Vizhinjam Port | വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായപ്പോൾ ഇവരെ മറന്നുവോ? ആർക്കും ആകുലതയില്ല!
ആ നഷ്ടപ്പെട്ട മനുഷ്യരെ തിരിച്ച് പിടിക്കണമെന്നോ, അവരുടെ ജീവിതം അന്തസായി നിലനിർത്തണമെന്നോ, നമ്മൾ ചിന്തിക്കുന്നില്ല
കെ ആർ ജോസഫ്
(KVARTHA) വിഴിഞ്ഞം തുറമുഖം (Vizhinjam Port) യാഥാർത്ഥ്യമായിരിക്കുകയാണ്. ഈ അവസരത്തിൽ ഇവിടുത്തെ യു.ഡി.എഫ് (UDF) - എൽ.ഡി.എഫ് (LDF) മുന്നണികൾ അതിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന കളികൾക്കാണ് ഇപ്പോൾ പൊതുജനം സാക്ഷിയാകുന്നത്. സ്വപ്നം കാണാൻ ആർക്കും അവകാശം ഉണ്ട്. നടപ്പാക്കാൻ പിണറായി സർക്കാർ (Pinarayi Govt) തന്നെ വേണം, വിഴിഞ്ഞത്ത് പോയി സമരവും അക്രമവും നടത്തി പദ്ധതി പൊളിക്കാൻ ശ്രമിച്ചിട്ട് ഒരു വർഷം പോലുമായില്ല, പിതൃത്വം ആർക്കും ഏറ്റെടുക്കാം, ഇനി വികസനങ്ങൾ വന്നോണ്ടിരിക്കും, ഇതിനിടയിലും പള്ളീലച്ചന്മാരെ കൂട്ടുപിടിച്ച് സതീശനും (VD Satheesan) രണ്ടാംവിമോചന സമരം പ്ലാൻ ചെയ്ത് സുധാകരനും (K Sudhakaran) പാര വെക്കാൻ നോക്കി, പിന്തിരിപ്പൻ നയമാണ് ആ രണ്ട് നേതാക്കൾക്കും ഉണ്ടായിരുന്നത്, എന്നൊക്കെയുള്ള വാദഗതികൾ എൽ.ഡി.എഫ് നിരത്തുന്നു.
അതേസമയം ഉമ്മൻ ചാണ്ടി (Oommen Chandy) സർക്കാരാണ് ഇതിന് വേണ്ടി കഠിന പ്രയത്നങ്ങൾ നടത്തിയതെന്നും പറഞ്ഞ് യു.ഡി.എഫും അതിലെ നേതാക്കളും രംഗത്ത് വരുന്നുമുണ്ട്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്, കുഞ്ഞ് പിറന്ന ശേഷം പ്രസവ ശുശ്രൂഷ നടത്തുന്ന ആളുകളുടെ റോൾ മാത്രമേ ഇന്നത്തെ സർക്കാറിനൊള്ളു എന്നൊക്കെ യു.ഡി.എഫും വാദിക്കുന്നു. എന്തായാലും ഒരു കാര്യം സത്യമാണ് കെ കരുണാകരൻ, എം വി രാഘവൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ തുടങ്ങിയ നേതാക്കളുടെ ശ്രമം തന്നെയാണ് വിഴിഞ്ഞത്തിന്റെ വിജയം. ഉമ്മൻചാണ്ടിയും അദാനിയും തമ്മിലുള്ള കരാറിൽ സർക്കാരിന് ചില നഷ്ടങ്ങളുണ്ടെങ്കിലും പദ്ധതി വിജയിച്ചു എന്ന് വേണമെങ്കിൽ പറയാം.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റിനായി രാഷ്ട്രീയ പാർട്ടികൾ പോരാടുന്നത് കാണുമ്പോഴാണ് ഇപ്പോൾ ലജ്ജ തോന്നുന്നത്. നിങ്ങളുടെ പാർട്ടിയേക്കാൾ പ്രധാനമാണ് സംസ്ഥാനം എന്ന് ഇവിടുത്തെ നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്. കേരളത്തിൽ കൂടുതൽ നിക്ഷേപം വരണം, അങ്ങനെ നമുക്ക് വികസിക്കാനാകും. ഈ അവസരത്തിൽ ഒരു കാര്യം ചോദിച്ചോട്ടെ, വിഴിഞ്ഞം തുറമുഖത്തിൻ്റെ പേരിൽ സമരം നടത്തിയ ഒരു വലിയ വിഭാഗം ജനസമൂഹം വിഴിഞ്ഞത്തും ചുറ്റുവട്ടത്തുമുണ്ടായിരുന്നു, അവിടുത്തെ മത്സ്യത്തൊഴിലാളികൾ. അന്ന് അവരുടെ സമരത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരം കത്തോലിക്കാ രൂപതയിലെ വൈദീകർ ആയിരുന്നു.
അന്ന് അവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി മുതലക്കണ്ണീർ പൊഴിച്ച ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ അവരുടെ അവസ്ഥയെന്തെന്നോ ഇപ്പോൾ ഇതുസംബന്ധിച്ച് അവരുടെ നിലപാട് എന്തെന്നോ ചിന്തിച്ചിട്ടുണ്ടോ. വിഴിഞ്ഞത്തിൻ്റെ പൈതൃകം നേടാൻ എല്ലാവരും പിടിവലി നടത്തുമ്പോൾ ആ മത്സ്യത്തൊഴിലാളികളെ പലരും മറക്കുന്നു, അതാണ് യാഥാർത്ഥ്യം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇരുവശവും നിന്ന് ഇതിനുവേണ്ടി പിടിവലി മുറുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
റദ്ദ് ചെയ്യപ്പെടുന്നവർ. നിങ്ങൾ രാജ്യത്ത് റദ്ദ് ചെയ്യപ്പെടില്ലെന്ന് കരുതുന്നുണ്ടോ? അത് സംഭവിച്ചേക്കാം.. ഒരാൾ പോലും അറിയാതെ, ആരും നിങ്ങൾക്ക് വേണ്ടി ശബ്ദിക്കാനില്ലാതെ നിങ്ങൾ റദ്ദ് ചെയ്യപ്പെടും. എങ്ങനെയെന്ന് ചോദിച്ചാൽ നമ്മൾ നൽകിയ ഡാറ്റയാണ് അതിന്റെ കാരണം. നിർമ്മിത ബുദ്ധി നമ്മുടെ ഡാറ്റകൾ പരിശോധിക്കുകയും നമ്മളെന്തെന്ന് നമ്മളെക്കാൾ മനസ്സിലാക്കുകയും ചെയ്യും. ഈ കാലഘട്ടത്തിൽ ഏറ്റവും വിലപിടിപ്പുള്ള സമ്പത്ത് ഡാറ്റയാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് നിർമ്മിതബുദ്ധി ഈസിയായി മനസ്സിലാക്കും. അത് തിരിച്ചറിയുന്നതുകൊണ്ടാണ് നിങ്ങൾ ആഗ്രഹിക്കുന്ന പരസ്യങ്ങൾ ഇപ്പോൾ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിരുചി, നിങ്ങളുടെ രാഷ്ട്രീയം, നിങ്ങളുടെ ഭക്ഷണം ഇതെല്ലാം നിർമ്മിത ബുദ്ധി നിയന്ത്രിക്കുന്ന കാലമാണ് ഇപ്പോഴുള്ളത്. നമുക്ക് നമ്മളെ നഷ്ടമായിക്കഴിഞ്ഞു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ച് സഞ്ചരിച്ച് നമ്മുടെ തലച്ചോറിന്റെ സ്ഥലം തിരിച്ചറിഞ്ഞ് യാത്ര ചെയ്യാനുള്ള കഴിവ് നഷ്ടമാകും. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലെ പല കഴിവുകളും നമ്മളിൽ നിന്നും അപ്രത്യക്ഷമാകും. പരിണാമദശയിൽ പലപ്പോഴായി നിലനില്പിനായി നേടിയെടുത്ത കഴിവുകൾ മനുഷ്യർക്ക് നഷ്ടമാവുകയും അതൊക്കെ യന്ത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്യും.
മുന്നെ പറഞ്ഞതിലേയ്ക്ക് വരാം, റദ്ദ് ചെയ്യപ്പെടൽ. നമ്മൾ നൽകുന്ന ഡാറ്റകളിലൂടെ നമ്മളെ തിരിച്ചറിയുന്നു.. നിങ്ങൾ ഒരു ബാങ്കിൽ ലോണിന് അപേക്ഷിക്കുന്നു. നിർമ്മിത ബുദ്ധി നിങ്ങളുടെ ഡാറ്റകൾ പരിശോധിക്കുന്നു. നിങ്ങൾ പണം വാങ്ങിയാൽ തിരിച്ചടവിന് സാധ്യതയുണ്ടോ എന്ന് അതാണ് തീരുമാനിക്കുക. നിങ്ങളുടെ സ്വഭാവം, ആരോഗ്യം, സമ്പത്ത് എല്ലാം അൽഗോരിതം കണ്ടെത്തും. അതിനുശേഷം നിർമ്മിത ബുദ്ധി തീരുമാനിക്കും നിങ്ങൾക്ക് ലോൺ നൽകണമോ വേണ്ടയോ എന്ന്. ബാങ്കിൽ ചെന്ന് മനുഷ്യരോട് ചോദിച്ചാൽ അവർ പറയുക, ഞങ്ങൾക്ക് അറിയില്ല, യന്ത്രം പറഞ്ഞു ഞങ്ങൾ അനുസരിച്ചു. മാനവികത മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞു. ഓരോ വ്യക്തിയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിലയിരുത്തപ്പെടും. മറ്റാരും സഹായിക്കാൻ ഉണ്ടാവില്ല.
നിങ്ങൾ നിലനിൽക്കണമോ വേണ്ടയോ എന്ന് ഭരണകൂടങ്ങൾ തീരുമാനിക്കും. ഒരു നിയമം സ്ത്രീകൾക്ക് എതിരെ വന്നാൽ എല്ലാ സ്ത്രീകൾക്കും സംഘടിക്കാൻ കഴിയും. ദളിതുകൾക്കെതിരെ നിയമം വന്നാൽ സംഘടിക്കാൻ കഴിയും. എന്നാൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരുന്ന ആക്രമണത്തിൽ എന്ത് ചെയ്യും..? മറ്റാർക്കും ആ അവസ്ഥ വരാത്തതുകൊണ്ട് നമ്മൾ ഒറ്റപ്പെട്ട് പോകും. മനുഷ്യരെ പറ്റിയ്ക്കുന്നതുപോലെ യന്ത്രങ്ങളെ പറ്റിയ്ക്കാൻ സാധിക്കില്ല. അവ ഡാറ്റകൾ ശാസ്ത്രീയമായി വിലയിരുത്തുമ്പോൾ നിങ്ങളെന്തെന്ന് നിങ്ങളെക്കാൾ തിരിച്ചറിയും. സ്വർഗ്ഗത്തിലെ ദൈവത്തിന്റെ വിധിപ്രസ്താവത്തെക്കാൾ സൂക്ഷ്മമായിരിക്കും നിർമ്മിതബുദ്ധിയുടെ കണ്ടെത്തലുകൾ... ! അതിന്റെ ശിക്ഷവിധിയ്ക്കലും.
ഇപ്പോൾ തന്നെ നമുക്ക് മറ്റ് മനുഷ്യരുടെ പ്രശ്നങ്ങളൊന്നും മനസ്സിലാവില്ല. ഉദാഹരണത്തിന് വിഴിഞ്ഞം പോർട്ട് വന്നപ്പോൾ അവിടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം വന്നിട്ടുണ്ട്. അവർക്ക് ഭൂമി നഷ്ടമായിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ചൊന്നും നമുക്ക് ആകുലതയില്ല. നമ്മൾ മറ്റ് ചില കണക്ക് കൂട്ടലുകളിലാണ്. ആ നഷ്ടപ്പെട്ട മനുഷ്യരെ തിരിച്ച് പിടിയ്ക്കണമെന്നോ അവരുടെ ജീവിതം അന്തസ്സായി നിലനിർത്തണമെന്നോ നമ്മൾ ചിന്തിക്കുന്നില്ല. നമ്മളും നാളെ ഇതുപോലെ ഓരോ തുരുത്തുകളിൽ പെട്ട് പോകും. അപ്പോൾ അതിന് അപ്പുറത്ത് നിൽക്കുന്നവർ. ഇതുപോലെയുള്ള ലാഭക്കണക്കുകളിൽ അഭിരമിക്കുന്നുണ്ടാകും...! ഏത് നേതാവാണ് കല്ലിട്ടതെന്ന് തർക്കിക്കുന്നുണ്ടാവും.
പൈതൃകം ഇവർക്ക് അവകാശപ്പെട്ടത് തന്നെയാണ്
ശരിക്കും ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ സത്യമല്ലേ. ഓരോ പദ്ധതികളും ഇവിടെ യാഥാർത്ഥ്യമാകുമ്പോൾ, അതിന് വേണ്ടി വിട്ടുവീഴ്ച ചെയ്ത ഒരുപറ്റം മനുഷ്യർ ഇവിടെയുണ്ടാകാം. അവരെയൊക്കെ മറന്ന് പദ്ധതികളുടെ പിതൃത്വത്തിന് വേണ്ടി വഴക്കിടുന്ന രാഷ്ട്രീയ പാർട്ടികളും അതിലെ നേതാക്കളും തന്നെയാണ് ഇവിടുത്തെ ശാപം. ഇതുപോലെയുള്ള പദ്ധതികൾ നടക്കുന്നതും വിജയിക്കുന്നതും അതാത് പ്രദേശങ്ങളിലെ മനുഷ്യരുടെ കരുണകൊണ്ടാണെന്ന് ആരും തിരിച്ചറിയുന്നില്ല. ശരിക്കും, പൈതൃകം ഇവർക്ക് അവകാശപ്പെട്ടതു തന്നെയാണ്.