Arrest | പി വി അന്‍വറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡി എം കെ ഉന്നത നേതാവ് ഇ എ സുകു അറസ്റ്റില്‍
● നിലമ്പൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്
● അൻവർ അടക്കം 11 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
● കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം ചുമത്തിയിട്ടുണ്ട്.
നിലമ്പൂർ: (KVARTHA) നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ കൂടുതൽ നടപടികളുമായി പൊലീസ്. പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഡിഎംകെ നേതാവ് ഇ എ സുകുവിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. അൻവറിന് ശേഷം ഡിഎംകെയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായാണ് സുകു അറിയപ്പെടുന്നത്. വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്.
തിങ്കളാഴ്ച വൈകീട്ടാണ് ഇതേ കേസിൽ പി വി അൻവറിന് കോടതി ജാമ്യം അനുവദിച്ചത്. അൻപതിനായിരം രൂപയുടെ രണ്ട് ആൾജാമ്യവും, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്ന ഉപാധിയോടെയുമാണ് അൻവറിന് ജാമ്യം ലഭിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെക്കാനും, ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ മറ്റ് ഉപാധികളും അൻവറിൻ്റെ ജാമ്യത്തിലുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അൻവർ അടക്കം 11 പേർക്കെതിരെ പൊലീസ് കേസെടുത്തത്.
#KeralaNews #PVAnvar #DMKLeaderArrest #NilamburCase #PoliticalUpdates #ForestCase