CPM | സ്വയം അധികാര കേന്ദ്രമാകുന്ന ഫുള്‍ ടൈമര്‍മാര്‍ സിപിഎമ്മിന് തലവേദനയാകുന്നു? പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി അലകും പിടിയും മാറ്റും
വര്‍ഗബഹുജന സംഘടനാ സെക്രട്ടറിമാരെ കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംഘടനാതലത്തില്‍ അലകും പിടിയും മാറ്റാന്‍ സി.പി.എം ഒരുങ്ങുന്നു. പാര്‍ട്ടിയും ജനങ്ങളുമായി അടുപ്പം വളര്‍ത്തുന്നതിനും ജനകീയ വിഷയങ്ങളില്‍ അതിവേഗം ഇടപെടുന്നതിനും പാര്‍ട്ടി പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട ഫുള്‍ ടൈം വര്‍ക്കര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ലോക്കല്‍, ഏരിയാ, ജില്ലാ തലങ്ങളില്‍ ഫുള്‍ ടൈമര്‍മാരെ വെട്ടിച്ചുരുക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. പാര്‍ട്ടി നേതാക്കള്‍ സ്വയം അധികാര കേന്ദ്രങ്ങളാവുന്നുവെന്ന വിമര്‍ശനം തെറ്റുതിരുത്തല്‍ രേഖയില്‍ ഫുള്‍ടൈമര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഉയര്‍ന്നുവന്നതെന്നാണ് സൂചന.
നിലവില്‍ ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറിമാര്‍, സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ രണ്ടോ നേതാക്കള്‍, ജില്ലാസെക്രട്ടറിമാര്‍, ജില്ലാസെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന നേതാക്കള്‍, ഏരിയാതലങ്ങള്‍ മുകളിലോട്ടുളള വര്‍ഗബഹുജന സംഘടനാ സെക്രട്ടറിമാര്‍ എന്നിവരാണ് പാര്‍ട്ടിയിലെ ഫുള്‍ടൈമര്‍മാര്‍. സംസ്ഥാനതലത്തില്‍ ഫുള്‍ടടൈമര്‍മാരുടെ വന്‍നിര തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഫുള്‍ ടൈമര്‍മാര്‍ പാര്‍ട്ടിക്ക് ബാഹ്യമായി ചില സാമ്പത്തിക ശക്തികളുമായി ബന്ധം പുലര്‍ത്തുകയും പാര്‍ട്ടിയുടെ മറ ഉപയോഗിച്ചു ധനസമ്പാദനം നടത്തുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിട്ടുണ്ട്.
താഴെത്തട്ടില്‍ ലോക്കലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും വട്ടചിലവിനായി പ്രതിമാസം ആറായിരം രൂപയും കുടുംബം പുലര്‍ത്തുന്നതിനായി ഭാര്യമാര്‍ക്കോ ബന്ധുക്കള്‍ക്കോ സഹകരണബാങ്കിലോ മറ്റിടങ്ങളിലോ ജോലി കൊടുക്കാറുമാണ് പതിവ്. നേരത്തെ സഹകരണ ബാങ്ക് ജീവനക്കാരെയാണ് ലോക്കല്‍, ഏരിയാ സെക്രട്ടറിമാരായി നിയോഗിക്കാറുണ്ടെങ്കിലും കഴിഞ്ഞ സമ്മേളനകാലം മുതലാണ് ഇവര്‍ ഫുള്‍ടൈമറായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടിതീരുമാനിച്ചത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്തു വളര്‍ന്നില്ലെന്നു മാത്രമല്ല ജനങ്ങള്‍ക്ക് അതൃപ്തിയും രോഷവുമുണ്ടാക്കുന്ന വിധത്തില്‍ ഇവര്‍ മാറുകയും ചെയ്തു.
ഇത്തരം ഫുള്‍ ടൈമര്‍മാരാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ടു ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഫുള്‍ടൈമര്‍മാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും വര്‍ഗബഹുജന സംഘടനാ സെക്രട്ടറിമാരെ കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. താഴെത്തട്ടില്‍ ഫുള്‍ ടൈമര്‍മാരെ പൂര്‍ണമായി ഒഴിവാക്കുകയും ജനസ്വീകാര്യതയുളളവരെ ഇതിനുപകരം നിയോഗിക്കുകയും ചെയ്തുകൊണ്ട് വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിനെ നേരിടാനാണ് സി.പി.എം ഒരുങ്ങുന്നത്.