Election Funding | ഇന്ത്യൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിദേശ ഫണ്ടോ? കോൺഗ്രസിനെ വെട്ടിലാക്കി ട്രംപിൻ്റെ ഉണ്ടയില്ലാ വെടി

 
Trump's Allegations of Foreign Funding in Indian Elections Spark Political Controversy
Trump's Allegations of Foreign Funding in Indian Elections Spark Political Controversy

Image and Photo Credit: Facebook/Indian National Congress, Donald J. Trump

● അന്വേഷണത്തിന് ഉത്തരവിട്ട് വിദേശകാര്യ മന്ത്രാലയം
● കോൺഗ്രസിലേക്കാണ് ഫണ്ട് പോയതെന്ന് ബിജെപി
● ബിജെപി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ്
● ബംഗ്ലാദേശിലെ വിദ്യാർത്ഥികൾക്ക് പണം നൽകിയെന്ന് റിപ്പോർട്ടുകൾ 

ഭാമനാവത്ത് 

(KVARTHA) ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ അമേരിക്കക്ക് താൽപര്യമുണ്ടെന്നത് രഹസ്യമായ കാര്യമൊന്നുമല്ല. ലോകത്തെവിടെയും തങ്ങൾക്ക് കീഴ്പ്പെട്ടു നിൽക്കുന്ന ഭരണകൂടങ്ങൾ വരുന്നതാണ് വൻ ശക്തിയായ അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിനായി ഡോളറും ആയുധവുമൊക്കെ അവർ രഹസ്യമായി നൽകുന്നു. സുസ്ഥിരവും സമാധാനപരവുമായ ഭരണകൂടങ്ങൾ വൻ ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും ഇതര രാജ്യങ്ങളിൽ വരുന്നത് താൽപര്യമില്ല. തങ്ങളുടെ വാണിജ്യ അധിനിവേശ താൽപര്യങ്ങൾക്ക് ഇതു ഹിതകരമല്ലെന്നാണ് അവരുടെ നിലപാട്. 

ലോകം കണ്ട ഏറ്റവും വലിയ മതതീവ്രവാദ സംഘടനയായ താലിബാനെ സൃഷ്ടിച്ചതും അവർക്ക് ആയുധങ്ങളും ഡോളറും നൽകി അഫ്ഗാൻ ഭരണകൂടത്തെ അട്ടിമറിച്ചതിനു പിന്നിലും അമേരിക്കയുടെ കറുത്ത കരങ്ങളാണെന്ന് നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. സിറിയയിലും ഇറാഖിലുമൊക്കെ തങ്ങളുടെ ആയുധവ്യാപാരങ്ങൾ കൊഴുപ്പിക്കുന്നതിനാണ് അമേരിക്ക നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിക്കാൻ വിമത വിഭാഗത്തിന് അർത്ഥവും ആയുധവും നൽകിയത്. ലോക പൊലീസായി പലപ്പോഴും ചമയുന്ന അമേരിക്കയുടെ ചാര സംഘടനയായ സിഐഎ ലാറ്റിൻ അമേരിക്കയിലെ കമ്യുണിസ്റ്റ് സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ചാര പ്രവർത്തനവും നടത്തുന്നുണ്ട്. 

1957 ൽ കേരളത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്യുണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ സി.ഐ എ ശ്രമിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലിറ്റ്സിൻ്റെ ലേഖകനായ കണ്ണൂരുകാരനായ ബർലിൻ കുഞ്ഞനന്തൻ നായർ തന്നെ എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഒരു സുസ്ഥിര സർക്കാർ വീണ്ടും വരുന്നതിനോട് മുൻ യു.എസ് പ്രസിഡൻ്റ് ജോർജ് ബൈഡൻ്റെ ഭരണകൂടത്തിന് താൽപര്യമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൻ്റെ എതിരാളിയായിരുന്ന ഡൊണാൾഡ് ട്രംപുമായുള്ള ചങ്ങാത്തമാണ് ബൈഡനെ പ്രകോപിപ്പിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയെയും ബി.ജെ.പിയെയും വീഴ്ത്താൻ അമേരിക്ക കോൺഗ്രസിന് ഫണ്ട് നൽകിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ഈ വിഷയം വൻ രാഷ്ട്രീയവിവാദമായതിനാൽ രാജ്യത്തെ ബന്ധപ്പെട്ട് ഏജൻസികൾ പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യു എസ് ഫണ്ട് ആരോപണത്തിൽ അന്വേഷണം തുടങ്ങിയെന്ന സൂചനയാണ് വിദേശകാര്യ വക്താവ് നൽകുന്നത്. അതേസമയം ഇന്ത്യക്കെന്ന പേരിൽ മാറ്റി വച്ച ഫണ്ട് ബംഗ്ലാദേശിനാണ് യഥാർത്ഥത്തിൽ നൽകിയതെന്ന മാധ്യമ റിപ്പോർട്ടുകൾ ബിജെപി തള്ളിയിട്ടുണ്ട്. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്ന യു.എസ് പ്രസിഡൻ്റ് ട്രംപിന്‍റെ ആരോപണം കോൺഗ്രസിനെതിരെ ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ 21 മില്യൺ ഡോളർ അഥവാ 180 കോടി രൂപയുടെ ഫണ്ട് എത്തിയെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. വീണ്ടും ട്രംപ് ഇക്കാര്യം ആവർത്തിച്ചിരിക്കുകയാണ്. ഈ പണം കൈക്കൂലിയാണെന്നും നൽകിയവർക്ക് ഇതിന്‍റെ വിഹിതം കിട്ടുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്ന ട്രംപിന്‍റെ ആരോപണത്തിന് പിന്നാലെ ബിജെപി, കോൺഗ്രസിനെതിരെ രംഗത്തെത്തിയതോടെ വിഷയം കത്തിയത്. രാഷ്ട്രീയപ്പോര് തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 

എന്നാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഈ തുക ഉപയോഗിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. 21 ദശലക്ഷം ഡോളർ പോയത് ബംഗ്ലാദേശിലേക്കാണെന്നു തെളിയ്ക്കുന്ന രേഖകളം പത്രം പുറത്തു വിട്ടു. ഷെയ്ക്ക് ഹസീനയ്ക്കെതിരെ തെരുവു പ്രക്ഷോഭത്തിനിറങ്ങിയ ബംഗ്ലാദേശിലെ വിദ്യാർത്ഥി സംഘടനകൾക്കാണ് പണം നൽകിയതെന്നാണ് രേഖകൾ. എന്നാൽ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഒരേ തുക കിട്ടിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലേക്കല്ല കോൺഗ്രസിലേക്കാണ് ഫണ്ട് പോയതെന്നാണ് ബി ജെ പി വക്താവ് ഈ കാര്യത്തിൽ പ്രതികരിച്ചത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. 

ബിജെപി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ് എന്ന് പ്രതികരിച്ച കോൺഗ്രസ് ഇത്രയും തുക എത്തിയപ്പോൾ അജിത് ഡോവലും അന്വേഷണ ഏജൻസികളും എവിടെയായിരുന്നുവെന്ന് ചോദിക്കുന്നുണ്ട്. വിദേശ ഫണ്ടുകൾ മൂന്നാം ലോക രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ അമേരിക്കൻ ഭരണകൂടം ഉപയോഗിക്കുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും ഇതിൻ്റെ തെളിവുകളൊന്നും ട്രംപ് പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ തൻ്റെ തനത് ശൈലിയിൽ പൊട്ടിച്ച ഉണ്ടയില്ലാ വെടിയുടെ അലയൊലികൾ മുഴങ്ങുന്നത് ഇന്ത്യയിലാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Trump claims that the US funded Congress with 21 million dollars to influence India's elections. This follows political tensions and foreign intervention allegations.

#TrumpAllegations #IndiaElectionInterference #USFunding #Congress #Modi #ForeignInfluence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia