Police FIR | ലോക്‌സഭ സ്പീക്കറുടെ മകളെ കുറിച്ച് ധ്രുവ് റാഠിയുടെ പാരഡി പേജിൽ വ്യാജ പോസ്റ്റിട്ടെന്ന് പരാതി; പൊലീസ് കേസെടുത്തു
ഐടി ആക്റ്റ്, ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
മുംബൈ: (KVARTHA) ലോക്‌സഭ സ്പീക്കർ ( Lok Sabha Speaker) ഓം ബിർളയുടെ (Om Birla) മകൾ അഞ്ജലിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജ സന്ദേശം സോഷ്യൽ മീഡിയ (Social Media) ഇൻഫ്ലുവൻസർ ധ്രുവ് റാഠിയുടെ (Dhruv Rathee) പേരിലുള്ള പാരഡി പേജിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര പൊലീസിന്റെ സൈബർ സെല്ലാണ് ധ്രുവിന്റെ പാരഡി പേജില്‍ പോസ്റ്റ് ചെയ്ത വ്യാജ സന്ദേശത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. ഐടി ആക്റ്റ്, ബിഎൻഎസ് (BNS) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
'പരീക്ഷ എഴുതാതെ തന്നെ യു.പി.എസ്.സി. പരീക്ഷ പാസാകാൻ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണ്. പക്ഷേ, അതിന് നിങ്ങൾ ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ മകളായി ജനിക്കണം. ഓം ബിർളയുടെ മകൾ അഞ്ജലി ബിർള യാതൊരു പരീക്ഷയും എഴുതാതെ യു.പി.എസ്.സി പാസായി. അവർ തൊഴിൽപരമായി ഒരു മോഡലാണ്. മോദി സർക്കാർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹാസമാക്കുകയാണ്', എന്നായിരുന്നു ധ്രുവ് റാഠി (പാരഡി) എന്ന അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്‌തത്.
എന്നാൽ, അഞ്ജലി ബിർള 2019 ഓണ്‍ നടന്ന സിവിൽ സർവീസസ് (മെയിൻ) പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുവായ നമൻ മഹേഷ്വരിയാണ് പൊലീസിൽ പരാതി നൽകിയത്. പരീക്ഷയിൽ ഒന്നാം ശ്രമത്തിൽ തന്നെ വിജയിക്കുകയും മെറിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിട്ടുണ്ടെന്നും ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അവരെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.