Politics | രാജ്മോഹൻ ഉണ്ണിത്താന് കെ മുരളീധരനോട് പഴയ വിരോധമോ?
കെ മുരളീധരൻ കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഉറ്റ അനുയായി ആയിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ
സോണി കല്ലറയ്ക്കല്‍
(KVARTHA) പണ്ട് കോൺഗ്രസിലെ ഐ ഗ്രൂപ്പിലെ പ്രധാന താരങ്ങളായിരുന്നു കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും. ഒരാൾ ലീഡർ കെ കരുണാകരൻ്റെ പുത്രനും മറ്റേയാൾ ലീഡറും വത്സല ശിഷ്യനും. ഇവിടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എ, ഐ ഗ്രൂപ്പിസം ശക്തമായിരുന്ന കാലത്ത് ഐ ഗ്രൂപ്പിൻ്റെ വക്താവായി മാധ്യമ ചർച്ചകളിൽ പങ്കെടുത്തത് രാജ്മോഹൻ ഉണ്ണിത്താൻ ആയിരുന്നു. അങ്ങനെയാണ് രാഷ്ട്രീയ കേരളം രാജ്മോഹൻ ഉണ്ണിത്താനെ കൂടുതൽ അറിയാൻ തുടങ്ങിയത്. കോൺഗ്രസിലെ ഐ ഗ്രൂപ്പ് പാരമ്പര്യത്തിലൂടെ വളർന്നവരാണ് രാജ്മോഹൻ ഉണ്ണിത്താനും കെ മുരളീധരനും കെ.സി വേണുഗോപാലും കെ സുധാകരനും ചെന്നിത്തലയും വി.ഡി സതീശനും എല്ലാം.
ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ തൃശൂരിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു. ഉണ്ണിത്താൻ കാസർകോട് നിന്ന് വിജയിച്ചപ്പോൾ കെ മുരളീധരൻ തൃശൂരിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. തൃശൂരിൽ മുരളീധരൻ്റെ തോൽവിയ്ക്ക് പിന്നിൽ അവിടുത്തെ കോൺഗ്രസുകാരാണെന്നും അവർ വോട്ട് മാറിച്ചെയ്തതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപി ജയിച്ചതെന്നുമാണ് ഇപ്പോൾ കേൾക്കുന്ന സംസാരം. ഇതിൻ്റെ പേരിൽ കെ മുരളീധരൻ പൊതുപ്രവർത്തനം അവസാനിപ്പികുകയാണെന്ന് വരെ പ്രഖ്യാപിക്കുകയുണ്ടായി. മുരളീധരനെ അനുനയിപ്പിക്കുവാൻ ഇപ്പോൾ കെ.പി.സി.സി നേതൃത്വം ഓടി നടക്കുന്ന കാഴ്ചയാണ് കാണുന്നത്.
രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ വയനാട്ടിൽ നിന്ന് മുരളീധരനെ മത്സരിപ്പിക്കാം, അല്ലെങ്കിൽ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം കെ മുരളീധരന് നൽകാം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു കെ.പി.സി.സി പ്രസിഡൻ്റിനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ ഇതിന് നേരെ വിപരീതമായ ഒരു പ്രസ്താവന കാസർകോട് നിയുക്ത എം.പി രാജ് മോഹൻ ഉണ്ണിത്താൻ്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞത് വയനാട്ടിൽ രാഹുൽ ഒഴിയുന്ന പക്ഷം പ്രിയങ്കാ ഗാന്ധിയെ അവിടെ നിന്നും മത്സരിപ്പിക്കണമെന്നാണ്. ഇത് മുരളീധരനെതിരെയുള്ള നീക്കമായി കാണുന്നവരും ഉണ്ട്. മുരളീധരനോടുള്ളു വിരോധം ഇപ്പോഴും രാജ് മോഹൻ ഉണ്ണിത്താൻ മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. അതിന് കാരണവും ഉണ്ട്.
കെ.മുരളീധരൻ കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഉറ്റ അനുയായി ആയിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. അദ്ദേഹം അന്ന് കൊല്ലം പാർലമെൻ്റ് സീറ്റ് ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചത്. ലീഡറും കെ മുരളീധരനും കൂടി അത് തനിക്ക് വാങ്ങിത്തരുമെന്ന് ഉണ്ണിത്താൻ കരുതി. എന്നാൽ സീറ്റ് കിട്ടിയത് അന്നത്തെ കൊല്ലം ഡി.സി.സി പ്രസിഡൻ്റ് ആയിരുന്ന ശൂരനാട് രാജശേഖരനും. ഇത് പണം വാങ്ങി മുരളീധരൻ കൊടുക്കുകയായിരുന്നെന്ന ആരോപണമാണ് ഉണ്ണിത്താൻ അന്ന് ഉന്നയിച്ചത്. അന്ന് ഐ ഗ്രൂപ്പിലെ മറ്റൊരു പ്രധാനി ആയിരുന്ന ശരത് ചന്ദ്രപ്രസാദിനെയും കൂട്ടി ലീഡർക്കും മുരളീധരനുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രതിരോധങ്ങൾ പലരും മറന്നുകാണില്ല. ഒടുവിൽ അത് മുണ്ട് പറിയിൽ വരെ എത്തുകയായിരുന്നു. ഈ വിരോധമാകാം ഉണ്ണിത്താൻ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച.