Politics | ‘എംപുരാൻ’ വിവാദത്തിൽ ഗുജറാത്ത് ചോരക്കഥകൾ; കേരളം സുരക്ഷിതം, ഇടത് ഭരണം തുടരണം: കെ.ടി. ജലീൽ തുറന്നടിക്കുന്നു!
 

 
Gujarat Bloodshed in 'Empuraan' Controversy; Kerala Safe, Left Rule Must Continue: K.T. Jaleel Speaks Out!
Gujarat Bloodshed in 'Empuraan' Controversy; Kerala Safe, Left Rule Must Continue: K.T. Jaleel Speaks Out!

Photo Credit: Facebook/ Dr KT Jaleel

● കേരളത്തിൽ മൂന്നാം തവണയും ഇടതു ഭരണം വന്നാൽ വികസനം കുതിക്കും.
● വർഗീയതക്കെതിരെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
● ഗുജറാത്ത് വംശഹത്യയിൽ പങ്കെടുത്ത ബാബു ബജ്റംഗിയെ ‘എംപുരാൻ’ സിനിമയിൽ വില്ലൻ കഥാപാത്രമായി അവതരിപ്പിച്ചത് പ്രതിഷേധാർഹമാണ്.
● കേരളത്തിൽ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, കാർഷിക മേഖല, പൊതുവിതരണ സമ്പ്രദായം എന്നിവ അസൂയാവഹമായ വളർച്ച നേടിയിട്ടുണ്ട്.
● പി.എസ്.സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സംസ്ഥാനം കേരളമാണ്.

തിരുവനന്തപുരം: (KVARTHA) കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും ഇടതു ഭരണം വന്നാൽ സംസ്ഥാനം വികസനത്തിന്റെ കാര്യത്തിൽ കുതിച്ചുചാട്ടം നടത്തുമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേരളത്തിന്റെ വികസന നേട്ടങ്ങളും വർഗീയതക്കെതിരെ സർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളും അദ്ദേഹം എടുത്തു പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടാകാതിരുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ ശക്തമായ നിലപാടുകൾ മൂലമാണ്. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജാതി-മത സംഘടനകൾ തലപൊക്കും. മാറാട്, പൂന്തുറ, ചാല, പാലക്കാട് വെടിവയ്പ്പ്, സിറാജുന്നിസയുടെ മരണം, തലശ്ശേരി കലാപം എന്നിവയെല്ലാം യു.ഡി.എഫ് ഭരണകാലത്താണ് നടന്നത്. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല. എല്ലാ വർഗീയതകളും നാടിന് അപകടമാണെന്ന് പിണറായി വിജയൻ ശക്തമായി പറയുന്നു.

ഗുജറാത്ത് വംശഹത്യയിൽ പങ്കെടുത്ത ബാബു ബജ്റംഗിയെ ‘എംപുരാൻ’ സിനിമയിൽ വില്ലൻ കഥാപാത്രമായി അവതരിപ്പിച്ചത് പ്രതിഷേധാർഹമാണ്. ഗോധ്ര തീവണ്ടി ദുരന്തം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നും കെ.ടി. ജലീൽ ആരോപിച്ചു. മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെയും കെ.ടി. ജലീൽ വിമർശിച്ചു. ഫാസിസ്റ്റ്-അർധ ഫാസിസ്റ്റ് മനോഭാവങ്ങൾക്കെതിരെ ശക്തമായ ബദൽ സൃഷ്ടിക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്.

കേരളത്തിലെ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, കാർഷിക മേഖല, പൊതുവിതരണ സമ്പ്രദായം എന്നിവ അസൂയാവഹമായ വളർച്ച നേടിയിട്ടുണ്ട്. പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായമായി എട്ടു വർഷം കൊണ്ട് 8400 കോടി രൂപ സർക്കാർ നൽകി. പി.എസ്.സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സംസ്ഥാനം കേരളമാണ്. 2024 ൽ മാത്രം 34410 നിയമനങ്ങളാണ് കേരള പി.എസ്.സി വഴി നടന്നത്. ഉത്തർപ്രദേശിൽ 4120 പേർ മാത്രമാണ് പി.എസ്.സി വഴി നിയമിക്കപ്പെട്ടത്.

കേരളത്തിൽ എല്ലാ ജനവിഭാഗങ്ങളും സൗഖ്യത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. ഇതിൽ വിഷം കലർത്താൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. അസഹിഷ്ണുതയുടെ രാഷ്ട്രീയം കേരളത്തിൽ അനുവദിക്കില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു. 60 ലക്ഷത്തിലധികം പേർക്ക് 1600 രൂപ വെച്ച് ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനം കേരളമാണ്. ലൈഫ് മിഷൻ വഴി 4,10,000 കുടുംബങ്ങൾക്ക് വീടുകൾ നൽകി. ഈ വർഷം അവസാനിക്കുന്നതോടെ 5 ലക്ഷം വീടുകൾ നൽകി ലോക റെക്കോർഡ് സ്ഥാപിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.

കേരളത്തിലെ വികസന നേട്ടങ്ങളും വർഗീയതക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളും പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്, പൂർണരൂപം:

ചുവപ്പിന് മൂന്നാമൂഴം

ഓരോ അഞ്ച് വർഷവും മാറി മാറി വരുന്ന സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനമെന്ന അപഖ്യാതി കേരളത്തിന് മാറിക്കിട്ടിയത് വലിയൊരനുഗ്രഹമായി. അത് വികസന രംഗത്തുണ്ടാക്കിയ കുതിച്ചു ചാട്ടം എല്ലാ വിവരണങ്ങൾക്കും അപ്പുറമാണ്. പരിമിതമായ അഞ്ചുവർഷ അജണ്ടകളാണ് കേരളത്തെ പല രംഗത്തും പിറകോട്ടടിപ്പിച്ചത്. ആർക്കും ധൈര്യപ്പെട്ട് ഒന്നിനും മുതിരാൻ കഴിയാത്ത സാഹചര്യം ഒരുതരം "പഞ്ചവർഷ കാഴ്ചപ്പാട്" ഭരണകർത്താക്കൾക്കിടയിലും നിക്ഷേപകർക്കിടയിലും ഉണ്ടാക്കി. നേഷണൽ ഹൈവെ വൈകിയതിൻ്റെ കാരണവും, ഗെയ്ൽ വാതക പൈപ്പ് ലൈൻ യാഥാർത്ഥ്യമാകാതിരുന്നതിൻ്റെ അടിസ്ഥാനവും, ഇടമൺ കൊച്ചി പവർ ഹൈവെ നടപ്പാകാൻ താമസിച്ചതും, മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമാകാൻ കേരളത്തിന് കഴിയാതെ പോയതും, വിഴിഞ്ഞം തുറമുഖം അനന്തമായി വൈകിയതുമെല്ലാം ഇച്ഛാശക്തിയുള്ള ഒരു ഭരണകർത്താവിൻ്റെ തുടർഭരണത്തിൻ്റെ അഭാവമാണ്. മാറി മാറി വോട്ട് ചെയ്ത് സർക്കാരുകളെ പരീക്ഷിക്കലാണ് ഭരണമികവിന് നല്ലതെന്ന തെറ്റിദ്ധാരണക്ക് കേരളീയ വോട്ടർമാർ അന്ത്യം കുറിച്ചതാണ് മലയാളക്കരയെ അപ്പാടെ മാറ്റിമറിച്ച് നമ്മുടെ സ്വപ്ന പദ്ധതികളെ പൂർത്തീകരണ പാതയിലേക്ക് നയിച്ചത്.

ഒന്നാം പിണറായി സർക്കാർ അഞ്ചു വർഷത്തിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളം എത്തിയേടത്ത് എത്താൻ പതിറ്റാണ്ടുകൾ കാത്തിരിക്കുകയോ അതല്ലെങ്കിൽ വികസനത്തിൻ്റെ കിനാക്കളുടെ മേൽ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ടി വരുമായിരുന്നു. ഒരു മൂന്നാമൂഴം ചുവപ്പിന് കിട്ടിയാൽ പിടിച്ചാൽ കിട്ടാത്ത ഉയരങ്ങളിലേക്ക് കേരളം വികസിക്കും. വിഴിഞ്ഞം തുറമുഖം അതിൻ്റെ സമ്പൂർണ്ണത കൈവരിക്കാൻ, കെ റെയിൽ സാക്ഷാത്കരിക്കാൻ, മോഹവില നൽകി മറ്റു ദേശീയ പാതകൾക്കും സ്ഥലമേറ്റെടുത്ത് ഹൈവേ അതോറിറ്റിക്ക് കൈമാറാൻ, വ്യാവസായിക വളർച്ചയുടെ സൂചിക മുന്നോട്ടു ചലിപ്പിക്കാൻ, വൃത്തിയുടെ കാര്യത്തിൽ കേരള സംസ്ഥാനത്തെ യൂറോപ്യൻ രാജ്യങ്ങളുടെ ഒപ്പമെത്തിക്കാൻ, ഭാരതത്തിലെ ഏറ്റവും സുരക്ഷിതമായ വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ വളർത്താൻ, ചുവപ്പിൻ്റെ മൂന്നാമൂഴത്തിനേ കളമൊരുക്കാനാകൂ. സന്ദേഹം വേണ്ട.

തീരദേശ ഹൈവെയും മലയോര ഹൈവെയും ഏതാണ്ടായിക്കഴിഞ്ഞു. ദേശീയ ജലപാതയുടെ ഭാഗമായി കേരളത്തിൽ ഉൾനാടൻ ജലഗതാഗതം പ്രചാരം നേടുകയാണ്. ജലപാത കടന്നു പോകുന്ന ഇടങ്ങളിലെ പാലങ്ങൾക്കും റെഗുലേറ്ററുൾക്കുമെല്ലാം ആവശ്യമായ ബോട്ട് ചാനലുകളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. പൊന്നാനിയിൽ പൂർത്തിയായി. കൂട്ടായി റെഗുലേറ്ററിൽ 45 കോടി ചെലവിട്ട് പണി ആരംഭിച്ചു. സീപ്ലെയ്നും, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കടൽ ഗതാഗതവും, ചരക്കു നീക്കവും വൈകാതെ ലക്ഷ്യം കാണും. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നതും, അവയെ മലയാളി പ്രവാസലോകവുമായി കൂട്ടിയിണക്കുന്നതുമായ കേരള എയർലൈൻസും നടപ്പാകാൻ ചുവപ്പിൻ്റെ രാഷ്ട്രീയത്തിന് മൂന്നാമൂഴം കിട്ടിയേ മതിയാകൂ. സംസ്ഥാനത്തെ മൽസ്യബന്ധന തുറമുഖങ്ങളും വാണിജ്യ തുറമുഖങ്ങളും പുരോഗതിയുടെ വഴിയിലാണ്. ആ കുതിപ്പിന് വേഗം പകരാൻ ഇടതിൻ്റെ മൂന്നാം തുടർഭരണത്തിന് കഴിയുമെന്നുറപ്പ്. 2031 ആകുമ്പോഴേക്ക് തിരിച്ചറിയറിയാനാകാത്ത വിധം കേരളത്തെ പരിവർത്തിപ്പിക്കാൻ രണ്ടാം പിണറായി സർക്കാരിനും മൂന്നാം ഇടതുപക്ഷ മുന്നണി ഗവൺമെൻ്റിനും സാധിക്കും. തീർച്ച.

രാസലഹരി മാഫിയ കണ്ണുവെച്ച കേരളത്തെ, അവർക്ക് വിട്ടുകൊടുക്കാതെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള "യുദ്ധ"ത്തിൻ്റെ കമാൻ്റെർ ഇൻ ചീഫായി, പിണറായി വിജയൻ കച്ച മുറുക്കി അടർക്കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. മരണഭീതി പടർത്തി തിമർത്താടിയ കോവിഡ് മഹാമാരിയേയും, നാടിനെ ഞെട്ടിച്ച് പെയ്തിറങ്ങിയ മഹാപ്രളയത്തെയും സധൈര്യം നേരിട്ട് തോൽപ്പിച്ച ചങ്കുറപ്പോടെ, രാസലഹരിയുടെ വൈതാളികരെ കെട്ടുകെട്ടിക്കാനും പിണറായിയുടെ നേതൃത്വത്തിൽ നമുക്ക് കഴിയും. രാസലഹരിക്കടിപ്പെട്ട്, നഷ്ടപ്പെടുന്ന മക്കളെ ഓർത്ത് ഇനി ഒരമ്മക്കും നെഞ്ചത്തടിച്ച് വിലപിക്കേണ്ടി വരില്ല. മാതാപിതാക്കളുടെ കണ്ണുനീരിന് എന്നന്നേക്കുമായി വിരാമമിടാൻ പിണറായി നയിക്കുന്ന സേനക്ക് സാധിക്കും. മക്കളെ ഭയപ്പെട്ട് വീട്ടിൽ കഴിയേണ്ട ദുര്യോഗത്തിന് അതോടെ അന്ത്യമാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൻ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ച മലയാളികളുടെ മാതൃഭൂമിയെ, വ്യാവസായിക വളർച്ചയുടെ ഉത്തുംഗശൃംഗത്തിൽ എത്തിക്കാൻ എൽ.ഡി.എഫ് സർക്കാർ കർമ്മപഥത്തിലുണ്ട്. ലോകോത്തര സർവകലാശാലകളും ഒപ്പം ദേശീയ അന്തർദേശീയ വിദ്യാർത്ഥികളും നോട്ടമിടുന്ന ദേശങ്ങളുടെ പട്ടികയിൽ കൊച്ചു കേരളം ഇടം നേടുകയാണ്.

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളും, ഗവ: ആശുപത്രികളും, കാർഷിക മേഖലയും, പൊതുവിതരണ സമ്പ്രദായവും, അസൂയാവഹമായ അഭിവൃദ്ധിയാണ് സ്വന്തമാക്കിയത്. ഇത് ആരെയും അൽഭുതപ്പെടുത്തും. പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറികളോ, തകർന്ന് വീഴാറായ മേൽക്കൂരകളോ, വൃത്തിഹീനമായ സ്കൂൾ ചുറ്റുപാടുകളോ, പഴകി ദ്രവിച്ച ഫർണിച്ചറുകളോ, എവിടെയും കാണാനാവില്ല. ഉച്ചക്ക് ശേഷവും സജീവമാകുന്ന സർക്കാർ ഫാമിലി ഹെൽത്ത് സെൻ്റെറുകൾ ഓരോ പഞ്ചായത്തിലും വന്നില്ലെ? ഉച്ചയോടെ പ്രൈമറി ഹെൽത്ത് സെൻ്റെറുകൾ ഗെയ്റ്റുകൾ അടച്ച് ഡോക്ടർമാർ സ്ഥലം വിടുന്ന കാലം അവസാനിപ്പിച്ചത് ഒന്നാം പിണറായി സർക്കാരാണ്. കിഡ്നി ട്രാൻസ്പ്ലാൻഡേഷനും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും ജില്ലാ ജനറൽ ആശുപത്രികളിലടക്കം നടക്കുന്ന സ്ഥിതി സംജാതമായത് അതിശയോക്തിയല്ല. വസ്തുതയാണ്. കേന്ദ്ര സർക്കാരിൻ്റെ "സാമ്പത്തിക ഉപരോധ"ത്തെ മറികടന്ന് വികസനപ്പെരുമഴ പെയ്യിക്കാനും, 64 ലക്ഷത്തിലധികം ആളുകൾക്ക്, 1600 രൂപ വെച്ച് ക്ഷേമ പെൻഷൻ നൽകാനും പിന്നിട്ട ആറേഴു വർഷമായി സാധിച്ചത്, പിണറായിയുടെ ഉൾകരുത്തിൻ്റെ പിൻബലത്തിലാണെന്ന വസ്തുത മറക്കരുത്!

പൊതുവിദ്യാലയങ്ങളിലെ 25 ലക്ഷത്തോളം കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും, യൂണിഫോമും, ഉച്ചഭക്ഷണവും, ഇന്ത്യയിൽ മറ്റേതൊക്കെ സംസ്ഥാനങ്ങളിലാണ് കിട്ടുന്നതെന്ന് ഒന്നന്വേഷിക്കുന്നത് നന്നാകും. ഏതാണ്ടെല്ലാ സർക്കാർ സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ കേരളത്തിലല്ലാതെ മറ്റെവിടെയൊക്കെയാണ് ഉള്ളത്? പ്ലസ് ടു സീറ്റ് പ്രശ്നം ശാശ്വതമായി പരിഹരിക്കാനായത് ചെറിയ കാര്യമാണോ? അസാപ്പിൻ്റെ കീഴിൽ തൊഴിൽ നൈപുണ്യ പരിശീലനം അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് ലഭ്യമാക്കാനുള്ള യത്നത്തിലാണ് സർക്കാരിപ്പോൾ. നൂറുകണക്കിന് പ്രൊഫഷണലുകളെയാണ് നോർക്ക മുഖേനയും ഒഡാപ്പെക്ക് മുഖേനയും വിദേശ രാജ്യങ്ങളിലേക്ക് സർക്കാർ നേരിട്ട് തൊഴിലിനയച്ചത്. ലോക മലയാളികൾക്കായി "ലോകകേരള സഭ"ക്ക് രൂപം നൽകിയ പിണറായി, ആഗോള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മലയാള ലോകത്തിൻ്റെ പുതിയ ഭൂപടം തന്നെ വരച്ചു.

കഴിഞ്ഞ ഒൻപതു വർഷമായി ഒരു വർഗ്ഗീയ കലാപം പോലും മുളപൊട്ടാതെ നോക്കിയ എൽ.ഡി.എഫ് സർക്കാർ, എല്ലാ വർഗ്ഗീയതകൾക്കെതിരെയും വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. വലതുപക്ഷം അധികാരത്തിൽ വരുമ്പോൾ എല്ലാ ജാതി-മതി ഞാഞ്ഞൂളുകളും തലപൊക്കും. പിണറായിക്കാലത്ത് അവയെല്ലാം മാളത്തിൽ ഒളിച്ചതല്ലേ അനുഭവം. മാറാട് കലാപവും, പൂന്തുറ കലാപവും, ചാല കലാപവും, പാലക്കാട്ടെ വെടിവെപ്പും, സിറാജുന്നിസയുടെ മരണവും, തലശ്ശേരി കലാപവും, എല്ലാം അരങ്ങേറിയത് യു.ഡി.എഫ് ഭരണത്തിലാണ്. ഇടതുപക്ഷം സംസ്ഥാനം ഭരിച്ച കാലയളവിൽ ഏതെങ്കിലും ഒരു വർഗ്ഗീയ കലാപം എവിടെയെങ്കിലും നടന്നതായി ചൂണ്ടിക്കാണിക്കാനാവുമോ? എല്ലാ വർഗീയതകളും നാടിന് ആപത്താണെന്ന് നിസ്സംശയം വിളിച്ചു പറയാൻ പിണറായിക്ക് സാധിച്ചു. വലതുപക്ഷ നേതാക്കൾക്ക് അത്തരമൊരു ധീരമായ സമീപനം കൈകൊള്ളാൻ എന്തേ സാദ്ധ്യമാകാതെ പോയത്?

വ്യാവസായിക രംഗത്ത് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിന് ചരിത്രത്തിൽ ആദ്യമായി കേരളത്തിന് അംഗീകാരം ലഭിച്ചത് രണ്ടാം പിണറായി സർക്കാരിൻ്റെ സമയത്താണ്. വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാം സ്ഥാനത്തെത്തി. ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പിണറായി സർക്കാർ വൻ മുന്നേറ്റമല്ലേ നടത്തിയത്? ഓട്ടോമേഷൻ രംഗത്തെ പ്രധാനികളായ ജർമ്മൻ കമ്പനി 'ഡി സ്പേസ്' പ്രവർത്തനം തുടങ്ങിയതും, മേരിറ്റൈം മേഖലയിലെ ലോകോത്തര കമ്പനിയായ 'കോങ്ങ്സ്ബർഗ്' ഓഫീസ് തുറന്നതും, 300 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാനത്തെ ആദ്യത്തെ ക്രൈൻ യൂണിറ്റ്, 'ലീവേജ് ഗ്രൂപ്പ്' തൃശൂരിൽ ആരംഭിച്ചതും ആർക്കാണ് വിസ്മരിക്കാനാവുക? ഒരു വർഷത്തിനുള്ളിൽ 2000 പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമാറ് 'ഐ.ബി.എം' വളർന്ന് പന്തലിച്ചതും, ലോകത്തിലെ മുൻനിര വാഹന സോഫ്റ്റ് വെയർ കമ്പനിയായ 'ആക്സിയ ടെക്നോളജീസ്' തിരുവനന്തപുരത്തെ അവരുടെ ആസ്ഥാനമായി തെരഞ്ഞെടുത്തതും പിണറായി മുഖ്യമന്ത്രിയായ കേരളത്തിലാണ്.

തലചായ്ക്കാൻ ഒരിടം എന്നത് ഏതൊരു മനുഷ്യൻ്റെയും സ്വപ്നമാണ്. മുൻ സർക്കാരുകൾ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ ഭവന നിർമ്മാണത്തിന് ഒന്നര ലക്ഷം രൂപയാണ് നൽകിയിരുന്നത്. അത് വളരെ അപര്യാപ്തമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ പിണറായി സർക്കാർ 'ലൈഫ് മിഷൻ' പദ്ധതിക്ക് രൂപം നൽകി. ഭവന ധനസഹായം 4 ലക്ഷം രൂപയാക്കി ഉയർത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും വീടൊന്നിന് ഇത്രയും തുക നൽകുന്നില്ല. 2016 മുതൽ 2024 വരെ ഇടതുപക്ഷ ഭരണത്തിൻ്റെ എട്ടുവർഷ കാലയളവിൽ 4,10,000 (നാലു ലക്ഷത്തി പതിനായിരം) കുടുംബങ്ങൾക്കാണ് വീടുനൽകി അവരെ സുരക്ഷിതമാക്കിയത്. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സ്കീമാണ് 'ലൈഫ് മിഷൻ'. ഈ വർഷം അവസാനിക്കുന്നതോടെ അഞ്ചുലക്ഷം വാസഗേഹങ്ങൾ എന്ന ലക്ഷ്യത്തിലെത്താൻ കഴിയുന്നതോടെ അതൊരു ലോക റെക്കോർഡാകും. യു.ഡി.എഫ് ഭരിക്കുമ്പോൾ 600 രൂപ വെച്ച് 34 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകിയിരുന്നതെങ്കിൽ, ഇന്നത് 1600 രൂപയാക്കി 60 ലക്ഷത്തിലധികം പേർക്കാണ് വിതരണം ചെയ്യുന്നത്. ലോകത്ത് മറ്റൊരു നാട്ടിലും സമാനമായ രൂപത്തിൽ ക്ഷേമ പെൻഷൻ നൽകുന്നതായി അറിവില്ല. ഒരു വർഷം ഈ ഇനത്തിൽ മാത്രം സർക്കാറരിന് 1200 കോടിയാണ് ആവശ്യമായിട്ടുള്ളത്. വൃദ്ധരായ മാതാപിതാക്കൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും മാസം കിട്ടുന്ന 1600 രൂപ നൽകുന്ന ആത്മവിശ്വാസം പകരുന്ന കരുത്ത് വിവരണാതീതമാണ്.

പാവപ്പെട്ട രോഗികൾക്ക് ചികിൽസാ സഹായമായി എട്ടു വർഷം കൊണ്ട് പിണറായി ഗവ: നൽകിയത് 8400 കോടിയാണ്. കൊട്ടിഘോഷങ്ങളോ, മനുഷ്യനെ രാവിലെ മുതൽ വൈകുന്നേരം വരെ ചുറ്റിക്കെട്ടി നിർത്തി അഭിമാനക്ഷതമേൽപ്പിച്ച് 'ഔദാര്യം' നൽകും പോലെ കയ്യിൽ വെച്ചു കൊടുത്തതല്ല ഈ സഹായം. ഓൺലൈൻ വഴിയും എം.എൽ.എമാർ മുഖേനയും അപേക്ഷ നൽകിയ അർഹർക്കാണ് ഇരുചെവിയറിയാതെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ചികിത്സാ സഹായത്തുക ട്രാൻസ്ഫർ ചെയ്തു കൊടുത്തത്. ഒരു സംസ്ഥാന സർക്കാരും ഇത്രയും ഭീമമായ സംഖ്യ ചികിൽസാ സഹായമായി അനുവദിച്ചത് ചൂണ്ടിക്കാണിക്കാനാവില്ല. പൊതുവിപണിയിൽ വില നിയന്ത്രിക്കാൻ വിവിധ മാർഗ്ഗങ്ങളിലൂടെ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ഗവൺമെൻ്റ് വിനിയോഗിച്ചത് 14,000 കോടിയോളം രൂപയാണ്. എൻ.എസ്.ഒ-യുടെ കണക്കു പ്രകാരം ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് അനുഭവപ്പെട്ട സംസ്ഥാനം കേരളമാണ്. രാജ്യത്ത് ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള സംസ്ഥാനമാണ് കേരളം. അതേസമയം ഓരോ വർഷവും പബ്ലിക്ക് സർവീസ് കമ്മിഷൻ മുഖേന മുപ്പതിനായിരം പേർക്ക് സർക്കാർ സർവീസിൽ ജോലി നൽകാൻ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലയളവിൽ സാധിച്ചു. അങ്ങിനെ എട്ടു വർഷം കൊണ്ട്, ആകെമൊത്തം 2,27,800 പേർക്കാണ് സർക്കാർ ജോലി ലഭിച്ചത്. 140 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പബ്ലിക് സർവീസ് കമ്മീഷനുകൾ മുഖേന 2024-ൽ 51,498 നിയമനങ്ങളാണ് നടന്നത്. ഇതിൽ 34,410 നിയനങ്ങളും നടത്തിയത് കേരള പി.എസ്.സിയാണ്. 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 2024-ൽ വെറും 4120 പേരെയാണ് പി.എസ്.സി വഴി സർക്കാർ ജോലികളിൽ നിയമിച്ചത്. ഇതൊക്കെ ഏതൊരാൾക്കും ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ പോയി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

എസ്.സി, എസ്.ടി വിഭാഗങ്ങളും ഹൈന്ദവ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളും, മുസ്ലിങ്ങളും, ക്രൈസ്തവരും, മറ്റു ന്യൂനപക്ഷങ്ങളും ഏറ്റവും വലിയ സൗഖ്യത്തിലും ക്ഷേമത്തിലും മനസ്സമാധാനത്തിലും ജീവിക്കുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് അവകാശപ്പെട്ടതാണ്. ഏത് ജനവിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും ഭിന്നമായി മികച്ച ജീവിത നിലവാരവും സാമൂഹ്യ അവസ്ഥയും കേരളത്തിലുണ്ട്. അതിൽ വിഷം കലർത്താൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നത് മറക്കുന്നില്ല. അത് നാം ജാഗ്രതയോടെ നേരിടണം. അസഹിഷ്ണുതയുടെ രാഷ്ട്രീയം, ഏത് മതവുമായി ബന്ധപ്പെട്ടതാകട്ടെ, ഒരിക്കൽ മനസ്സിനുള്ളിലേക്ക് കയറാൻ അനുവദിച്ചാൽ പിന്നീട് അതിനെ പടിയിറക്കാൻ നന്നേ ക്ലേശിക്കേണ്ടിവരും. വർഗീയ മത്ത് തലക്ക് പിടിച്ചാൽ അതിറങ്ങാൻ കുറച്ച് പ്രയാസപ്പെടേണ്ടി വരും. ചിലപ്പോൾ ആജീവനാന്തം ആ വിപൽക്കരമായ ചുഴിയിൽ നിന്ന് രക്ഷപ്പെടാനാകാതെ കാലയവനികക്കുള്ളിൽ മറയുകയും ചെയ്യുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.

''ഞാൻ സ്വയം 10-12 പേരെ കൊന്നു... ഞങ്ങൾ മുസ്ലിംകളെ ഒന്നടങ്കം തീർത്തു. ഒരു ഗർഭിണിയുടെ വയർ കീറി ഗർഭപിണ്ഡം പുറത്തെടുത്തു. അതെന്തൊരു 'ആനന്ദ"മായിരുന്നെന്നോ? നരോദ്യ പാട്യ പട്ടണത്തിൽ, നൂറിലധികം പേരെയാണ് ഞങ്ങൾ വധിച്ചത്. കുടുംബങ്ങളെ ജീവനോടെയാണ് ഞാൻ തീ വെച്ച് കത്തിച്ചത്. പോലീസ് ഞങ്ങളെ സഹായിച്ചു... മോദി (അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി) ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളെ അദ്ദേഹം പുകഴ്ത്തുമായിരുന്നു.

ഞങ്ങൾക്ക് ഒരു 'ഫ്രീ ഹാൻഡ്' ലഭിച്ചു. ആരും ഞങ്ങളെ തടഞ്ഞില്ല. എൻ്റെ പ്രവൃത്തിയിൽ ഒരിക്കലും ഞാൻ പശ്ചാത്തപിക്കുന്നില്ല... മുസ്ലിങ്ങൾ മൃഗങ്ങളാണ്, അവരെ കൊല്ലണം! അതൊരു ഹരമാണ്. എല്ലാറ്റിനേയും കൊന്നൊടുക്കിയ ശേഷം രാത്രി സുഖമായി ഞാൻ ഉറങ്ങി. എന്നെ തൂക്കാൻ വിധിച്ചാലും എനിക്ക് കുഴപ്പമില്ല. എന്നെ കൊല്ലുന്നതിന് മുമ്പ് രണ്ടു ദിവസം പുറത്തിറങ്ങാൻ അവസരം കിട്ടിയാൽ 50000 മുസ്ലിംകളെയെങ്കിലും ഞാൻ കൊല്ലും" (തെഹൽക്ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷൻ്റെ ലിങ്ക് :https(:)//youtu(dot)be/mfnTl_Fwvbo?si=v_4Lpxfq8yGIaU4_)

2007-ൽ ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗി പറഞ്ഞ വാക്കുകളുടെ ആകെത്തുകയാണ് മുകളിൽ ഉദ്ധരിച്ചത്. ഈ നികൃഷ്ടനാണ് വിവാദമായ "എമ്പുരാൻ" സിനിമയിലെ വില്ലൻ കഥാപാത്രം! തെഹൽക്ക രഹസ്യക്യാമറ വെച്ച് അദ്ദേഹവുമായി നടത്തിയ അഭിമുഖം മുഴുവനായും യു ട്യൂബിൽ ലഭ്യമാണ്. അതേ പേരിൽ തന്നെയാണ് ആത്മാവ് വെട്ടിമാറ്റാത്ത "എമ്പുരാനി"ൽ വില്ലൻ കടന്നു വരുന്നത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നൽകിയ നരാധമൻമാരിൽ സാത്താൻ്റെ മുഖവും പിശാചിൻ്റെ മനസ്സുമുള്ളവൻ! തെഹൽക്ക സീനിയർ കറസ്പോണ്ടൻ്റ് ആയിരുന്ന ആശിഷ് ഖേതൻ, സ്വന്തം ഷർട്ടിൻ്റെ ബട്ടൻ ഹോളിൽ ഘടിപ്പിച്ച ഒളിക്കാമറയിലാണ് ബാബു ബജ്റംഗിയുടെ വാക്കുകളും രൂപവും ഒപ്പിയെടുത്തത്. വിഭജന ശേഷം രാജ്യം കണ്ട പൈശാചികവും അതിക്രൂരവുമായ കൂട്ടക്കൊലയായി അടയാളപ്പെടുത്തപ്പെട്ട ഗുജറാത്ത് വംശഹത്യയിൽ താനും സംഘവും ചെയ്ത "ധീരകൃത്യ"ങ്ങളാണ് ബാബു ബജ്റംഗി, തെഹൽക്ക കറസ്പോണ്ടിനോട് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശദീകരിച്ചത്. നരോദ്യപാട്യയിലാണ് 92 പേർ കൊല്ലപ്പെട്ട ഹിംസാ താണ്ഡവം ബജ്റംഗിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്.

2002 ഫെബ്രവരി 27-ന് ഗോധ്രയിലെ സബർമതി എക്സ്പ്രസിന് തീപിടിച്ച് 59 പേർ വെന്തുമരിച്ചിരുന്നു. അതുചെയ്തത് മുസ്ലിങ്ങളാണെന്ന് ആരോപിച്ചാണ് ഗുജറാത്തിലെ വംശഹത്യക്ക് തീ കൊളുത്തിയത്. തീവണ്ടിക്കുള്ളിൽ നിന്നാണ് തീ പടർന്നതെന്നാണ് ഫൊറൻസിക് വിദഗ്ധർ പറഞ്ഞത്. തീവണ്ടിയിലാകട്ടെ കർസേവകരല്ലാത്ത ആരും ഉണ്ടായിരുന്നില്ല. ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട് മുഴുവനായും വെളിച്ചം കണ്ടിട്ടില്ല. ഗോധ്ര റെയിൽവേ സ്റ്റേഷനടുത്ത് താമസിക്കുന്ന പാവപ്പെട്ട മുസ്ലിങ്ങൾ പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരാണ്. അവർ ഒരു ഘട്ടത്തിലും ഒരുതരത്തിലുള്ള വർഗ്ഗീയ സംഘർഷങ്ങളിലും കശപിശകളിലും ഏർപ്പെട്ടതായി എവിടെയും ഇല്ല. റെയിൽവേ സ്റ്റേഷനിൽ ചായയും പലഹാരങ്ങളും വിറ്റ് ഉപജീവനം നടത്തി ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ. അവരൊരിക്കലും ഇത്തരത്തിലുള്ള ഹീന കൃത്യത്തിന് മുതിരില്ലെന്നാണ് സ്ഥലം സന്ദർശിച്ച രാഷ്ട്രീയ നേതാക്കളും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയത്. ഇന്ദ്രപ്രസ്ഥം ബി.ജെ.പിയുടെ കൈകളിൽ അനന്തമായി അമരാൻ ആത്യന്തികമായി വഴിവെച്ച ഗുജറാത്ത് കലാപം, ബോധപൂർവ്വം ഉണ്ടാക്കാൻ, മെനഞ്ഞെടുത്ത "കാരണ"മായിരുന്നു ഗോധ്ര തീവണ്ടി ദുരന്തമെന്നാണ് അന്തർദേശീയ വാർത്താമാധ്യമങ്ങളും ഇന്ത്യയിലെ നിഷ്പക്ഷ പത്രപ്രവർത്തകരും നിരീക്ഷിച്ചത്.

തുടർന്ന് ഗുജറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണ പരമ്പരകളിൽ രണ്ടായിരത്തോളം ആളുകളാണ് വധിക്കപ്പെട്ടത്. ആയിരങ്ങൾ ഭവനരഹിതരായി. കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയോ തീനാളങ്ങൾ നക്കിത്തുടക്കുകയോ ചെയ്തു. ഗുജറാത്ത് പോലീസ്, അക്രമം തടയാൻ ഒന്നും ചെയ്തില്ല. പോലീസ് പൂർണ്ണ പരാജയമായിരുന്നെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.'നിരാലംബരായ സ്ത്രീകളും കുട്ടികളും കത്തിയെരിയുമ്പോൾ ആധുനിക നീറോ ചക്രവർത്തി മറ്റെവിടെയോ നോക്കിയിരിപ്പായിരുന്നു' : ജസ്റ്റിസ് ദൊരെസ്വാമി രാജു, ജസ്റ്റിസ് അരിജിത് പസായത്ത് എന്നിവരടങ്ങുന്ന ബെഞ്ച് തുറന്നടിച്ചു. സുപ്രീംകോടതിയുടെ വിമർശനത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ കരൺ ഥാപ്പർ, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് അഭിമുഖത്തിൽ ചോദിച്ചു. കോടതി ഉത്തരവിൽ തനിക്കെതിരെ പരാമർശം ഇല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഗുജറാത്ത് വംശഹത്യയെ കുറിച്ച് ചോദ്യം ആവർത്തിച്ചപ്പോൾ, ഒരു ഗ്ലാസ്സ് വെള്ളം വാങ്ങിക്കുടിച്ച് അഭിമുഖം നിർത്തി ഇറങ്ങിപ്പോവുകയാണ് മോദി ചെയ്തത്.

മണിപ്പൂർ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളും ഇതോടൊപ്പം ചേർത്തു വായിക്കണം. നൂറുകണക്കിന് മനുഷ്യർക്കാണ് മണിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടത്. ഒരു സമൂഹം മുഴുവൻ വാസസ്ഥലങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അവരുടെ ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും കൃഷിയിടങ്ങളും അഗ്നിക്കിരയാക്കി. നിരവധി ക്രൈസ്തവ ദേവാലയങ്ങൾ നിഷ്കരുണം തകർത്തു. പുരോഹിതരെ വെട്ടിവീഴ്ത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ ക്രൈസ്തവ, ക്രൈസ്തവേതര ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കി. അവർ പരസ്പരം അടുക്കാനുള്ള സാദ്ധ്യതകൾ കഴിയുന്നിടത്തോളം വിദൂരമാക്കി. ത്രിപുരയിലാകട്ടെ ഭൂരിപക്ഷ വർഗ്ഗീയവാദികളുടെ അതിക്രമങ്ങൾക്കും കൊലക്കത്തിക്കും ഇരയായത് കമ്മ്യൂണിസ്റ്റുകാരാണ്. പ്രത്യയശാസ്ത്ര ശത്രുക്കളെ മുഴുവൻ വിപാടനം ചെയ്യുക എന്ന സംഘ്പരിവാർ ശൈലിയുടെ പ്രയോഗവൽക്കരണമാണ് എങ്ങും എവിടെയും കൊടുമ്പിരി കൊണ്ടത്. ഗോൾവാൾക്കർ വിചാരധാരയിൽ അഭിപ്രായപ്പെട്ട ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും ഇല്ലാത്ത ഭാരതമാണ് തീവ്രഹിന്ദുത്വ ശക്തികളുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇന്ത്യയിൽ നടന്നുവരുന്ന വർഗ്ഗീയ കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും വംശഹത്യകളും. എല്ലാ ഫാസിസ്റ്റ്-അർധ ഫാസിസ്റ്റ് മനോഭാവങ്ങൾക്കും എതിരെ ബദൽ സൃഷ്ടിക്കാനുള്ള യജ്ഞത്തിലാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി. അതിന് ചുക്കാൻ പിടിക്കുന്നത് പിണറായി വിജയനെന്ന വർഗ്ഗീയവാദികളുടെ പേടിസ്വപ്നവും.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളും അധസ്ഥിതരും വേട്ടയാടപ്പെടുമ്പോൾ കേരളം മാത്രം എങ്ങനെ ശാന്തമായി? കർണ്ണാടകയിൽ ഉൾപ്പടെ മുസ്ലിം ആരാധനാലയങ്ങളുടെ മേൽ സംഘ്പരിവാരങ്ങൾ അവകാശവാദങ്ങൾ ഉയർത്തുമ്പോൾ കേരളത്തിൽ അതൊന്നും വിലപ്പോകാത്തത് പിണറായി സർക്കാരിൻ്റെ കർക്കശ നിലപാടുകൾ കൊണ്ടുകൂടിയാണ്. അരനൂറ്റാണ്ട് രാജ്യം ഭരിച്ച് സാധാരണ മരണം പൂകിയ ഔറംഗസേബിൻ്റെ ശവകുടീരമുൾപ്പടെ തകർക്കാൻ 'സംഘ് കുടുംബം' ഒളിയും മറയുമില്ലാതെ രംഗപ്രവേശം ചെയ്തപ്പോൾ, കേരളത്തിൽ ഒന്ന് വിരലനക്കാൻ പോലും ഹിന്ദുത്വ ശക്തികൾക്ക് ധൈര്യം വരാത്തതിൻ്റെ കാരണം ഇവിടുത്തെ സംഘിക്കൂട്ടങ്ങൾ മര്യാദ രാമൻമാരായതല്ല. സുശക്തമായ ഒരു കമ്മ്യൂണിസ്റ്റ് ഭരണവും അതിനെ ചുമലിലേറ്റുന്ന നട്ടെല്ലുള്ള ഒരു മതനിരപേക്ഷ സമൂഹവും കേരളത്തിൽ സുഭദ്രമാണെന്ന തിരിച്ചറിവാണ്.

കൊടും ചൂടിൽ പോലും ഒരു ദിവസം പവർകട്ട് ഏർപ്പെടുത്താത്ത സർക്കാരിനെ എങ്ങിനെ അഭിനന്ദിച്ചാലാണ് മതിയാവുക? തരിശു നിലങ്ങളിൽ മുഴവൻ കൃഷിയിറക്കിച്ച് പച്ചപ്പ് സൃഷ്ടിക്കാൻ ''ഹരിത കേരളം" പദ്ധതി ആരംഭിച്ച പിണറായി ഗവൺമെൻ്റ്, സമാധാനപൂർണ്ണമായ ജീവിതവും മലയാള മണ്ണിൽ ഉറപ്പാക്കി. മതമൈത്രിയുടെ ഈറ്റില്ലമായ കേരളത്തെ ഒരു കാരണവശാലും ആർ.എസ്.എസിന് തീറെഴുതിക്കൊടുത്തുകൂട. എല്ലാ വർഗ്ഗീയ ശക്തികളെയും മാറിമാറി താലോലിക്കുന്ന യു.ഡി.എഫിനും ഈ സംസ്ഥാനം അടിയറ വെച്ചുകൂട. റവന്യൂ ഭരണത്തിൽ നിന്നുൾപ്പടെ സർവ്വ ഭരണ കേന്ദ്രങ്ങളിൽ നിന്നും അഴിമതിയുടെ പ്രേതത്തെ കെട്ടുകെട്ടിച്ച്, എല്ലാ പ്രതിസന്ധികളിൽ നിന്നും കേരളത്തെ സംരക്ഷിച്ച്, വികസനത്തിൻ്റെ പുത്തൻ ഭൂമികയിലേക്ക് ഉറച്ച കാൽവെപ്പുകളോടെ കേരളത്തെ വഴിനടത്തുന്ന ചുവപ്പൻ സർക്കാരിനല്ലാതെ മറ്റാർക്കാണ് മലയാളികൾ ഒരു മൂന്നാമൂഴം നൽകുക?

K.T. Jaleel, in a Facebook post, links the 'Empuraan' controversy to Gujarat violence, asserting Kerala's safety under LDF rule and highlighting the state's development and secular stance. He criticizes UDF's past and praises LDF's governance, urging for its continuation.

#KTJaleel #KeralaPolitics #Empuraan #GujaratViolence #LDF #Secularism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia