Welfare Pensions | കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി! ആർത്തി തീരാത്ത സർക്കാർ ഉദ്യോഗസ്ഥരും ക്ഷേമ പെൻഷനെന്ന പിച്ചച്ചട്ടിയും; സർക്കാരിൻ്റെ തള്ളി മറിക്കലുകൾക്കപ്പുറം തെളിയുന്നത്

 
Forest Officer’s Elephant: Government Officials Exploit Welfare Pensions
Forest Officer’s Elephant: Government Officials Exploit Welfare Pensions

Representational Image Generated by Meta AI

● അർഹതയില്ലാത്ത എഴുപതിനായിരം പേർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന വിവരം രണ്ടു വർഷം മുൻപെ സി. ഐ.ജി റിപ്പോർട്ടിലുടെ സർക്കാരിനെ അറിയിച്ചിരുന്നു. 
● കടംവാങ്ങിയാണ് സർക്കാർ 62 ലക്ഷത്തിലേറെ പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നത്. 
● കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും അനർഹരായ ചിലയാളുകൾ സൗജന്യ റേഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. 

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ഗസറ്റഡ്‌ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള 1452 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയത് കേരളത്തിലെ സിവിൽ സർവീസിനെയാകെ നാണം കെടുത്തിയിരിക്കുകയാണ്. ദുർബല വിഭാഗങ്ങൾ താങ്ങും കരുതലുമായ ക്ഷേമ പെൻഷൻ യാതൊരു ഉളുപ്പുമില്ലാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർക്ക് എങ്ങനെ ഇത്ര നാൾ വാങ്ങാൻ കഴിഞ്ഞുവെന്ന ചോദ്യമാണ് ഉയരുന്നത്. 

ഭരിക്കുന്ന പാർട്ടിയോ അതിൻ്റെ സംവിധാനങ്ങളോ അറിയാതെ ഇത്തരമൊരു നെറികേട് നടക്കില്ലെന്നത് പകൽപോലെ വ്യക്തമാണ്. ഏറ്റവും ഒടുവിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലാണ് ഈ കാര്യം പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ള വിവരം. അർഹതയില്ലാത്ത എഴുപതിനായിരം പേർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന വിവരം രണ്ടു വർഷം മുൻപെ സി. ഐ.ജി റിപ്പോർട്ടിലുടെ സർക്കാരിനെ അറിയിച്ചിരുന്നു. 

എന്നിട്ടും അതിൻമേൽ അടയിരിക്കുകയായിരുന്നു ധനകാര്യ വകുപ്പ്. കടംവാങ്ങിയാണ് സർക്കാർ 62 ലക്ഷത്തിലേറെ പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നത്. അതാകട്ടെ കൃത്യമായി കൊടുക്കാനും കഴിയുന്നില്ല. അനർഹർ അതിൽകയറി പറ്റിയത് സി.പി.എം ഭരിക്കുന്നതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും പിൻതുണയോടെയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെ കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും അനർഹരായ ചിലയാളുകൾ സൗജന്യ റേഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. 

മക്കൾ യൂറോപ്പിലും ഗൾഫിലുമൊക്കെയുള്ള കോടീശ്വരൻമാരാണ് ബി.പി.എല്ലുകാർക്ക് അനുവദിച്ച റേഷൻ വാങ്ങിയിരുന്നത്. ഇതിന് സമാനമായാണ് ഇപ്പോൾ ക്ഷേമ പെൻഷൻ അനർഹർ വാങ്ങുന്നതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കുമെന്നും മുൻകാല പ്രാബല്യത്തോടെ കൊടുത്ത പണം തിരിച്ചു പിടിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നാണം കെട്ടു പണം വാങ്ങിയവർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കുമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ്.

വാർഷിക മസ്‌റ്ററിങ്‌ നടത്തിയാലേ ക്ഷേമപെൻഷൻ ലഭിക്കൂവെന്നതിനാൽ അറിയാതെ സംഭവിച്ചതാണെന്ന്‌ പറയാൻ കഴിയില്ലെന്നാണ് ഒദ്യോഗിക വിശദീകരണം. ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്കുള്ള പെൻഷനാണ്‌ അനധികൃതമായി കൈപ്പറ്റാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. പെൻഷൻ ലഭ്യമായിത്തുടങ്ങിയശേഷം ജോലി ലഭിച്ചവരാണോയെന്നതു പരിശോധനയിലൂടെയേ വ്യക്തമാകൂ. 

എത്രകാലമായി വാങ്ങുന്നു, എത്രതുക കൈപ്പറ്റി, പട്ടികയിൽ വന്നതെങ്ങനെ എന്നുള്ള കാര്യങ്ങൾ പരിശോധിച്ചാകും നടപടി. വകുപ്പുതലത്തിലുള്ള നടപടിയുമുണ്ടാകുമെന്നാണ് വകുപ്പ് പറയുന്നത്. ക്ഷേമപെൻഷൻകാരുടെ വിവരങ്ങളുള്ള ‘സേവന’ പോർട്ടലിലേയും ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ‘സ്‌പാർക്ക്‌’ പോർട്ടലിലെയും ഡാറ്റകൾ പരിശോധിച്ച്‌ ഇൻഫമേഷൻ കേരള മിഷനാണ്‌ ശമ്പളത്തിനൊപ്പം ക്ഷേമപെൻഷനും വാങ്ങുന്നവരുണ്ടെന്ന്‌ കണ്ടെത്തിയത്‌. 

64.46 ലക്ഷം പേർ സാമൂഹ്യക്ഷേമ പെൻഷൻ വിവരങ്ങൾ സൂക്ഷിക്കുന്ന ‘സേവന’ പോർട്ടലിലുണ്ട്‌. ഇവരുടെ ആധാർ നമ്പർ സ്‌പാർക്ക്‌ പോർട്ടലിലുള്ളവരുടേതുമായി ഒത്തുനോക്കി ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത്‌ സ്ഥിരീകരിക്കുകയായിരുന്നു. സർക്കാർ സർവീസിന്റെ ഭാഗമായിരിക്കെ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ജീവനക്കാരുടെ നടപടി സിവിൽ സർവീസിന്‌ അപമാനകരമെന്ന പ്രതികരണവുമായി എൻജിഒ യൂണിയൻ രംഗത്തുവന്നിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ഇത്‌ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന്‌ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ആവശ്യപ്പെട്ടു. 

സർക്കാർ ഉദ്യോഗസ്ഥർ പ്രതിഫലം പറ്റുന്ന മറ്റു തൊഴിലുകളിൽ ഏർപ്പെടാനോ സാമ്പത്തികമോ അല്ലാത്തതോ ആയ സഹായങ്ങൾ സ്വീകരിക്കാനോ പാടില്ല. ഈ നിയമം നിലനിൽക്കെയാണ്‌ 1458 ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങിയത്‌. പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും ധാർമികതയെ വെല്ലുവിളിക്കുന്നതുമാണിത്‌. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയും പരിശോധിക്കണം.  സിവിൽ സർവീസിനെ അവമതിപ്പ് സൃഷ്ടിക്കുന്നവരെ തുറന്നുകാട്ടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ജീവനക്കാർ തയ്യാറാകണമെന്നും- യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവിൽ 62 ലക്ഷം പേർക്കാണ് 1500 രൂപ വെച്ച് രണ്ടാം പിണറായി സർക്കാർ സാമൂഹികക്ഷേമ പെൻഷൻ നൽകുന്നത്. അർഹതയുള്ള ദുർബല വിഭാഗക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് അനിവാര്യമാണ്. അതു മുടങ്ങുമ്പോൾ മറിയക്കുട്ടിയെ പോലുള്ളവർ ചട്ടിയെടുത്ത് പിച്ചതെട്ടേണ്ടിവരും. എന്നാൽ സർക്കാർ കടം വാങ്ങി കൊടുക്കുന്ന ക്ഷേമ പെൻഷൻ അടിച്ചു മാറുന്ന ഉദ്യോഗസ്ഥരെ മനുഷ്യരെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ഇത്തരം ജന്തുക്കളെ ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്.

#PensionFraud #GovernmentScandal #WelfareMisuse #CivilServiceCorruption #SocialSecurity #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia