Controversy | ജനസംഖ്യാ അനുപാതത്തില്‍ ഓരോ സമുദായങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് കിട്ടണം; വാലിന്റെ ബലത്തിൽ പലതും നേടിയവർ പരിഭ്രാന്തിയിലോ?

 
Controversy
Controversy


കേരളം രൂപീകരിച്ച ശേഷം ഇന്നുവരെയുണ്ടായ മന്ത്രിമാരില്‍ ഭൂരിപക്ഷം ഏത് സമുദായത്തില്‍ പെട്ടവരാണെന്ന് അന്വേഷിക്കണം. എം.എല്‍എമാര്‍, ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എല്ലാം ഏത് വിഭാഗക്കാരാണ്?

(KVARTHA) ഉണ്ടിരുന്നവനൊരു വെളിപാടുണ്ടായെന്ന് പറഞ്ഞത് പോലെയാണ് ഒരു സമുദായ നേതാവിന് പെട്ടെന്നൊരു ദിവസം രാജ്യത്തിന്റെ ഐക്യത്തെകുറിച്ചും അഖണ്ഡതയെ കുറിച്ചും ബോധമുണ്ടായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോക്ക സമുദായങ്ങളെ നീതി നല്‍കാതെ അകറ്റിനിര്‍ത്തുകയാണെന്നാണ് അദ്ദേഹത്തിന്റെ തള്ളിമറിക്കല്‍. ജാതി വാലിന്റെ പേരില്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റില്‍ വരെ അനധികൃത പ്രിവേലജ് അനുഭവിക്കുന്ന സമുദായത്തിന്റെ നേതാവാണ് നീതിയെ കുറിച്ച് പറയുന്നതെന്ന് ഓര്‍ക്കണം.

controversy 

കേരളം രൂപീകരിച്ച ശേഷം ഇന്നുവരെയുണ്ടായ മന്ത്രിമാരില്‍ ഭൂരിപക്ഷം ഏത് സമുദായത്തില്‍ പെട്ടവരാണെന്ന് അന്വേഷിക്കണം. എം.എല്‍എമാര്‍, ഉന്നത പദവികള്‍ വഹിച്ച ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എല്ലാം ഏത് വിഭാഗക്കാരാണ്. ജനസംഖ്യയ്ക്ക് അനുപാതികമായി വേണം ഈ സ്ഥാപനങ്ങളെല്ലാം നല്‍കേണ്ടത്. എങ്കിലേ സാമൂഹ്യനീതി ഉറപ്പാക്കാനാകൂ. നാളിതുവരെ അനര്‍ഹമല്ലാത്തതെല്ലാം ജാതി വാലിന്റെ ബലത്തില്‍ അടക്കിപിടിച്ചുവച്ചിരുന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ച് പോകുന്നത് കാണുമ്പോള്‍ മാടമ്പിമാര്‍ പുറത്തിറക്കുന്ന പുതിയ അടവാണ്, ജാതിയും മതവും മനുഷ്യനെ ഭിന്നിപ്പിക്കും എന്നുള്ള സ്റ്റഡി ക്ലാസ്. 

ഇതൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളഞ്ഞിട്ട് കാലമേറെയായി. പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത് ജാതി സെന്‍സസ് നടപ്പാക്കുമെന്നുള്ള ഭയം കൊണ്ടാണ്. ജനസംഖ്യയുടെ 12 ശതമാനം വരുന്നവര്‍ അനധികൃതമായി എന്തെല്ലാം സ്ഥാനമാനങ്ങളാണ് കൈക്കലാക്കിയിട്ടുള്ളതെന്ന് നാളിതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. തങ്ങള്‍ക്ക് താക്കോല്‍ സ്ഥാനം ലഭ്യമല്ലാതാകുമ്പോള്‍ ഇടതിനും വലതിനും മേലെ കുതിരകയറും. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത് അത്തരം പിപ്പിടികളൊന്നും നടന്നില്ല. അതുകൊണ്ട് പത്തിമടക്കിയിരിക്കുകയാണ്. 

സമദൂരമെന്ന് പറയുമ്പോഴും ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുതെന്ന പ്രതികരണം നടത്തി. അതിനെതിരെ എ.കെ ബാലന്‍ പരാതി നല്‍കിയിട്ടുണ്ട്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. സംസ്ഥാനത്തെ 30 ശതമാനം വരുന്ന ജനസംഖ്യയാണ് മുസ്ലിം സമുദായമാണ്. അവര്‍ക്കൊരു അഞ്ചാം മന്ത്രിസ്ഥാനം കൊടുത്തപ്പോള്‍ എന്തൊരു കലിപ്പായിരുന്നു. അവര്‍ക്ക് മുന്നണി കൊടുത്ത അര്‍ഹിക്കുന്ന സ്ഥാനത്തിന് നിങ്ങള്‍ ഹാലിളകുന്നതെന്തിന്. അതാണോ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മാത്രമാണ് ആ സമുദായത്തിന് മൂന്നിലധികം മന്ത്രിസ്ഥാനവും മറ്റ് പദവികളും കിട്ടുന്നത്. 

ഇടതുസര്‍ക്കാരില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ പേരെയെ അവര്‍ ഉള്‍പ്പെടുത്താറുള്ളൂ. അതേസമയം 12 ശതമാനം വരുന്നവര്‍ക്ക് വാലിന്റെ ബലത്തില്‍ ഏഴും എട്ടും മന്ത്രിസ്ഥാനം വരെ കിട്ടിയ ചരിത്രമുണ്ട്. അന്നെങ്ങും നീതിയെ കുറിച്ചുള്ള പ്രസംഗങ്ങള്‍ കേട്ടിട്ടില്ല. വലിയ പുരോഗമനം പറയുന്ന ഇടതുപക്ഷത്ത് നിന്ന് പട്ടികവര്‍ഗ വിഭാഗത്തിലെ ഒരു മന്ത്രിയുണ്ടാകുന്നത് 2024ലാണ്. സംസ്ഥാനത്ത് 10 ശതമാനത്തോളം വരുന്ന അടിസ്ഥാന വിഭാഗത്തിന് എന്ത് നീതിയാണ് ലഭിച്ചിട്ടുള്ളത്. മന്ത്രിയാക്കിയിട്ടും പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മാത്രമാണ് കൊടുത്തത്.

താക്കോല്‍ സ്ഥാനം ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിരട്ടുകയും രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം ആഭ്യന്തര വകുപ്പ് വിട്ടുകൊടുത്തതും കേരളം മറന്നിട്ടില്ല. മന്ത്രിയായിക്കഴിഞ്ഞ് ചെന്നിത്തല നല്ല പോലെ തേച്ചു, അത് വേറെ കാര്യം. എന്നെ ഒരു സമുദായത്തിന്റെയും വാലില്‍ കെട്ടാന്‍ നോക്കണ്ട എന്നാണ് എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയിലെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ചെന്നിത്തല പ്രതികരിച്ചത്. ജാതി സംവരണം അവസാനിപ്പിക്കണമെന്നാണ് ഈ മഹാന്റെ മറ്റൊരു നിര്‍ദേശം. ജാതിയുടെ ശക്തികൊണ്ടാണല്ലോ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം എത്രയെണ്ണം സര്‍ക്കാരില്‍ നിന്ന് നേടിയെടുത്തത്. 

അവിടങ്ങളില്‍ മാനേജ്‌മെന്റ് സീറ്റൊന്നിന് എത്ര ലക്ഷം വാങ്ങിയാണ് അഡ്മിഷന്‍ നടത്തുന്നത്. സ്വന്തം ജാതിക്കാരെയാണല്ലോ ജീവനക്കാരായി കൂടുതലും നിയമിക്കുന്നത് (അവരോടും ലക്ഷങ്ങള്‍ വാങ്ങുന്നു!). അങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സമ്പത്തിന്റെ സംവരണത്തിലൂടെ സ്വന്തം ജാതി കോളനികള്‍ സൃഷ്ടിച്ചിട്ട്, ജാതി സംവരണം അവസാനിപ്പിക്കണമെന്ന്. ഇതാണോ അഖണ്ഡത ഊട്ടിയുറപ്പിക്കാന്‍ ഉദ്‌ഘോഷിക്കുന്നത്. മലയാളി മെമ്മോറിയലിലൂടെ സംവരണത്തിനായി ആദ്യം മുറവിളി കൂട്ടിയവരുടെ ഇളമുറക്കാരന്‍ എല്ലാം നേടിയതെല്ലാം പിടിവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയാണ് സംവരണം ഇല്ലാതാക്കണമെന്ന് ആഹ്വാനം നല്‍കുന്നത്. ഇത് തന്നെ ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയാണ്. 

സംവരണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളും ജനം അധികാരത്തിലേറ്റിയ സര്‍ക്കാരുകളുമുണ്ട്. അവിടെ എട്ടുകാലി മമ്മൂഞ്ഞുകള്‍ക്ക് എന്ത് കാര്യം? സ്വന്തം സമുദായ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളും ആദ്യം പി എസ് സിക്ക് വിട്ടിട്ട് വേണം ഇമ്മാതിരി ഡയലോഗുകള്‍ അടിക്കാന്‍. അതിനുള്ള ധൈര്യമുണ്ടോ? സ്ഥാപനങ്ങളില്‍ ഭിന്നശേഷി സംവരണം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും തയ്യാറാകാത്തവരാണ് നീതിയെ കുറിച്ച് പറയുന്നത്. 

പാലക്കാട്ടെ ഒരു ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏക്കര്‍ കണക്കിന് ഭൂമി എത്രയോ കൊല്ലമായി ഈ സമുദായനേതാവിന്റെ അറിവോടെ അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. അത് അനീതിയല്ലേ? അവസാനം കോടതി ഇടപെട്ടതോടെയാണ് ഭൂമി ദേവസ്വത്തിന് തിരികെ നല്‍കിയത്. ഇക്കാര്യം ഉന്നയിച്ച മുന്‍ മന്ത്രി എ.കെ ബാലനെ പരിഹസിക്കാനും സമുദായ നേതാവ് മറന്നില്ല. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാതെയും ഉള്‍ക്കൊള്ളാനാകാതെയും പഴയ മാമൂലുകള്‍ മുറുക്കിപിടിച്ച് ജീവിക്കുന്നവര്‍ ഇത്തരത്തിലുള്ള പല വിഡ്ഡിത്തങ്ങളും വിളമ്പും അതിനൊക്കെ മാധ്യമവാര്‍ത്തകള്‍ക്കപ്പുറം ഒന്നും ചെയ്യാനാകില്ല, കാരണം കാലം മാറി. ജനസംഖ്യാ അനുപാതത്തില്‍ ഓരോ സമുദായങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് കിട്ടണം, അതാണ് സാമൂഹ്യനീതി. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia