Controversy | പാലക്കാട്ട് എല്‍ഡിഎഫിന് മികച്ച വിജയമായിരിക്കുമെന്ന് ഇപി; ജയരാജന്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്ന് പി സരിന്‍
● ആത്മകഥ വിവാദത്തില്‍ ഇപിയോട് സിപിഎം വിശദീകരണം തേടിയേക്കും.
● പാലക്കാട് സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ ഇപി ജയരാജന്‍ സംസാരിക്കും.
● ആശയക്കുഴപ്പം ഒഴിവാക്കാന്‍ നേതൃത്വം ഇടപെട്ടാണ് ഇപിയെ എത്തിക്കുന്നത്.
● ആത്മകഥയില്‍ സരിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിക്കുന്നു.
പാലക്കാട്: (KVARTHA) ആത്മകഥ വിവാദം പുകയുന്നതിനിടെ, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ (EP Jayarajan). ആരൊക്കെ വിചാരിച്ചാലും സി പി എമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന പാലക്കാട്ടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇപി പങ്കെടുക്കും. പി സരിനായി വോട്ട് തേടിയാണ് ഇ പി എത്തുന്നത്. വൈകിട്ട് അഞ്ചിന് പാലക്കാട് ബസ് സ്റ്റാന്‍ഡിലാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇ.പി ജയരാജന്റേതായി പ്രചരിക്കുന്ന ആത്മകഥയില്‍ സരിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം ഒഴിവാക്കാന്‍ നേതൃത്വം ഇടപെട്ട് ഇപിയെ പാലക്കാട്ടെത്തിക്കുന്നത്. പതിനൊന്നരയോടെ അദ്ദേഹം ഷൊര്‍ണൂരെത്തി.
അതിനിടെ, ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന്‍ പറഞ്ഞു. ജയരാജന്‍ വരുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും പറയാനുള്ള കാര്യങ്ങള്‍ നിഷ്‌കളങ്കമായി അദ്ദേഹം പറയുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിന്റെ കണക്ക് പാലക്കാട്ടെ ജനങ്ങള്‍ വോട്ടിലൂടെ തീര്‍ക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉപതെരഞ്ഞെടുപ്പിന് ശേഷം ജയരാജന്റെ ആത്മകഥ വിവാദം സിപിഎം പരിശോധിച്ചേക്കുമെന്നാണ് വിവരം. പുസ്തകത്തില്‍ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി പങ്കെടുക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാവും ഇ.പി സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുക. വിഷയത്തില്‍ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും.
നിലവില്‍ ഇപിയെ വിശ്വസിക്കുന്നുവെന്നാണ് സിപിഎം പ്രതികരണം. ഇപി വക്കീല്‍ നോട്ടീസ് അയച്ചിട്ടും വിഷയത്തില്‍ ഡിസി ബുക്ക്‌സ് കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. ആത്മകഥ ഡി.സി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ലന്നാണ് ഇ.പി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ചില ഭാഗങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പ്രസിദ്ധീകരിക്കാന്‍ അന്തിമ അനുമതി നല്‍കുകയോ തീയതി തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ചില സിപിഎം നേതാക്കളോട് പറഞ്ഞത്. എങ്ങനെയാണ് ആത്മകഥ ചോര്‍ന്നത് എന്നതില്‍ ദുരൂഹത തുടരുകയാണ്.
'ഇരുട്ടിവെളുക്കും മുന്‍പ് മറുകണ്ടം ചാടിയ ആളെന്നായിരുന്നു പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് ഇപിയുടേതെന്ന് അവകാശപ്പെടുന്ന ആത്മകഥയില്‍ കുറിച്ചിരുന്നത്. അങ്ങനെ വരുന്നവരുടെ താല്‍പര്യം വെറും സ്ഥാനമാനങ്ങളാണോയെന്നാണ് പരിശോധിക്കേണ്ടത്. സരിനെ സ്ഥാനാര്‍ഥിയാക്കിയത് ശരിയോ തെറ്റോയെന്ന് കാലം തെളിയിക്കട്ടെ' എന്നും പുറത്തുവന്ന ഭാഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു.
#EPJayarajan #CPIM #KeralaPolitics #PalakkadByElection #Autobiography