Allegation | ഇ ഡി പുലിയോ എലിയോ; ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും; കേസുകള്‍ രാഷ‍്ട്രീയ വെറും വേട്ടയോ?
● ഇഡി രജിസ്റ്റര് ചെയ‍്ത വിചാരണ നടത്തിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് കേവലം 4.6 ശതമാനം മാത്രമാണ്.
● കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് എടുത്ത കേസുകളാണിത്.
അർണവ് അനിത
ന്യൂഡല്‍ഹി: (KVARTHA) പ്രതിപക്ഷ നേതാക്കളെയും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും നിയമക്കുരുക്കില്‍ തളച്ചിടാനാണ് മോദി സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാരണം ഇത്തരം കേസുകളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കുകയോ, വാചാരണ നടപടികള്‍ ആരംഭിക്കുന്നതിനുള്ള നടപടികളോ ഇഡിയോ, കേന്ദ്രസര്‍ക്കാരോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. മാത്രമല്ല ഇഡി രജിസ്റ്റര് ചെയ‍്ത വിചാരണ നടത്തിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് കേവലം 4.6 ശതമാനം മാത്രമാണ്.
പ്രതിപക്ഷത്തെ വേട്ടയാടാനുള്ള തന്ത്രമായി ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം ശരിവയ‍്ക്കുന്നതാണ് സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ ഈ കണക്കെന്നാണ് നേതാക്കൾ പറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇഡി രജിസ്റ്റര് ചെയ്ത 911 കേസുകളില്‍ 42 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ മറുപടി നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് എടുത്ത കേസുകളാണിത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമമാണ് പ്രതിപക്ഷനേതാക്കള്‍ക്കെതിരെ പ്രധാനമായും ചുമത്തുന്നത്, ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‍രിവാള്‍, ഭൂമിയിടപാടില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എടുത്തത്. രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. രണ്ട് കേസുകളിലും ഉടനെ വിചാരണ ആരംഭിക്കാന്‍ ഇഡിക്ക് താല്‍പര്യം കാണുന്നില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 28 ശതമാനം വിചാരണ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 257 കേസുകള്‍ വിവിധ കോടതികളില്‍ കെട്ടികിടക്കുകയാണ്. 99 കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു. പിഎംഎല്‍എ നിയമ പ്രകാരം 2019 ല്‍ 50, 2020 ല്‍ 106, 2021 ല്‍ 128, 2022 ല്‍ 182, 2023 ല്‍ 239, 2024 ല്‍ നാളിതുവരെ 206 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന 106 പ്രത്യേക കോടതികള്‍ മാത്രമാണ് രാജ്യത്തുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും സ്വതന്ത്ര മാധ്യമങ്ങളെയും ഇഡിയെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ രാഷ്ട്രീയ പ്രതിയോഗികളെ വരുതിയിലാക്കാനുള്ള ഉപകരണമായി ഇഡി മാറിയിരുന്നുവെന്നാണ് ഇൻഡ്യ മുന്നണിയുടെ ആരോപണം. ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ ശിക്ഷാ നിരക്ക് കുറയാന്‍ പ്രധാന കാരണം നീണ്ട നാളത്തെ നിയമ പ്രക്രിയയാണെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കോടതി നടപടികളുടെ കാലതാമസം, വ്യക്തമായ തെളിവിന്റെ അഭാവം എന്നിവയും ശിക്ഷാനിരക്ക് കുറയാന്‍ കാരണമാകുന്നെന്നും വിശദീകരിച്ചു.
ഡല്‍ഹി വഖഫ് ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സീഷന്‍ ഹൈദറിനും ദൗദ് നസീറിനും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചു. ദീര്‍ഘകാലമായി പ്രതികള്‍ ജയിലിലാണെന്ന കാര്യം മനസ്സിലാക്കിയ കോടതി, അടുത്തകാലത്തെങ്ങും വിചാരണ തുടങ്ങില്ലെന്ന് വിലയിരുത്തിയ ശേഷമാണ് ജാമ്യം നല്‍കിയത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ കൗസര്‍ ഇമാം സിദ്ദിഖിക്ക് ജാമ്യം നല്‍കുന്നതിനിടെ വിചാരണ വൈകിപ്പിച്ചതിന് ഇഡിയെ വിചാരണ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
കള്ളപ്പണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കണമെന്ന് ഇഡി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം കൂടി കോടതി പരിഗിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അതിന്റെ ഡയറക്ടര്‍ക്കും കേസിന്റെ വസ്തുതകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. കോടതിയിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ, ഡയറക്ടര്‍ക്കോ ഒരു നിര്‍ദേശവും നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വസ്തുതകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഡയറക്ടര്‍ക്കും നല്‍കാമെങ്കിലും കോടതിയില്‍ എങ്ങനെ പെരുമാറണമെന്ന് പ്രോസിക്യൂട്ടര്‍മാരോട് നിര്‍ദേശിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അഭയ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം. കോടതിയിലെ ഉദ്യോഗസ്ഥരെന്ന നിലയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്വാതന്ത്ര്യത്തിനും ജുഡീഷ്യല്‍ നടപടികളില്‍ അന്വേഷണ ഏജന്‍സികളുടെ സ്വാധീനം പരിമിതപ്പെടുത്തുന്നതിനും നിര്‍ണായകമാണ് സുപ്രീം കോടതി നിരീക്ഷണം.
ലോട്ടറി ഭീമന്‍ സാന്റിയാഗോ മാര്‍ട്ടിന്‍, റിയല്‍ എസ്റ്റേറ്റ് കമ്പനി ഡിഎല്‍എഫ് എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തിരുന്നെങ്കിലും അതൊന്നും മുന്നോട്ട് പോയില്ല. അതുപോലെ മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന എന്‍സിപി നേതാവ് അജിത് പവാറിന്റെ ആയിരം കോടിയുടെ അനധികൃത സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഗോവയിലെ റിസോര്‍ട്ടും മഹാരാഷ‍്ട്രയിലെ ഫാക‍്ടറികളും അടക്കമായിരുന്നു അത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം അജിത് പവാറിന് തിരികെ നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് ഈ സ്വത്തുക്കളെല്ലാം വിട്ടുകൊടുക്കുന്നത്.
#ED #EnforcementDirectorate #PoliticalVendetta #CorruptionCases #LegalChallenges #India