Protest | ജമാഅത്തെ ഇസ്ലാമി നേതാവ് സി ദാവൂദിനെതിരെ ഡിവൈഎഫ്ഐ; 200 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തും
● വിഷയത്തിൽ കോൺഗ്രസ് മുസ്ലിം ലീഗും നിലപാട് വ്യക്തമാക്കണം.
● ഭഗത് സിങിന്റെ ജീവിതം ഇന്ത്യൻ ദേശീയ സമരത്തിൻ്റെ തിളക്കമാർന്ന ഭാഗമാണ്.
● 1947 ന് ശേഷമാണ് സ്വാതന്ത്ര്യ സമര പോരാളിയായി ഭഗത് സിങ് അറിയപ്പെടുന്നതെന്നാണ് ദാവുദ് പറയുന്നത്.
കണ്ണൂർ: (KVARTHA) ജമാഅത്തെ ഇസ്ലാമിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി കെ സനോജ്. ജമാഅത്തെ ഇസ്ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മതരാഷ്ട്ര വാദത്തിനായി ചരിത്രനിഷേധം നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. മീഡിയവൺ ചാനലിലൂടെ ഭഗത് സിങ്ങിനെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് സി.ദാവൂദ് മാപ്പ് പറയണം.
വിഷയത്തിൽ കോൺഗ്രസ് മുസ്ലിം ലീഗും നിലപാട് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഈ വരുന്ന ശനിയാഴ്ച 200 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും വി കെ സനോജ് അറിയിച്ചു. ഭഗത് സിങിന്റെ ജീവിതം ഇന്ത്യൻ ദേശീയ സമരത്തിൻ്റെ തിളക്കമാർന്ന ഭാഗമാണ്. ഒരു കോടതിയിൽ ബോംബുവെച്ചയാളായാണ് ഭഗത് സിങ്ങിനെ ദാവൂദ് വിശേഷിപ്പിക്കുന്നത്.
1947 ന് ശേഷമാണ് സ്വാതന്ത്ര്യ സമര പോരാളിയായി ഭഗത് സിങ് അറിയപ്പെടുന്നതെന്നാണ് ദാവുദ് പറയുന്നത്. ഭഗത് സിങ് കോടതിയിൽ ബോംബുവെച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയാണ്. അദ്ദേഹം അവിടെ നിന്നും ഓടിപ്പോയതല്ല, കീഴടങ്ങുകയാണ് ചെയ്തത്. മൗദൂദിയുടെ മത രാഷ്ട്രീയ വാദം ഇന്ത്യയിൽ നടപ്പിലാക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. മതരാഷ്ട്ര വാദികളുടെ ഇത്തരം പ്രസ്താവനകളോട് മുസ്ലീം ലീഗ് പ്രതികരിക്കണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശിയും ഒപ്പമുണ്ടായിരുന്നു.
#DYFI #JamaatEIslami #CDAwood #Protest #BhagatSingh #KeralaProtests