Controversy | കസ്റ്റഡി പീഡനക്കേസില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടു; മോദിയുടെ കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വീണ്ടും വാര്‍ത്തകളില്‍
● 326, 330, 34 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.
● പ്രോസിക്യൂഷന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
● ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍.
ഗാന്ധിനഗര്‍: (KVARTHA) മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ 1997ലെ കസ്റ്റഡി പീഡനക്കേസില്‍ ഗുജറാത്ത് പോര്‍ബന്തറിലെ കോടതി കുറ്റവിമുക്തനാക്കി. അന്നത്തെ പോര്‍ബന്തര്‍ പൊലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. സംശയാതീതമായി കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവിനെ വെറുതെ വിട്ടത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326, 330, 34 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, കേസില്‍ പ്രോസിക്യൂഷന് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. സഞ്ജീവ് ഭട്ടും ഒരു കോണ്‍സ്റ്റബിളും ചേര്‍ന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മര്‍ദിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.
കേസ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ് സഞ്ജീവ് ഭട്ടും ഭാര്യ ശ്വേതയും ആരോപിച്ചിരുന്നു. സഞ്ജീവ് ഭട്ട് ഇതിനു മുന്‍പ് ജാംനഗര്‍ കസ്റ്റഡി മരണക്കേസിലും അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രാജ്കോട്ട് സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹം. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധേയനായത്. പിന്നീട് മോദിയുടെ കടുത്ത വിമര്‍ശകനായി മാറി അദ്ദേഹം.
മുംബൈ ഐഐടിയില്‍ നിന്ന് എംടെക് നേടിയ ഭട്ട് 1988ല്‍ ഐപിഎസ് നേടി. 1999 മുതല്‍ 2002 വരെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി കമ്മീഷണറായും മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിരുന്നു. സേനയിലെ സമകാലികര്‍ക്ക് 2007ല്‍ ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് എസ്പി റാങ്കില്‍ തുടരേണ്ടി വന്നു.
ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം സത്യം മറയ്ക്കുന്നെന്ന് ആരോപിച്ച് 2011ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് 2012ല്‍ അദ്ദേഹം അടക്കം ഏഴ് പൊലീസുകാര്‍ക്കെതിരെ 1990ലെ കസ്റ്റഡി മരണത്തിന്റെ പേരില്‍ കേസെടുത്തു. ഈ കേസില്‍ 2019ല്‍ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2015ല്‍ പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
#SanjeevBhatt #Gujarat #CustodialTorture #Acquittal #NarendraModi #IndiaNews