Criticism | പാർട്ടി സഹയാത്രികനായ സംവിധായകനും പീഡന ആരോപണ കുരുക്കിൽ: മലക്കംമറിഞ്ഞോ സർക്കാർ? ഇരട്ടത്താപ്പെന്ന് വിമർശനം

 
A photograph of the director who has been accused of sexual harassment.
A photograph of the director who has been accused of sexual harassment.

Representational Image Generated by Meta AI

സംവിധായകൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം
സോഷ്യൽ മീഡിയയിൽ വിവാദം രൂക്ഷമാണ്.

ഏദൻ ജോൺ 

കണ്ണൂർ: (KVARTHA) ഇടതുസഹയാത്രികനായ രഞ്ജിത്ത് മീടൂ ആരോപണത്തിൽ കുടുങ്ങിയത് സംസ്ഥാന സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കുന്നു. സി.പി.എം അനുകുലിയായ സംവിധായകൻ മാത്രമല്ല, ഭരണഘടനാ പദവിയിൽ ഇരിക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമാണ് രഞ്ജിത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ പരിഗണിച്ചവരിൽ ഒരാൾ രഞ്ജിത്താണ്. 
 

Criticism

സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇതിഹാസ സംവിധായകരിൽ ഒരാളായി വിശേഷിപ്പിച്ച രഞ്ജിത്ത് ബംഗാളി അഭിനേത്രിക്കെതിരെ മീടൂ ആരോപണത്തിൽ കുടുങ്ങിയത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്ന സർക്കാർ നിലപാട് വിവിധ കോണുകളിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഹേമാ കമ്മിഷൻ റിപ്പോർട്ടിൽ മന്ത്രിസഭയിലെ അംഗമായ ഗണേഷ് കുമാറും പാർട്ടി എം എൽ എയായ മുകേഷ് കുമാറും കുടുങ്ങിയെന്ന ആരോപണങ്ങൾക്ക്  പിന്നാലെയാണ് മറ്റൊരു സഹയാത്രികനുമെതിരെ ആരോപണമുയരുന്നത്. 

സ്ത്രീപക്ഷ സർക്കാരെന്ന് ഉദ്ഘോഷിക്കുന്ന ഇടതു സർക്കാരിൻ്റെ ശോഭ കെടുത്തുന്ന രീതിയിലാണ് വിവാദങ്ങളുടെ പോക്ക്. രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം ബം​ഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തുവന്നത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻ്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത്. ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. 

പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദിവസങ്ങൾ നീണ്ട മൗനം വെടിഞ്ഞ് എഎംഎംഎയും രം​ഗത്തെത്തിയിരുന്നു. റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല. സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിട്ടുണ്ട്. 

എന്നാൽ ഹേമാകമ്മിറ്റിക്ക് പുറത്ത് ലൈംഗിക ചൂഷണത്തിനിരയായ അഭിനേത്രികൾ പരാതിയുമായി എത്തിയാൽ കേസെടുക്കാൻ തടസമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഈ മാനദണ്ഡം വെച്ചുപാർട്ടി സഹയാത്രികനായ രഞ്ജിത്തിനെതിരെ കേസെടുക്കാൻ വിമുഖത കാണിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നിട്ടുണ്ട്.

#MeToo #MalayalamCinema #KeralaPolitics #JusticeForSurvivors #BreakTheSilence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia