Politics | ഉൾപാർട്ടി പോരാട്ടത്തിൽ ഇപിക്ക് തോൽവി; പാർട്ടി കൈപ്പിടിയിലൊതുക്കി എം വി ഗോവിന്ദൻ; ഒഴിയാൻ സദ്ധത പ്രകടിപ്പിച്ച നേതാവിനെ നീക്കം ചെയ്തത് അപമാനിക്കാനോ?
* വരുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ പി.ബിയിലോ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന സെക്രട്ടറിയേറ്റിലോ ഇടം പിടിക്കാൻ സാധ്യത കുറവാണ്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) കാൽ നൂറ്റാണ്ടിലേറെക്കാലമായി കണ്ണൂരിലും പുറത്തും ഇ പി ജയരാജനും-എ .വി ഗോവിന്ദനുമുള്ള പാർട്ടിക്കുള്ളിലെ പോരിന് ഒടുവിൽ പരിസമാപ്തി. സീനിയോറിറ്റി മറികടന്ന് തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതാണ് കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനെ പ്രകോപിപ്പിച്ചത് കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ ഗോവിന്ദൻ പൊളിറ്റ്ബ്യൂറോയിൽ പ്രവേശിക്കുകയും അതിനു മുൻപേ കേന്ദ്ര കമ്മിറ്റിയിലെത്തിയ താൻ പുറത്തു നിൽക്കുകയും ചെയ്യേണ്ടി വന്ന അസ്വസ്ഥതയും അതൃപ്തിയും പല ഘട്ടങ്ങളിലായി ഇ പി ജയരാജൻ പ്രകടിപ്പിച്ചിട്ടുണ്ട്.
എം വി ഗോവിന്ദനൊപ്പം ഒരിക്കൽ തൻ്റെ അതീവ വിശ്വസ്തനായ ഇ പിയെ പരോക്ഷമായി തള്ളിക്കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയനും അടവുനയം സ്വീകരിച്ചതോടെ പെരുവഴിയിലാവുകയായിരുന്നു കണ്ണൂരിലെ കരുത്തനായ നേതാവ്. പാർട്ടിക്കായി ഫണ്ട് റെയ്സ് ചെയ്തും, പിണറായിക്കും കേന്ദ്ര നേതൃത്വത്തിനും വേണ്ടി അറിഞ്ഞതും അറിയപ്പെടാത്തതുമായ ഡീൽ നടത്തിയെന്നും എതിരാളികൾ പറയുന്നകയും ചെയ്യുന്ന, ചങ്ങാത്ത മുതലാളിത്വത്തിനൊപ്പം സഞ്ചരിച്ച ഇ പി ജയരാജൻ രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളാണ് സൂക്ഷിച്ചിരുന്നത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതാക്കളെ വരെ സ്വാധീനിക്കാനുള്ള മിടുക്ക് ഇപി കാണിച്ചിരുന്നു. എന്നാൽ ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായി നടത്തിയ ഡീലും വൈദേകം റിസോർട്ട് വിൽപ്പനയും ഒടുവിൽ തിരിച്ചടിച്ച് ഇപിക്ക് തന്നെ വാരിക്കുഴി ഒരുക്കുകയായിരുന്നു. സി.പി.എം .ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ ഒന്നിന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇ.പി. ജയരാജനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരക്ക് പിടിച്ചു നടപടിയെടുത്തത് കീഴ്ഘടകങ്ങളിൽ നിന്നുള്ള വിമർശനമൊഴിവാക്കാനെന്ന് വിലയിരുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അനുബന്ധ ആരോപണങ്ങളിൽ മൂന്ന് കേസുകളിൽ പ്രതിയായ പാർട്ടി കൊല്ലം എം.എൽ.എ മുകേഷിനെ മാധ്യമ വേട്ടകളിൽ നിന്നും രക്ഷപ്പെടുത്തുകയെന്ന ഇരട്ട ലക്ഷ്യവും ഇ.പിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയതിൻ്റെ ടൈമിങ്ങിലൂടെ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞു. എന്നാൽ നേരത്തെ പല തവണ ഇ.പി ആരോഗ്യപരമായ കാരണങ്ങളാൽ തന്നെ കൺവീനർ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും ഈ കാര്യം ആവശ്യപ്പെട്ടു.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വലയുന്ന ഇ.പി. വൈദേകം റിസോർട്ടും ജാവദേക്കർ രഹസ്യ കൂടിക്കാഴ്ചയും പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവന്നപ്പോൾ തന്നെ അപകടം മണത്തിരുന്നു. അതുകൊണ്ടു തന്നെയാണ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കപ്പെടാൻ നിൽക്കാതെ അദ്ദേഹം സ്വയം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. സി.പി.എമ്മിനെ സംബന്ധിച്ചിടുത്തോളം വെറും ആലങ്കാരിക പദവി മാത്രമാണ് എൽഡിഎഫ് കൺവീനർ. സാക്ഷാൽ വി എസ് അച്യുതാനന്ദൻ കൺവീനർ പദവി വഹിച്ചപ്പോൾ മാത്രമാണ് ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്.
മറ്റുള്ള കൺവീനർമാർ എല്ലാവരും തന്നെ റബ്ബർ സ്റ്റാംപായി പ്രവർത്തിക്കുകയായിരുന്നു. എഴുപതുകളുടെ മധ്യം പിന്നിട്ട ഇ.പി ജയരാജന് പാർട്ടിയിൽ പടിയിറക്കത്തിൻ്റെ കാലമാണ്. വരുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ജയരാജൻ പി.ബിയിലോ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന സെക്രട്ടറിയേറ്റിലോ ഇടം പിടിക്കാൻ സാധ്യത കുറവാണ്. പാപ്പിനിശേരിയിലെ ബ്രാഞ്ച് കമ്മിറ്റി അംഗത്വമാണ് കണ്ണൂരിലെ അതികായകനായ നേതാവിനെ കാത്തു നിൽക്കുന്നത്.