Controversy | 'അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം': ഹിൻഡൻബർഗിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ കുടുങ്ങി സെബി ചെയർപേഴ്‌സൻ; വിവാദം
വെളിപ്പെടുത്തൽ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനത്തിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് ആക്ഷേപം
ന്യൂഡൽഹി: (KVARTHA) അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ച് അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഫ്‌ഷോർ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗൗദം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്‌ഷോർ ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ വെളിപ്പെടുത്തലുകൾ കാണിക്കുന്നു. ഇത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ.
സെബിയിലെ നിയമനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, മാധബി പുരി ബച്ചിൻ്റെ ഭർത്താവ് ധവൽ ബുച്ച് മൗറീഷ്യസ് ആസ്ഥാനമായുള്ള ഫണ്ട് അഡ്മിനിസ്ട്രേറ്റർ ട്രൈഡൻ്റ് ട്രസ്റ്റിന് ഇമെയിൽ അയച്ചിരുന്നുവെന്ന് ഹിൻഡൻബർഗ് റിസർച്ച് പറഞ്ഞു. ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ അദ്ദേഹത്തിൻ്റെയും ഭാര്യയുടെയും നിക്ഷേപത്തെക്കുറിച്ച് അതിൽ പരാമർശമുണ്ടെന്നാണ് വെളിപ്പെടുത്തൽ.
NEW FROM US:
— Hindenburg Research (@HindenburgRes) August 10, 2024
Whistleblower Documents Reveal SEBI’s Chairperson Had Stake In Obscure Offshore Entities Used In Adani Money Siphoning Scandalhttps://t.co/3ULOLxxhkU
രാഷ്ട്രീയ പ്രതികരണങ്ങൾ:
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് വലിയ പ്രതിഷേധം ഉയർന്നു. വെളിപ്പെടുത്തലുകൾ സെബിയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം, രാജ്യത്തെ സാമ്പത്തിക സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിപ്പിക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സെബി മേധാവി മാധബി ബുച്ചിൻ്റെ രാജി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നിലനിൽക്കുന്ന അന്വേഷണം കണക്കിലെടുത്ത് സെബി ചെയർപേഴ്സനെ ഉടൻ സസ്പെൻഡ് ചെയ്യുകയും അവരും ഭർത്താവും രാജ്യം വിടുന്നത് തടയാൻ എല്ലാ വിമാനത്താവളങ്ങളിലും ഇൻ്റർപോളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും ടിഎംസി വക്താവ് പറഞ്ഞു
ദമ്പതികളുടെ പ്രതികരണം
അതേസമയം സെബി ചെയർപേഴ്‌സൺ മാധബി ബുച്ചും അവരുടെ ഭർത്താവും ഈ ആരോപണങ്ങളെ നിഷേധിച്ചു. ഞങ്ങളുടെ ജീവിതവും സാമ്പത്തിക അക്കൗണ്ടുകളും ഒരു തുറന്ന പുസ്തകം പോലെയാണെന്നും ആവശ്യമായ എല്ലാ വിവരങ്ങളും വർഷങ്ങളായി സെബിക്ക് നൽകിയിട്ടുണ്ടെന്നും ദമ്പതികളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. മാധബി പുരി ബച്ചിൻ്റെ ഭർത്താവ് ധവൽ ബുച്ച് നിലവിൽ പ്രശസ്ത നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌സ്റ്റോണിലും അൽവാരസ് ആൻഡ് മാർഷലിലും ഉപദേശകനാണ്. ഗിൽഡൻ്റെ ബോർഡിൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ വർഷം ജനുവരിയിൽ, ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ വൻ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പ് അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, സ്റ്റോക്ക് മാർക്കറ്റിൽ കൃത്രിമം നടത്തി ഓഹരി വില വർദ്ധിപ്പിച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയിൽ വൻ ഇടിവുണ്ടാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ച റിപ്പോർട്ട് പുറത്തുവന്ന് ഏകദേശം 18 മാസങ്ങൾക്ക് ശേഷമാണ് ഹിൻഡൻബർഗ് റിസർച്ചിൻ്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.