BJP Majority | ദേശീയ തലത്തില്‍ പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല; 5 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂര്‍ണ ആധിപത്യവുമായി ബിജെപി
മധ്യപ്രദേശിലെ 29 സീറ്റിലും ബിജെപി തന്നെയാണ് ലീഡ് തുടരുന്നത്
2019ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റിലായിരുന്നു ബിജെപി ജയിച്ചത്
ന്യൂഡെല്‍ഹി: (KVARTHA) ദേശീയ തലത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂര്‍ണ ആധിപത്യവുമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെയും രാജ്യതലസ്ഥാനമായ ഡെല്‍ഹി, ആന്‍ഡമാന്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവന്‍ സീറ്റുകളിലും എന്‍ഡിഎ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം, കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും ബിജെപി ജയിച്ച ഗുജറാതില്‍ ഇത്തവണ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ശേഷിക്കുന്ന 25 സീറ്റിലും ബിജെപി തന്നെയാണ് മുന്നില്‍.
മധ്യപ്രദേശിലെ 29 സീറ്റിലും ബിജെപി തന്നെയാണ് ലീഡ് തുടരുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റിലായിരുന്നു ബിജെപി ജയിച്ചത്. അന്ന് നഷ്ടപ്പെട്ട, കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെ പരമ്പരാഗത മണ്ഡലമായ ചിന്ത് വാരയിലും ഇത്തവണ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിനേക്കാള്‍ അമ്പതിനായിരത്തിലേറെ വോടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ബണ്ടി വിവേക് സാഹു മുന്നിട്ടുനില്‍ക്കുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളുമായുള്ള പോരു തുടരുന്ന ഡെല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റിലും ഇത്തവണയും ബിജെപി ആധിപത്യം തുടരുന്നു. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പിലും ഉത്തരാഖണ്ഡിലെ മുഴുവന്‍ സീറ്റുകളും ബിജെപി നിലനിര്‍ത്തിയിരുന്നു.
ഹിമാചല്‍ പ്രദേശിലെ നാല് സീറ്റിലും ത്രിപുരയിലെ രണ്ട് സീറ്റിലും സിക്കിം, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ ഓരോ സീറ്റിലും എന്‍ഡിഎ വ്യക്തമായ ആധിപത്യം തുടരുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ ഹിമാചലിലെ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ നേടിയിരുന്നു.