Hemant Soren | ചമ്പായി സോറൻ രാജിവെച്ചു; ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചുവരുന്നു
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ജനുവരി 31ന് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു
റാഞ്ചി: (KVARTHA) ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ രാജിവെച്ചു. ഇതോടെ ജെഎംഎം പ്രസിഡൻ്റ് ഹേമന്ത് സോറന് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി തിരിച്ചെത്താനുള്ള വഴിയൊരുങ്ങി. റാഞ്ചിയിലെ രാജ്ഭവനിൽ ഗവർണർ സി പി രാധാകൃഷ്ണന് ചമ്പായി സോറൻ രാജിക്കത്ത് സമർപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്‌തു. ബുധനാഴ്ച രാവിലെ, ചമ്പായി സോറൻ്റെ വസതിയിൽ നടന്ന യോഗത്തിൽ സഖ്യത്തിൻ്റെ നേതാക്കളും എംഎൽഎമാരും ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ജനുവരി 31ന് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം ഫെബ്രുവരി രണ്ടിന് ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ സഖ്യ സർക്കാരിൻ്റെ മുഖ്യമന്ത്രിയായി ചമ്പായി സോറൻ ചുമതലയേറ്റു. ജൂൺ 28ന് ജാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഹേമന്ത് സോറൻ ജയിൽ മോചിതനായി.
തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അഞ്ച് മാസം ജയിലിൽ കിടക്കേണ്ടി വന്ന ഹേമന്ത് സോറൻ പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് മൂന്നാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്.