Controversy | സഖാവ് ടി ജെ ആഞ്ചലോസ് അല്ല മധു മുല്ലശേരി; ഇപ്പോള്‍ ചെങ്കൊടി ചുവന്ന് ചുവന്ന് കാവിയായി മാറുന്നുവോ?
![Former CPM Leader Joins BJP, Raising Questions about Party Ideology](https://www.kvartha.com/static/c1e/client/115656/uploaded/f7e502399fbdd8879fdce21edf4f914f.jpg?width=730&height=420&resizemode=4)
![Former CPM Leader Joins BJP, Raising Questions about Party Ideology](https://www.kvartha.com/static/c1e/client/115656/uploaded/f7e502399fbdd8879fdce21edf4f914f.jpg?width=730&height=420&resizemode=4)
-
മധു മുല്ലശേരി ബിജെപിയിൽ ചേർന്നു.
-
സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക്.
-
സിപിഎമ്മിന്റെ ആദർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു.
സോണി കല്ലറയ്ക്കല്‍
(KVARTHA) സിപിഎമ്മില്‍ നിന്നും ആരും ബിജെപിയില്‍ പോകില്ല എന്ന് ഇനി എങ്ങനെ പറയും. ഒരു മാസത്തിനുള്ളില്‍ തന്നെ രണ്ടു പേര്‍ ബിജെപിയില്‍ എന്നത് കൗതുകമായി തന്നെ കാണേണ്ട വസ്തുതയാണ്. മുന്‍പ് സിപിഎമ്മില്‍ നിന്ന് കമ്മ്യൂണിസ്റ്റ് സഖാക്കള്‍ പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ പോയിരുന്നത് സിപിഐയിലേക്കോ മറ്റുമായിരുന്നു. ഇപ്പോള്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് കുത്തൊഴുക്ക് നടക്കുന്നതുപോലെയാണ് തോന്നി പോകുന്നത്. അതാണ് ഇപ്പോള്‍ മനസ്സിലാകാത്തത്.
സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബുധനാഴ്ച രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരിക്കുകയാണ്. മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി നിയമനടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും കേസ് നല്‍കും. ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കി. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം.
സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന ഏരിയാ സെക്രട്ടറിയായിരുന്നു മധു മുല്ലശ്ശേരി. മൂന്നാം ഊഴം നല്‍കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് മധു സമ്മേളനത്തില്‍ നിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയത്.
അങ്ങനെ സിപിഎമ്മിന്റെ ആ ഒരു പഴിദോഷവും മാറി. ഇതുവരെ അതിന്റെ നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നത് ഏതു പാര്‍ട്ടിയില്‍ നിന്ന് പോയാലും സിപിഎമ്മില്‍ ല്‍ നിന്ന് ആരും ബി.ജെ.പി യിലേക്ക് പോകില്ല എന്നായിരുന്നു. അങ്ങനെയാണ് ഇതുവരെയും നടന്നിരുന്നത്. അതൊരു കാലം. മുന്‍പ് സിപിഎമ്മിന്റെ ആലപ്പുഴയിലെ പ്രമുഖ നേതാവും മുന്‍ എംപിയുമായിരുന്ന ടി ജെ ആഞ്ചലോസ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വിത്യാസമൂലം സി.പി.എമ്മില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ചെന്നു കയറിയത് മറ്റൊരു തൊഴിലാളി പ്രസ്ഥാനവും സി.പി.എമ്മിന്റെ സന്തത സഹചാരിയുമായ സി.പി.ഐയിലേയ്ക്കായിരുന്നു.
അദേഹത്തെ അന്ന് ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ നിരവധി പാര്‍ട്ടികളും ഉണ്ടായിരുന്നു. കറകളഞ്ഞ കമ്മ്യൂണിസുകാരനായ അദ്ദേഹത്തിന് ചെന്നെത്താന്‍ സാധിച്ചത് മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐയിലേയ്ക്കായിരുന്നു. അങ്ങനെയുള്ള സഖാക്കള്‍ക്ക് അതേ ചിന്തിക്കാന്‍ പറ്റു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ആ അഞ്ചലോസ് ഇന്നും സി.പി.ഐ യില്‍ തുടരുന്നു. പക്ഷേ, ഇപ്പോഴത്തെ സഖാക്കള്‍ക്ക് എന്ത് പറ്റിയെന്നാണ് മനസ്സിലാകാത്തത്. ബിജെപിയെ പോലുള്ള സംഘടനകള്‍ ശക്തിപ്പെടുമ്പോള്‍ പ്രയാസപ്പെടുന്നവരാണ് ഓരോ ജനാധിപത്യ വിശ്വാസികളും എന്നാണ് മുന്നണികള്‍ പറഞ്ഞുകൊണ്ടിരുന്നത്.
പക്ഷേ ഇന്നിപ്പോള്‍ സിപിഎം അടക്കം അവരെ വളര്‍ത്തുന്ന പണിയാണ് എടുത്തുകൊണ്ടിരിക്കുന്നത് എന്ന് തോന്നിപ്പോകുക സ്വഭാവികം. കലത്തില്‍ ഇല്ലെങ്കില്‍ കഞ്ഞിക്കലത്തില്‍ ഉണ്ടാവുമെന്ന പഴമൊഴി പോലെ കമ്മ്യൂണിസ്റ്റില്‍ ഇല്ലെങ്കില്‍ ബിജെപിയില്‍ ഉണ്ടാവണമെന്ന പ്രത്യാശാസ്ത്രം നടപ്പാക്കുകയാണ് സിപിഎം എന്നല്ലെ പറയേണ്ടത്? ഈ ഒരു മാസത്തിനിടയ്ക്ക് സി.പി.എമ്മിലെ 2 നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം..
ഒരാള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‍ ആണെകില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാലും ഒരിക്കലും ബിജെപി, എസ്.ഡി.പി.ഐ പോലുള്ള വര്‍ഗീയ പാര്‍ട്ടിയിലേക്ക് പോകില്ലെന്നാണ് നെറ്റിസന്‍സ് പറയുന്നത്. അവര്‍ മറ്റു ഇടതുപക്ഷ സ്വഭാവം ഉള്ള പ്രസ്ഥാനങ്ങളിലേക്കാണ് പോകുക എന്നാണ് ചൂണ്ടിക്കാട്ടുന്നത്. സത്യത്തില്‍ ഇദ്ദേഹം ബി.ജെ.പി യിലേക്ക് പോകാന്‍വേണ്ടി ഒരു കാരണം ഉണ്ടാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്തായതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയാനാകും. ചെങ്കൊടി ചുവന്നു ചുവന്നു കാവിയായി മാറിക്കൊണ്ടിരിക്കുന്നുവോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യം.
#CPM #BJP #KeralaPolitics #IndiaPolitics #Ideology #Defection