Allegation | തോല്‍പ്പെട്ടിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഫോട്ടോ പതിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടിയ സംഭവം; പോലീസ് കേസെടുത്തു
● മണ്ഡലം പ്രസിഡന്റ് വി എസ് ശശികുമാറിനെതിരെയാണ് കേസ്.
● ഉരുള്‍പൊട്ടല്‍ കാലത്ത് വിതരണത്തിന് എത്തിച്ചതെന്ന് വിശദീകരണം.
● കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ്.
തിരുനെല്ലി: (KVARTHA) തോല്‍പ്പെട്ടിയില്‍ ഭക്ഷ്യകിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് വി.എസ്. ശശികുമാറിനെതിരെയാണ് കേസെടുത്തത്.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് 2 കോടതി കേസെടുക്കാനുള്ള അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഏഴാം തീയതി 11.45-ഓടെയാണ് സംഭവം. തോല്‍പ്പെട്ടിയില്‍ വാര്‍ഡ് നമ്പര്‍ നാലിലെ അരിമില്ലിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് 38 കിറ്റുകള്‍ പിടിച്ചെടുത്തത്. ഫ്‌ലൈയിങ് സ്‌ക്വാഡ് ഓഫിസര്‍ കെ.പി. സുനിത്തിന്റെ നേതൃത്വത്തിലാണ് കിറ്റുകള്‍ പിടിച്ചെടുത്തത്.
ശശികുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള മില്ലില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. ശശികുമാറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല് എന്നുകരുതുന്നു. തോല്‍പെട്ടിയില്‍ ഒറു കുടുംബത്തിന് കിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും മുന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റായിരുന്നു പിടികൂടിയത്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചിത്രങ്ങളായിരുന്നു കിറ്റുകളില്‍ ഉണ്ടായിരുന്നത്.
ഉരുള്‍പൊട്ടല്‍ കാലത്ത് വിതരണത്തിന് എത്തിച്ച് സൂക്ഷിച്ച കിറ്റുകളായിരുന്നു ഇതെന്നാണ് കോണ്‍ഗ്രസ് വിശദീകരിച്ചിരുന്നത്. മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
#KeralaElections #foodkits #Congress #RahulGandhi #PriyankaGandhi #seizure