Opposition | ഇൻഡ്യ മുന്നണിയെ നയിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ലേ, മമതയുടെ പ്രതികരണം പ്രതിപക്ഷത്തിന് ഗുണമോ തിരിച്ചടിയോ?
● പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടെന്ന കാര്യം പരസ്യമാവുകയും ചെയ്തു.
● 'ഞാന്‍ ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചു, മുന്നണിയെ നയിക്കുന്നവരാണ് അതിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത്.
● ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ അവര്‍ ഇടതുപക്ഷത്തെ പൂര്‍ണമായും അവഗണിച്ചു.
ക്രിസ്റ്റഫർ പെരേര
(KVARTHA) കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് ഹിന്ദുത്വ അജണ്ടയ്ക്കും രാജ്യത്തെ ഭൂരിഭാഗം ജനം നേരിടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്കുമെതിരെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിലും പോരാട്ടം നടത്തുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും അതുകൊണ്ട് ഇന്ത്യാ സഖ്യത്തെ നയിക്കാന്‍ താന്‍ തയ്യാറാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചത് രാഹുല്‍ഗാന്ധിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയായി. മാത്രമല്ല പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടെന്ന കാര്യം പരസ്യമാവുകയും ചെയ്തു. പ്രതിപക്ഷത്ത് തമ്മിലടിയാണെന്നും ആര്‍എസ്എസ്-ബിജെപി ആധിപത്യത്തിനെതിരെ ഒരുമിച്ച് നില്‍ക്കുക എന്ന കാര്യം ഇന്ത്യാ മുന്നണിയുടെ മുന്‍ഗണനാ പട്ടികയിലില്ലെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിച്ചു.
'ഞാന്‍ ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചു, മുന്നണിയെ നയിക്കുന്നവരാണ് അതിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത്. അവര്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ എനിക്കെന്തുചെയ്യാന്‍ കഴിയും? എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം.' കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇന്ത്യാ ബ്ലോക്കിന്റെ ചുമതല ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, 'അവസരം ലഭിക്കുകയാണെങ്കില്‍, മുന്നണിയുടെ സുഗമമായ പ്രവര്‍ത്തനം ഞാന്‍ ഉറപ്പാക്കും.' എന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഭാഗത്തെ വീഴ്ചയാണ് മമതയെ കൊണ്ട് ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്നതിലേക്ക് നയിച്ചതെന്ന് മുന്നണിയിലെ മറ്റുള്ളവര്‍ക്കറിയാം. അവര്‍ പരസ്യമായി വിഴുപ്പലക്കുന്നില്ലെന്ന് മാത്രം.
എന്നാല്‍ മമതയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. നിരവധി സഖ്യകക്ഷികള്‍ ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മ എല്ലാവരും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. മമതയുടെ തീരുമാനത്തെ ആദ്യം അഭിനന്ദിച്ചത് സമാജ് വാദി പാര്‍ട്ടിയാണെങ്കിലും ശരദ് പവാറിന്റെ മകളും ലോക്സഭാ എംപിയുമായ സുപ്രിയ സുലെയും മമതയെ പിന്തുണച്ചു. 'മമത ബാനര്‍ജി ഇന്ത്യാ സഖ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഊര്‍ജസ്വലമായ ജനാധിപത്യത്തില്‍, പ്രതിപക്ഷത്തിന് വലിയ പങ്കും ഉത്തരവാദിത്തവുമുണ്ട്, അവര്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്ന് സുപ്രിയ വ്യക്തമാക്കി.
മമതയുടെ പ്രസ്താവന സംബന്ധിച്ച് മുന്നണി നേതാക്കള്‍ ഒരുമിച്ച് തീരുമാനം എടുക്കുമെന്ന് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു, 'ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും മികച്ച ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്ത് പശ്ചിമ ബംഗാളില്‍ മമത വിജയകരമായ ഒരു മാതൃക കാണിച്ചു. അവരുടെ തെരഞ്ഞെടുപ്പ് അനുഭവവും പോരാട്ട വീര്യവും അതിനനുസരിച്ചാണ് അവര്‍ തന്റെ താല്‍പ്പര്യം പങ്കുവെച്ചതെന്നും' പറഞ്ഞു. മമതയെ തള്ളിപ്പറഞ്ഞുകൊണ്ട് സഖ്യകക്ഷിനേതാക്കളാരും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ പോരായ്മ ആദ്യം ചൂണ്ടിക്കാണിച്ചത് സിപിഐയാണ്. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ അവര്‍ ഇടതുപക്ഷത്തെ പൂര്‍ണമായും അവഗണിച്ചു. ജെഎംഎം-കോണ്‍ഗ്രസ് സഖ്യമാണ് അവിടെ മത്സരിച്ചത്.
ഹരിയാനയിലും മഹാരാഷ്ട്രയിലും അധികാരം പിടിക്കാമായിരുന്നിട്ടും കോണ്‍ഗ്രസ് അനാസ്ഥകാട്ടിയെന്ന് തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പരസ്യമായി കുറ്റപ്പെടുത്തുന്നു. രണ്ടിടത്തും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പരാജയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി. ബിജെപിക്കെതിരെ പോരാടണമെങ്കില്‍ ഇന്ത്യാ സഖ്യം കൂടുതല്‍ ശക്തമാകണം. അതിന് പ്രാപ്തിയുള്ള ഒരു നേതാവ് ആവശ്യമാണ്. അതാരാകും? എന്നതാണ് കാതലായ ചോദ്യം. കോണ്‍ഗ്രസ് എല്ലാ പരീക്ഷണങ്ങളും നടത്തിയെങ്കിലും അവ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ദേശവിരുദ്ധനായി പ്രഖ്യാപിക്കാന്‍ ബിജെപി പദ്ധതിയിട്ടതിനിടെയാണ് ഈ ചര്‍ച്ച പുരോഗമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യം തകരുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. 'സ്വേച്ഛാധിപതികള്‍ നിങ്ങളെ തൂക്കിക്കൊല്ലാനുള്ള കൊളുത്ത് അന്വേഷിക്കുന്നു' എന്ന് ചരിത്രകാരനായ തിമോത്തി സ്‌നൈഡര്‍ പറഞ്ഞത് ഇന്ത്യാ ബ്ലോക്കിന്റെ നേതാക്കള്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയെ മാറ്റി പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെയും 'കൊളുത്തില്‍' കുടുക്കാന്‍ കാത്തിരിക്കുകയാണ് ബിജെപി.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹരിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത തന്നെ അപകടത്തിലാണെന്ന് പലരും ആശങ്കപ്പെടുന്നു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. ഇത് തന്നെയാണ് മഹാരാഷ്ട്രയെ കുറിച്ച് സാമ്പത്തിക വിദഗ്ധനായ പരകാല പ്രഭാകരന്‍ ചൂണ്ടിക്കാണിച്ചത്.
വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു. ആരാധനാലയ നിയമത്തിന്റെ ലംഘനം എങ്ങനെയാണ് രാജ്യത്തെ പുതിയ സാമൂഹിക സംഘര്‍ഷങ്ങളുടെ ചുഴിയിലേക്ക് തള്ളിവിടുന്നതെന്ന് ഉത്തര്‍പ്രദേശിലെ സംഭാല്‍ സംഭവം തെളിയിച്ചു. അദാനിക്കെതിരെ യുഎസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം, കമ്പനിയെ സഹായിക്കുന്ന നരേന്ദ്രമോദിയുടെ നിലപാട് അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാനുള്ള യോജിച്ച പ്രവര്‍ത്തിന് പകരം പ്രതിപക്ഷത്ത് തമ്മിലടി എന്ന സൂചനകള്‍ പുറത്തുവരുന്നത് ഒട്ടും ആശ്വാസമല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ചൈനീസ് കടന്നുകയറ്റം, കോര്‍പ്പറേറ്റ് കൊള്ള, കാര്‍ഷിക നിയമങ്ങള്‍, കോവിഡ് കാലത്തെ ദുരുപയോഗം, നോട്ട് നിരോധനം, സാമൂഹിക അസമത്വം, അനീതി, ന്യൂനപക്ഷ പീഡനം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതികരണം ശക്തമാകേണ്ടതുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സംഘത്തെ നയിക്കാനുള്ള തന്റെ ആഗ്രഹം മമതാ ബാനർജി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ അവരുടെ സമ്മര്‍ദ്ദത്തെ ചെറുത്തു. ബംഗാളില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും എതിരെ അവര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി ബംഗാളിലെ പ്രചാരണത്തില്‍ നിന്ന് ഏറെക്കുറെ വിട്ടുനിന്നു. തെരഞ്ഞെടുപ്പിന് ശേഷം, തൃണമൂല്‍ കോണ്‍ഗ്രസിനെ സ്വീകരിക്കാനും പാര്‍ലമെന്ററി തന്ത്രത്തിന്റെ ഭാഗമാക്കാനും കോണ്‍ഗ്രസ് യാതൊരു മടിയും കാണിച്ചില്ല.
#MamataBanerjee, #Opposition, #Leadership, #Congress, #BJP, #IndiaBlock