Election | കണ്ണൂരില്‍ സുധാകരന് അനുകൂലമായി ആര്‍എസ്എസ് കാല്‍ലക്ഷം വോട്ടുകള്‍ മറിച്ചോ? വെട്ടിലായി ബിജെപി നേതൃത്വം
സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ അഭിപ്രായ വ്യത്യാസമുയര്‍ന്നിരുന്നു
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ കെ സുധാകരന് അനുകൂലമായി ബി.ജെ.പി പാളയത്തില്‍ നിന്നും വോട്ടുചോര്‍ന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന് നേരിയ മുന്‍തൂക്കം ലഭിക്കുന്നത്. ഏതാണ്ട് കാല്‍ലക്ഷം വോട്ടുകള്‍ ബി.ജെ.പി പാളയത്തില്‍ നിന്നും മറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. ആര്‍.എസ്.എസ് കാഡര്‍ വോട്ടുകളാണ് മറിച്ചതെന്നാണ് സൂചന. ബി.ജെ.പി നേതൃത്വത്തിന്റെ അറിവില്ലാതെയാണ് ആര്‍.എസ്.എസ് നേതൃത്വം കെ സുധാകരന് അനുകൂലമായി വോട്ടു ചെയ്തതെന്നാണ് പറയുന്നത്.
സി.പി.എം സ്ഥാനാര്‍ത്ഥി എം.വി ജയരാജന്റെ തോല്‍വി ഉറപ്പിക്കുന്നതിനാണ് ആര്‍.എസ്.എസ് വോട്ടുമറിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കുറെക്കാലമായി ആര്‍.എസ്.എസ് സി.പി.എമ്മിനെ തോല്‍പിക്കുകയെന്ന അടവു നയമാണ് സ്വീകരിക്കുന്നത്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ തന്ത്രം തന്നെയാണ് സ്വീകരിച്ചത്.
ഇതുകൂടാതെ കണ്ണൂരില്‍ ഇക്കുറി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുന്‍ കോണ്‍ഗ്രസ് നേതാവും കെ സുധാകരന്റെ അതീവവിശ്വസ്തനുമായിരുന്ന സി രഘുനാഥാണ്. ആറുമാസം മുന്‍പ് ബി.ജെ.പിയിലേക്ക് കടന്നുവന്ന സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ അഭിപ്രായ വ്യത്യാസമുയര്‍ന്നിരുന്നു.
സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആര്‍.എസ്.എസിനും രസിച്ചിരുന്നില്ല. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ചിത്തിന്റെ പേരാണ് ആര്‍.എസ്.എസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ ജെ.പി നദ്ദ സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് സി രഘുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് ഫണ്ടു ചെലവഴിക്കുന്നതില്‍ സുതാര്യത വേണമെന്ന് കൊടകര കുഴല്‍പണത്തിന്റെ പശ്ചാലത്തലത്തില്‍ ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. ചില ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഫണ്ടു കൈകാര്യം ചെയ്തതും ആര്‍.എസ്.എസായിരുന്നു. ആര്‍.എസ്.എസ് പ്രചാരകരാണ് തെരഞ്ഞെടുപ്പ് ചെലവഴിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ഇതു പല മണ്ഡലങ്ങളിലും ബി.ജെ.പി നേതാക്കളുമായി തര്‍ക്കത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം സി കെ പത്മനാഭനാണ് എന്‍.ഡി. എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. കഴിഞ്ഞ തവണ 65,000 വോട്ടായിരുന്നു സി.കെ.പിയുടെ സമ്പാദ്യം. ഇക്കുറി കണ്ണൂരിലെ വോട്ടിങ് ഷെയര്‍ ഒരുലക്ഷമാക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍.എസ്.എസ് വോട്ടുമറിച്ചെന്ന വിവരം പുറത്തുവരുന്ന സാഹചര്യത്തില്‍ എഴുപതിനായിരം കടക്കില്ലെന്നു വിശ്വസിക്കുന്നവരുണ്ട്.