Criticism | മുസ്ലിംകളെ മുഴുവൻ നാടുകടത്തണം പോലും! ഒരു കേന്ദ്രമന്ത്രിക്ക് ഇങ്ങനെ പറയാനാകുന്നതെങ്ങനെ?
സോണി കല്ലറയ്ക്കൽ
(KVARTHA) മുസ്ലിംകളെയല്ല (Muslims), കുറച്ച് വർഗീയവാദികളെ നാട് കടത്തിയാൽ മതി ഈ രാജ്യം (Country) രക്ഷപ്പെടും, ഇന്ത്യയെന്നത് (India) ആരുടെയെങ്കിലും വകയാണോ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ (Party) ചിലർക്ക് മുസ്ലിങ്ങളോടും മുസ്ലിം സമുദായത്തോടും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പകയല്ലേ പ്രതിഫലിക്കുന്നത്, അങ്ങനെയെങ്കിൽ ഇവർക്ക് കേന്ദത്തിൽ ഏകപക്ഷീയമായ ഭരണം കിട്ടിയിരുന്നെങ്കിൽ ന്യൂനപക്ഷങ്ങളുടെ (Minority) അവസ്ഥ എന്താകുമായിരുന്നു, കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില പ്രതികരണങ്ങളാണ് ഇവ.
1947ന് മുമ്പ് മുസ്‌ലിംകളെ പാകിസ്ഥാനിലേക്ക് (Pakistan) നാടുകടത്തിയിരുന്നെങ്കില്‍ എന്ന കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിംഗിന്റെ (Giriraj Singh) പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ശരിക്കും ഒരു മന്ത്രിക്ക് (Minister) നിരക്കാത്ത രീതിയിൽ ഒരു വിദ്വേഷ പരാമര്‍ശം തന്നെയാണ് അദേഹം നടത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന വ്യാപക വിമർശനം.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്: '1947ന് മുമ്പ് മുസ്‌ലിംകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില്‍ ഇന്ത്യ ഇതിലും നന്നായേനെ. ഇന്ത്യയുടെ ഭാഗ്യദോഷം കൊണ്ടാണ് അങ്ങനെ ഒരു കാര്യം നടക്കാതിരുന്നത്,. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിടുന്നവര്‍ സനാതന ധര്‍മത്തിനെതിരെ ആക്രമണം നടത്തുകയാണ്. മുസ്‌ലിംകളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചതാണ് ഏറ്റവും വലിയ തെറ്റ്'.
കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടാനും സബ് കാ സാത്ത്, സബ് കാ വികാസ് എന്നീ മുദ്രാവാക്യങ്ങള്‍ വലിച്ചെറിയാനും ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന. മുസ്‌ലിംകള്‍ ഹിന്ദുക്കളെന്ന വ്യാജേന കടകള്‍ തുറക്കരുതെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്. നവാഡയില്‍ നിന്ന് ഒരു തവണയും ബെഗുസാരായിയില്‍ നിന്ന് രണ്ട് തവണയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിരിരാജ് സിങ്ങിന്റെ വിദ്വേഷ പ്രസ്താവനകള്‍ ആര്‍.എസ്.എസ് ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മതത്തിന്റെ പേരിലാണ് രാജ്യം വിഭജിച്ചതെങ്കില്‍ മുസ്‌ലിംങ്ങളെ ഇവിടെ തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് പാഞ്ചജന്യയിലൂടെ കേന്ദ്രമന്ത്രി ചോദിക്കുന്നുണ്ട്. അതേസമയം ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ പേരില്‍ കടതുറക്കരുതെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു ഗിരിരാജ് സിങ് നേരത്തെ നടത്തിയ പരാമര്‍ശം. എന്നാല്‍ ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിക്കുകയുണ്ടായി.
എന്തായാലും മന്ത്രിയുടെ നാവിൽ നിന്നും അടർന്നു വീഴുന്നത് വർഗീയ വിഷം തന്നെയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യയെ എങ്ങനെ നശിപ്പിക്കണം എന്ന ഒരേയൊരു ചിന്ത മാത്രമാണ് ഇത്തരക്കാർക്കെന്നും വികസനം ഒന്നും പറയാനില്ല, വർഗീയത മാത്രമാണ് വിളമ്പുന്നതെന്നുമാണ് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചത്. 'മുസ്ലിങ്ങൾ അവരുടെ രാജ്യത്തെ ഒറ്റികൊടുക്കില്ല, ഒരു ക്ഷേത്രവും അവർ നശിപ്പിക്കില്ല, ഈ രാജ്യത്തിൻ്റെ മതസൗഹാർദവും സാഹോദര്യവും നിലനിൽക്കണം എന്നു ആഗ്രഹിക്കുന്നവരാണ് അവർ, മറിച്ച് ചില ഹിന്ദുത്വവാദികൾ ബീഫിൻ്റെ പേരും പറഞ്ഞു പാവപ്പെട്ടവരേ അടിച്ചു കൊല്ലുന്നു, അവർ തന്നെ ബീഫ് കയറ്റുമതി ചെയ്യുന്നു', എന്നായിരുന്നു നെറ്റിസൻസിന്റെ പ്രതികരണം.
'വർഗീയതയിലൂടെ ഈ രാജ്യത്തിൻ്റെ വികസനം നശിപ്പിച്ചു, ഈ രാജ്യത്തിലെ പലതും വിറ്റുതുലച്ചു, സർക്കാർ ഈ രാജ്യത്തിന് വേണ്ടി ചെയ്ത 10 നല്ല കാര്യങ്ങൾ മന്ത്രിയ്ക്കും കൂട്ടർക്കും പറയാനാവുമോ?', എന്നിങ്ങനെയും പ്രതികരണങ്ങളുണ്ടായി. 2014 മുൻപ് ചൈനയുമായി മത്സരിച്ച രാജ്യം ആണ് നമ്മുടെ ഇന്ത്യാ. ഇന്ന് ചൈന അമേരിക്കയുമായി മത്സരിക്കുന്നു, നമ്മുടെ രാജ്യം കോടികൾ കടത്തിലേക്ക് തള്ളപ്പെട്ടു, എത്ര നാൾ വർഗീയതയുടെ മറവിൽ കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കും, പ്രത്യേകിച്ച് ഇവിടെയുള്ള മുസ്ലിങ്ങളെയും മുസ്ലിം സമുദായത്തെയുമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം.
'ഈ രാജ്യത്തെ ഒരു മുസ്ലിമും ഒരു മതത്തെയും ഇവിടെ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ല. ആരുടെയും പള്ളികൾ തകർത്തിട്ടുമില്ല. അന്യമതസ്ഥരെ മുഴുവൻ ആക്രമിക്കുന്നതും അവരെയൊക്കെ അടിച്ചാക്ഷേപിക്കുന്നത് മുസ്ലിം സമുദായത്തിൻ്റെ നിലപാട് അല്ല. മുസ്ലിംങ്ങൾ ബ്രിടീഷുകാരോട് പൊരുതി. അവരുടെ ആക്രമണം സഹിച്ച് കെട്ടിപൊക്കി ഉണ്ടാക്കിയതാണ് ഈ ഇന്ത്യ രാജ്യം', എന്നാണ് പ്രസ്താവനയോട് ചിലർ പ്രതികരിച്ചത്.
ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇത് പ്രഖ്യാപിച്ചിരിക്കുന്നു.
എല്ലാ പൗരന്മാർക്കും അവരുടെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും ഉള്ള അവകാശം ഉണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും പാടില്ല. എല്ലാ പൗരന്മാർക്കും നിയമത്തിന് മുന്നിൽ സമത്വം ഉണ്ട്. വിഷം ചീറ്റുന്നവരെ നിയന്തിക്കുകയും നിയമനടപടികൾ കൈകൊള്ളുകയും ചെയ്‌താൽ മാത്രമേ ഇവിടുത്തെ വർഗീയ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ഒപ്പം ഇവിടെ സമാധാനവും നിലനിർത്താനും സാധിക്കുള്ളൂവെന്നാണ് ജനം പറയുന്നത്.
sp മതേതരത്വം ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്