Criticism | മുൻകൂർ ജാമ്യം തള്ളിയാൽ അറസ്റ്റ്? ദിവ്യയ്ക്ക് ഇനി ഒളിവിലെ ഓർമകൾ

 
 PP Divya
 PP Divya

Photo Credit: Facebook/ P P Divya

● പി.പി. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
● കണ്ണൂർ കലക്ടർ ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ആരോപണം.
● ദിവ്യയുടെ മുൻകൂർ ജാമ്യഹരജി കോടതിയിൽ പരിഗണനയിൽ.

ഭാമനാവത്ത് 

കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിവ്യയുടെ അഭിഭാഷകന്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ നിയമപോരാട്ടത്തിന് തുടക്കമായി. മരിച്ചത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായതിനാൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ എളുപ്പം ജാമ്യം ലഭിക്കില്ലെന്ന ആശങ്ക ദിവ്യയ്ക്കും സിപി.എമ്മിനുമുണ്ട്. അറസ്റ്റ് ഭയന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ദിവ്യ ഒളിവില്‍ പോയതായാണ് വിവരം. 

തലശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദിനാണ് അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേന പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യഹരജി വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ നല്‍കിയത്. ഹരജിയില്‍ ശനിയാഴ്ച വാദം കേള്‍ക്കും. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ ക്ഷണപ്രകാരമാണ് താൻ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നും വിമർശനങ്ങൾ സദുദ്ദേശ്യപരമായിരുന്നുവെന്നും ജാമ്യ ഹരജിയിൽ ദിവ്യ പറയുന്നു. 

കഴിഞ്ഞ 14ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്ന സാമൂഹ്യ പക്ഷാചരണ പരിപാടിയില്‍ താന്‍ ഉദ്ഘാടകയായിരുന്നു. ജില്ലാകലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയായിരുന്നു. ഇതിനിടയിലായിരുന്നു എം.ഡി.എം നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞത്. നിങ്ങള്‍ വരില്ലെയെന്ന് തന്നോട് ജില്ലാകലക്ടര്‍ ചോദിച്ചു. വൈകിട്ട് മൂന്നിനായിരുന്നു യാത്രയയപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാൽ വൈകുന്നേരമാണ് ചടങ്ങിനെ കുറിച്ച് ആലോചിച്ചത്. ഉടൻ കലക്ടറെ വിളിച്ചു ചോദിച്ചു. ചടങ്ങ് തുടങ്ങിയെന്നായിരുന്നു മറുപടി. 

വൈകാതെ ചടങ്ങിൽ പങ്കെടുക്കാന്‍ പുറപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ ശ്രുതിയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. ഫയലുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാകരുതെന്ന നിലപാടിലാണ് ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ചടങ്ങില്‍ സംസാരിച്ചത്. ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നുവെന്ന് എ.ഡി.എമ്മിനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് പെട്രോള്‍പമ്പിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ട് പി.വി പ്രശാന്തനും തന്നെ സമീപിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രശാന്തന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു മറുപടി. 

ഇതിനിടയില്‍ വഴിയില്‍ വച്ച് കണ്ടപ്പോള്‍ താന്‍ തന്നെ ശരിയാക്കിയെന്ന് പ്രശാന്തൻ പറഞ്ഞു. എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തു എന്നാണ് പ്രശാന്തൻ തന്നോട് വെളിപ്പെടുത്തിയത്. ജനപ്രതിനിധിയെന്ന നിലയിലാണ് യാത്രയയപ്പ് ചടങ്ങില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന രീതിയില്‍ സംസാരിച്ചത്. പ്രശാന്തനു പുറമേ ഗംഗാധരന്‍ എന്നയാള്‍ കൂടി എ.ഡി.എമ്മിനെതിരേ പരാതി ഉന്നയിച്ചിരുന്നെന്നും ദിവ്യ ജാമ്യഹരജിയില്‍ പറയുന്നു. 

അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തുമായി ഭരണസാരഥ്യത്തിൽ വരുന്നത്. അഴിമതിരഹിത ജില്ലാ പഞ്ചായത്തായി മാറ്റണമെന്നാണ് തന്റെ ലക്ഷ്യം. ടി.ബി ബാധിച്ച വൃദ്ധപിതാവും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യഹരജി അനുവദിക്കണമെന്നും പി.പി ദിവ്യ നല്‍കിയ ഹരജിയില്‍ പറയുന്നു. ദിവ്യയ്ക്കെതിരേ കേസെടുത്ത് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലിസ് ചോദ്യംചെയ്യൽ വൈകിപ്പിക്കുന്നതായി റവന്യൂവകുപ്പ് ജീവനക്കാരും പ്രതിപക്ഷവും ആരോപിക്കുന്നു.

എ.ഡി.എം കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണമുനകള്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയനിലേക്കുമെത്തിയതോടെ ഭരണതലത്തിൽ വിവാദങ്ങൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്. കലക്ടര്‍ ക്ഷണിച്ചതിനാലാണ് താന്‍ യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്തതെന്ന പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയിലെ വാദത്തില്‍ വാസ്തവമുണ്ടെന്ന് യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്ത കലക്ടറേറ്റിലെ ചില ജീവനക്കാരും സമ്മതിക്കുന്നുണ്ട് എ.ഡി.എമ്മിനെ വേദിയിലിരുത്തി പി.പി ദിവ്യ അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടരുമ്പോള്‍ നോട്ടം കൊണ്ടുപോലും തടയാന്‍ കലക്ടര്‍ ശ്രമിച്ചില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. 

കലക്ടറുടെ സമയം കൂടി പരിഗണിച്ചാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കലക്ടറേറ്റിലെ റവന്യൂജീവനക്കാര്‍ നവീന്‍ബാബുവിനു യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചത്. എന്നാല്‍ പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകിയാണ് കലക്ടര്‍ എത്തിയത്. പി.പി ദിവ്യയെക്കൂടി പങ്കെടുപ്പിക്കുന്നതിനുവേണ്ടി കലക്ടര്‍ ബോധപൂര്‍വം സമയം വൈകിപ്പിക്കുകയായിരുന്നെന്ന സംശയം ജീവനക്കാരിലുണ്ട്. താന്‍ വിരമിക്കുകയല്ലെന്നും ജന്മനാട്ടിലേക്കു പോകുന്നതിനാല്‍ യാത്രയയപ്പ് വേണ്ടെന്നും നവീന്‍ബാബു പലതവണ അറിയിച്ചിരുന്നു. സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യാത്രയയപ്പ് ചടങ്ങിന് നവീന്‍ബാബു തയ്യാറായത്. 

കലക്ടര്‍ ആയിരുന്നു ചടങ്ങില്‍ അധ്യക്ഷന്‍. ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം യാത്രയയപ്പ് ചടങ്ങിനെത്തിയിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് കലക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ പി.പി ദിവ്യ പലതവണ ബന്ധപ്പെട്ടതായും വിവരമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ നടന്ന ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി യോഗത്തിനിടെയാണ് യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കാന്‍ കലക്ടര്‍ തന്നെ ക്ഷണിച്ചതെന്നാണ് ജാമ്യ ഹരജിയില്‍ ദിവ്യ പറയുന്നത്. എന്നാല്‍ ദിവ്യയെ വാക്കാല്‍ പോലും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് കലക്ടറേറ്റിലെ റവന്യൂ സ്റ്റാഫ് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. 

ദിവ്യ വരുന്നതിനുമുമ്പ് പ്രാദേശിക ചാനൽ കാമറാമാനെ ഒരുക്കിനിർത്തിയിരുന്നു. യാത്രയയപ്പു ചടങ്ങിൽ തനിക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നു പറഞ്ഞ് ദിവ്യ കാമറാമാനോട് പറഞ്ഞിരുന്നു. റവന്യൂ ജീവനക്കാർ മാത്രമുള്ള ചടങ്ങിൽ ചാനൽപ്രവർത്തകനെത്തിയിട്ടും അത് വിലക്കാനും കലക്ടർ തയാറായില്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വച്ച് ദിവ്യയില്‍നിന്നുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ കേട്ടതോടെ നവീന്‍ബാബു പകച്ചുപോവുകയായിരുന്നു മൂന്നുവാക്കില്‍ മറുപടി പ്രസംഗം ഒതുക്കി പിന്നാലെ അദ്ദേഹം യോഗത്തില്‍നിന്ന് ഇറങ്ങുകയും ചെയ്തു. ക്രൂരവാക്കിനാല്‍ മുറിവേറ്റ സഹപ്രവര്‍ത്തകനെ സമാശ്വസിപ്പിക്കാനോ ചേര്‍ത്തുനിര്‍ത്താനോ കലക്ടര്‍ തുനിഞ്ഞില്ലെന്നതിലും ജീവനക്കാര്‍ക്ക് അമര്‍ഷമുണ്ട്. 

അരുണ്‍ കെ.വിജയന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ നവീന്‍ബാബു ആത്മഹത്യാ വഴിയിലേക്കു പോകില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. കലക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനനും നേരത്തെ രംഗത്തെത്തിയിരുന്നു. അരുണ്‍ കെ.വിജയനാണ് ദിവ്യയെ യാത്രയയപ്പ് ചടങ്ങില്‍ വിളിച്ചുവരുത്തിയതെന്നും ദിവ്യയുടെ സൗകര്യപ്രകാരമാണ് ചടങ്ങിന്റെ സമയം മാറ്റിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

എ.ഡി.എമ്മിന്റെ മരണം നടന്ന ദിവസം എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ കലക്ടറേറ്റ് ജീവനക്കാര്‍ അരുണ്‍ കെ.വിജയനെ തടഞ്ഞുവച്ചിരുന്നു. നവീന്‍ ബാബുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അരുണ്‍ കെ.വിജയന്‍ താല്‍പര്യമറിയിച്ചെങ്കിലും കുടുംബം വിയോജിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബത്തിന് പത്തനംതിട്ട സബ് കലക്ടര്‍ വഴി അരുണ്‍ കെ. വിജയന്‍ കത്ത് കൈമാറിയത്. കലക്ടര്‍ക്കെതിരേ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

#KeralaPolitics #NaveenBabu #PPDivya #KannurCollector #JusticeForNaveen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia