Political Resistance | ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷിത്വത്തിന് 10 വർഷം; ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ച ചിന്തകൻ

 
Martyrdom of Govind Pansare
Martyrdom of Govind Pansare

Photo Credit: X/CPI(M) Puducherry

● കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവായിരുന്നു.
● ശിവജിയെക്കുറിച്ച് അദ്ദേഹം രചിച്ച പുസ്തകം ജനപ്രീതി നേടിയിരുന്നു.
● 2015 ഫെബ്രുവരി 16ന് വെടിയേറ്റു മരിച്ചു.

നവോദിത്ത് ബാബു 

(KVARTHA) ഭരണകൂട നിലപാടിനെതിരെ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു എന്നതിന്റെ പേരിൽ ഇന്ത്യയിൽ വർത്തമാനകാലത്ത് ചിലയിടങ്ങളിൽ  ഉണ്ടായിട്ടുള്ള അസഹിഷ്ണുതയുടെ ഭാഗമായി രക്തസാക്ഷിയാകേണ്ടിവന്ന മഹാരാഷ്ട്രയിൽ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഗോവിന്ദ് പൻസാരെ. 

ശാസ്ത്ര ചിന്തകൻ നരേന്ദ്ര ദാഭോൽക്കർ, യുക്തിവാദിയും മികച്ച അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫസർ എം എം കുൽബർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ് തുടങ്ങിയവർ   സ്വന്തം നിലപാട് ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ തീവ്ര ഹിന്ദുത്വ ശക്തികളുടെ നോട്ടപ്പുള്ളിയായി  അടുത്തകാലത്ത് രക്തസാക്ഷിയായവരാണ്.

മഹാരാഷ്ട്രയിലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും യുക്തിവാദിയും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവും ബുദ്ധിജീവിയുമായിരുന്നു ഗോവിന്ദ് പൻസാരെ. പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച ആരായിരുന്നു ശിവജി? എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രീതി നേടിയിരുന്നു. ഈ പുസ്തക രചന കാരണം വർഗീയ തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു.

ആറു ദശാബ്ദത്തിലേറെ കാലം മഹാരാഷ്ട്രയിലെ തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. കോൽഹാപൂരിലെ കോൾവിരുദ്ധ സമരത്തിൽ പൻസാരെ വഹിച്ച നേതൃത്വപരമായ പങ്ക് കോർപ്പറേറ്റുകൾക്കിടയിൽ അദ്ദേഹത്തിന് ശത്രുതയുണ്ടാക്കിയിരുന്നു. 

മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത്‌ കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ്‌ കാക്കറെ?’ എന്ന പുസ്തകം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈ എടുത്തതും വർഗീയ തീവ്രവാദികൾക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി. 2015 ഫെബ്രുവരി 16ന് കോൽഹാപൂരിൽ വച്ച്  ബൈക്കിൽ എത്തിയ ആക്രമികൾ അദ്ദേഹത്തെയും ഭാര്യയേയും  വെടിവെച്ചുകൊല്ലാൻ ശ്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 20ന് മരണപ്പെടുകയും ചെയ്തു.

കൊലപാതകം ആദ്യം സിഐഡിയുടെ പ്രത്യേക അന്വേഷണസംഘമാണ് (എസ് ഐ ടി) അന്വേഷിച്ചില്ലെങ്കിലും പിന്നീട് തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു. കൊലപാതകത്തിന് ഏഴു മാസങ്ങൾക്ക് ശേഷം ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകർ കൊലപാതകക്കേസിൽ അറസ്റ്റിലായി. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാട് സൂക്ഷിച്ചതിന്റെ പേരിൽ തന്റെ എൺപത്തിരണ്ടാത്തെ വയസ്സിലാണ് ഗോവിന്ദ് പൻസാര രക്തസാക്ഷിയായത്.

ഈ വാർത്ത പങ്കുവെച്ച്, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.

Govind Pansare, a prominent activist and thinker from Maharashtra, was assassinated for his political stance against extremism. His contributions and sacrifice are still remembered.

#GovindPansare #Martyr #Maharashtra #PoliticalActivist #Thinker #SecularIndia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia