെ കര്‍ഷകരിൽ നിന്ന് എതിർപ്പുകൾ ഉയരുകയും, പാര്‍ലമെന്റില്‍ (Parliament) സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതിരിക്കുകയും ചെയ്തതായും വിമർശനമുണ്ട്. നിയമം പാസാക്കിയതിന് പിന്നാലെ പയറുവര്‍ഗങ്ങളുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തു. പിന്നാലെ സര്‍ക്കാര്‍ ഇവ ഏറ്റെടുക്കാനും തയ്യാറായില്ല. അങ്ങനെ പ്രാദേശിക വിപണയില്‍ വളരെ കുറഞ്ഞവിലയ്ക്ക് വില്‍ക്കേണ്ട സാഹചര്യമുണ്ടായി. 2016-17 കാലത്തായിരുന്നു അത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പയര്‍ ഉല്‍പാദനമുള്ള വര്‍ഷമായിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കര്‍ഷകര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
എംഎസ് സ്വാമിനാഥന്‍ (M S Swaminathan) കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കുറഞ്ഞ താങ്ങുവില ലഭ്യമാക്കണം, ഉത്തര്‍പ്രദേശിലേത് (UP) പോലെ വായ്പ എഴുതിതള്ളണം എന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഉറപ്പുകള്‍ നല്‍കിയില്ല. ഇതോടെ വീണ്ടും സമരം നടത്തി. കര്‍ഷകസമരത്തില്‍ തീവ്രശക്തികള്‍ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത് വിവാദമായിരുന്നു. അതോടെ പ്രക്ഷോഭം ശക്തമായി.
കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെ കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി പരുഷോത്തം റുപാല പാര്‍ലമെന്റിന്റെ ഇരുസഭകളെയും അറിയിച്ചു. നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിമർശനം. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനാണ് ഇപ്പോൾ കേന്ദ്ര കൃഷിമന്ത്രി എന്നത് കാലത്തിന്റെ ഒരു വികൃതിയായി കാണാം.