Allegation | ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ രക്തക്കറ: നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍ 

 
Discrepancies in Naveen Babu's Post-Mortem Report Raise Suspicions, Alleges Sudhakaran
Discrepancies in Naveen Babu's Post-Mortem Report Raise Suspicions, Alleges Sudhakaran

Photo Credit: Arranged and Faceboo/K Sudhakaran

● രക്തക്കറയുടെ ഉറവിടമായ പാടുകള്‍ കണ്ടെത്തിയില്ല.
● പോസ്റ്റുമോര്‍ട്ടം നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു.
● കുടുംബത്തിന്റെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയത് ബാഹ്യമായ ഇടപെടല്‍.

കണ്ണൂര്‍: (KVARTHA) ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലേയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെയും പൊരുത്തക്കേടുകള്‍ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹതിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായിട്ടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.  

എന്നാല്‍ മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. പൊലീസിന്റെ എഫ്.ഐ.ആറിലും രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല. ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയ രക്തക്കറയുടെ ഉറവിടമായ പാടുകള്‍ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്താന്‍ എന്തുകൊണ്ട് പോസ്റ്റുമോര്‍ട്ടത്തില്‍ സാധിച്ചില്ലെന്നത് നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

നവീന്‍ ബാബുവിന്റെ ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ അനുമതിയില്ലാതെയാണ് പൊലീസ് ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് അന്ന് പ്രതിഷേധം ഉയര്‍ത്തിയതാണ്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടി മാറ്റണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടതായും നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയുടെ ഭര്‍ത്താവും പരാതിക്കാരനായ പ്രശാന്തനും ജോലി നോക്കിയിരുന്നത് പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു. കുടുംബത്തിന്റെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുകയും അവരുടെ എതിര്‍പ്പ് മറികടന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയതും ഏതെങ്കിലും ബാഹ്യമായ ഇടപെടല്‍ കൊണ്ടാണോയെന്ന് പരിശോധിക്കേണ്ടതാണെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

കുറ്റാരോപിതയെ സംരക്ഷിച്ച പിണറായി വിജയന്റെ പൊലീസ് സംവിധാനത്തില്‍ അന്വേഷിച്ചാല്‍ നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയില്ല. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരണമെങ്കില്‍ സര്‍ക്കാര്‍ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കണം. പരാതിക്കാരനായ പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നും കലക്ടറുടെ മൊഴിമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

#NaveenBabu #KeralaPolitics #PostMortem #InquestReport #KSudhakaran #JusticeForNaveen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia