Controversy | ഹേമ കമിറ്റി റിപോര്‍ട്: നിലവിലെ ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയ കേസെടുക്കാമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി: (KVARTHA) ഹേമ കമിറ്റി റിപോര്‍ടില്‍ നിലവിലെ ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയ കേസെടുക്കാമെന്ന് വ്യക്തമാക്കി മന്ത്രി കെഎന്‍ ബാലഗോപാല്‍. ഹേമ കമിറ്റി റിപോര്‍ടുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ കേസെടുക്കാന്‍ പറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന ഇല്ലെന്നുമായിരുന്നു ഇതിനോടുള്ള മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ പ്രതികരണം:
പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതില്‍ സാങ്കേതിക വശം പറയാന്‍ ഞാന്‍ ഇപ്പോള്‍ ആളല്ല. എന്നാല്‍, ഒരു കാര്യം വ്യക്തമായി പറയാം, നേരിട്ട് പരാതി ഉണ്ടങ്കിലോ ഇല്ലെങ്കിലോ സ്വമേധയോ കേസെടുക്കാന്‍ ഇന്‍ഡ്യയില്‍ നിയമസംവിധാനമുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ല. പരിഷ്‌ക്കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. നിയമത്തിന്റെ മുന്നില്‍നിന്ന് ഏത് രംഗത്ത് ഉള്ളവരായാലും ഒഴിഞ്ഞുമാറാന്‍ പറ്റില്ല, അദ്ദേഹം വ്യക്തമാക്കി.
ഹേമ കമിറ്റി റിപോര്‍ടില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നായിരുന്നു സര്‍കാരിന്റെ ഇതുവരെയുള്ള പൊതുനിലപാട്. ഇതിനെതിരെ ഡബ്ല്യു സിസിയിലെ താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇനി തങ്ങള്‍ പരാതിയും നല്‍കണോ എന്നായിരുന്നു താരങ്ങള്‍ ചോദിച്ചത്. അത് സര്‍കാരിന്റെ ഉത്തരവാദിത്തമല്ലേ എന്നും ചോദിച്ചിരുന്നു.
കേവലം ഒരു ജനറല്‍ റിപോര്‍ടിന്റെ ഭാഗമായി ഇന്ന വ്യക്തി അല്ലെങ്കില്‍ ഇന്ന സ്ഥാപനത്തിന് എതിരെ നടപടികള്‍ എടുക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്നായിരുന്നു മുന്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ ഇതേകുറിച്ചുള്ള പ്രതികരണം. സമാന നിലപാടായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സ്വീകരിച്ചത്.
റിപോര്‍ടില്‍ ഏതെങ്കിലും വിഷയത്തില്‍ കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമയുടെ കമിറ്റി മുന്നോട്ടു വെച്ചിട്ടില്ലെന്നും അതിനപ്പുറം മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ജസ്റ്റിസ് ഹേമ കമിറ്റി റിപോര്‍ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടുവന്നാല്‍ സര്‍കാരില്‍നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
#HemaCommittee #KNBalagopal #KeralaNews #LegalActions #WCC #IndianLaw