Allegation | 'രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് എത്തുന്നത് ഗുജറാത്തിൽ നിന്ന്'; പിന്നിലാര്? വൈറലായി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസംഗം 

 
Arvind Kejriwal's Speech on Drug Allegations
Arvind Kejriwal's Speech on Drug Allegations

Photo Credit: Screenshot of a X post by Arvind Kejriwal

● ഒക്ടോബർ ഒന്നിന് ഡൽഹിയിലെ മഹിപാൽപൂരിൽ നിന്ന് 562 കിലോ കൊക്കെയ്നും 40 കിലോ കഞ്ചാവും പിടികൂടി.
● ഒക്ടോബർ 10ന് വെസ്റ്റ് ഡൽഹിയിലെ രമേശ് നഗറിൽ നിന്ന് 208 കിലോ കൊക്കെയ്ൻ പിടികൂടി. 
● ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 3959 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടികൂടിയത്. 

ന്യൂഡൽഹി: (KVARTHA) മയക്കുമരുന്ന് വ്യാപകമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കൊണ്ടുള്ള ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഡൽഹി നിയമസഭയിലെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂക്കിന് താഴെ ഗുജറാത്ത് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന് ആരോപണം.

അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത്:

'എല്ലായിടത്തും ആളുകൾ പറയുന്നത് മയക്കുമരുന്നുകൾ ഓരോ മുക്കിലും മൂലയിലും വിൽക്കപ്പെടുന്നു എന്നാണ്. ഡൽഹിയിലെ ഓരോ മുക്കും മൂലയും മയക്കുമരുന്നുകൾ വിൽക്കപ്പെടുന്ന സ്ഥലമായി അവർ മാറ്റിയിരിക്കുന്നു. ഡൽഹിയിൽ എവിടെയും മയക്കുമരുന്നുകൾ ഉണ്ടാക്കുന്നില്ല. ഒക്ടോബർ ഒന്നിന് ഡൽഹിയിലെ മഹിപാൽപൂരിൽ നിന്ന് 562 കിലോ കൊക്കെയ്നും 40 കിലോ കഞ്ചാവും പിടികൂടി.

ഒക്ടോബർ 10ന് വെസ്റ്റ് ഡൽഹിയിലെ രമേശ് നഗറിൽ നിന്ന് 208 കിലോ കൊക്കെയ്ൻ പിടികൂടി. ഒക്ടോബർ 13 ന് അങ്കലേശ്വറിൽ റെയ്‌ഡ് നടക്കുകയും അവിടെ നിന്ന് 518 കിലോ കൂടി കൊക്കെയ്ൻ പിടികൂടുകയും ചെയ്തു. മൊത്തം 1289 കിലോ കൊക്കെയ്നും 40 കിലോ കഞ്ചാവും ഈ സമയത്ത് പിടികൂടി. അതിൻ്റെ മൊത്തം വില 13,000 കോടി രൂപയാണ്. എല്ലാം വന്നത് ഗുജറാത്തിൽ നിന്നാണ്.

എങ്ങനെയാണ് രാജ്യത്തെ മയക്കുമരുന്നിന്റെ കേന്ദ്രമായി ഗുജറാത്ത് മാറിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മെയ് 20-ലെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 3959 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടികൂടിയത്. അതിൽ 1189 കോടി രൂപയുടെ, അതായത് 30% മയക്കുമരുന്നും പിടിക്കപ്പെട്ടത് ഗുജറാത്തിൽ നിന്ന് മാത്രമായിരുന്നു.

മയക്കുമരുന്ന് ഉണ്ടാക്കാനും ഉത്പാദിപ്പിക്കാനും അത് പ്രൊസസ് ചെയ്യാനും ഗുജറാത്തിൽ ഫാക്റ്ററികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഫ്‌സർ എൻ്റർപ്രൈസസ് എന്ന കമ്പനി അങ്കലേശ്വറിൽ പ്രവർത്തിക്കുന്നു. ഭരൂച് ജില്ലയിലെ സേഖ എന്ന ഗ്രാമത്തിൽ മയക്കുമരുന്ന് ഉത്പാദനത്തിനായി ഒരു രാസഫാക്റ്ററിയും പ്രവർത്തിക്കുന്നുണ്ട്. വഡോദരയിലെ ഒരു ഗ്രാമത്തിൽ മയക്കുമരുന്ന് നിർമാണത്തിനായി ഒരു ഫാക്റ്ററിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. 

പരസ്യമായി മയക്കുമരുന്ന് ഫാക്റ്ററികൾ ഗുജറാത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അസംസ്കൃത വസ്തുക്കൾ വരുന്നത്, കടൽ മാർഗം ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ്. പ്രത്യേകിച്ച് മുന്ദ്ര പോർട്ട് വഴി. 2021 സെപ്റ്റംബറിൽ 3000 കിലോ ഹെറോയിനാണ് മുന്ദ്ര തുറമുഖത്തു നിന്ന് പിടിച്ചെടുത്തത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ, 21000 കോടി രൂപയുടെ പിടിച്ചെടുക്കലായിരുന്നു അത്

മൂന്നു മാസങ്ങൾക്കു മുൻപ്, അതായത് 2021 ജൂണിൽ 24,000 കിലോ ഹെറോയിൻ, 7000 കോടി രൂപയുടെ മുന്ദ്ര പോർട്ട് വഴി പിടിക്കപ്പെടാതെ രാജ്യത്തേക്ക് കടന്നു എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. 2022 മെയ് മാസത്തിൽ 500 കോടി രൂപ വില വരുന്ന 52 കിലോ കൊക്കെയ്ൻ മുന്ദ്ര പോർട്ടിൽ നിന്ന് പിടികൂടി. 2022 ജൂലൈയിൽ പഞ്ചാബിലേക്ക് കടത്തുകയായിരുന്ന 375 കോടി രൂപയുടെ 75 കിലോ ഹെറോയ്ൻ മുന്ദ്ര പോർട്ടിൽ നിന്ന് പിടിച്ചെടുത്തു

2024 ജൂലൈയിൽ 110 കോടി വില വരുന്ന ട്രെമഡോൾ മുന്ദ്ര പോർട്ടിൽ നിന്നും പിടിച്ചെടുത്തു. ഇതെല്ലം പിടിച്ചെടുത്തവ മാത്രമാണ്. മുന്ദ്ര പോർട്ടിലൂടെ പുറത്ത് പോയതിൻ്റെ അളവ് നമുക്കറിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 2.5 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് ഗുജറാത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കടൽ മാർഗം വരുന്ന മയക്കുമരുന്ന് മുന്ദ്ര പോർട്ട് വഴി രാജ്യത്തേക്ക് കടക്കുന്നു എന്നാണ് ഇതിൽ നിന്നും മനസിലാവുന്ന കാര്യം. അസംസ്‌കൃത വസ്‌തുക്കളും അങ്ങനെ രാജ്യത്തിനകത്തേക്ക് വരുന്നു.

ഗുജറാത്തിൽ അവ സ്വീകരിക്കാനായി ധാരാളം ഫാക്റ്ററികൾ തയ്യാറായി നിൽക്കുന്നു. അവിടെ നിന്ന് രാജ്യം മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യപ്പെടുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് അങ്ങനെ രാജ്യത്തെവിടെയും ഇന്ന് മയക്കുമരുന്ന് പിടിക്കപ്പെട്ടാൽ അത് ഗുജറാത്തിൽ നിന്നായിരിക്കും വന്നിട്ടുണ്ടാവുക. മുന്ദ്ര പോർട്ട് നിയന്ത്രിക്കുന്നത് ഇവരുടെ സുഹൃത്തായ അദാനിയാണ്. ഈ രാജ്യത്ത് ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേലാണ്. അമിത് ഷായുടെ ഉത്തരവാദിത്വമാണ് രാജ്യം മുഴുവനും വ്യാപിക്കുന്ന മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുക എന്നത്. 

എന്നാൽ ഗുജറാത്തിൽ നിന്ന് അത് വിതരണം ചെയ്യപ്പെടുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം ഗുജറാത്ത് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമാണ് എന്നതാണ്. അദ്ദേഹത്തിൻറെ സംസ്ഥാനമായ ഗുജറാത്ത് ഇന്ന് മയക്കുമരുന്നുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഏത് തുറമുഖത്ത് കൂടെയാണോ മയക്കുമരുന്നുകൾ വരുന്നത് അത് അമിത് ഷായുടെ സുഹൃത്തിന്റെതാണെന്ന് എന്നതാണ് മൂന്നാമത്തെ കാര്യം. സർക്കാരിന്റെ സംരക്ഷണമോ അറിവോ ഇല്ലാതെ ഇത് നടക്കുകയില്ലെന്ന് ഉറപ്പാണ്'.

അവസാന നിയമസഭ സമ്മേളനം 

അതിഷിയുടെ നേതൃത്വത്തിലുള്ള എഎപി സർക്കാരിൻ്റെ അവസാന ദിനത്തിൽ ഡൽഹി നിയമസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു കേജ്രിവാൾ. തെരഞ്ഞെടുപ്പിന് ശേഷം അടുത്ത വർഷം ആദ്യം പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം സഭ വീണ്ടും ചേരും. നിയമവിരുദ്ധ മയക്കുമരുന്ന് റാക്കറ്റുകളെ നിയന്ത്രിക്കാനും രാജ്യത്തെ ലഹരിമുക്തമാക്കാനും അമിത് ഷായോട് അഭ്യർത്ഥിക്കുന്നുവെന്നും അല്ലെങ്കിൽ നിങ്ങളും ഈ റാക്കറ്റിൽ പങ്കാളിയാണ് എന്ന് ആളുകൾ പറയുമെന്നും കേജ്‌രിവാൾ തുറന്നടിച്ചു.

എന്നാൽ, എഎപി സർക്കാർ റോഹിങ്ക്യകളെയും മയക്കുമരുന്ന് വ്യാപാരികളെയും സംരക്ഷിക്കുകയാണെന്നും ഇത് മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നഗരത്തിലെ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നതായും പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത ആരോപിച്ചു.

#ArvindKejriwal, #DrugSmuggling, #Gujarat, #MundraPort, #AmitShah, #Narcotics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia