Crisis | മുകേഷിന്റെ 'രാജി' കോണ്‍ഗ്രസിനെ വെട്ടിലാക്കിയതെങ്ങനെ?

 
cinema-actor-mukesh.jpg, Mukesh's resignation crisis Affecting Congress
cinema-actor-mukesh.jpg, Mukesh's resignation crisis Affecting Congress

Photo Credit: FaceBok/ Mukesh M

ബലാല്‍സംഗക്കേസുകളില്‍ രണ്ട് പേര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശക്തി പ്രതിപക്ഷ നേതാവിനോ, കെപിസിസി പ്രസിഡന്റിനോ ഇല്ലെന്നത് സിപിഎമ്മിന് ആശ്വാസമാണ്

ആദിത്യൻ ആറന്മുള 

(KVARTHA) നടനും എംഎല്‍എയുമായ മുകേഷിനെതിരെ അതീവഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടും പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജി ആവശ്യം ശക്തമാക്കാനാകാതെ പ്രതിസന്ധിയില്‍. സമാനമായ ലൈംഗിക പീഡന കേസുകള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നിലവിലുണ്ട് എന്നതാണ് അവരെ കുഴയ്ക്കുന്നത്. യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് പോലും ഇക്കാര്യം ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

Crisis

കോവളം, പെരുമ്പാവൂര്‍ എംഎല്‍എമാരായ എം വിന്‍സന്റും, എല്‍ദോസ് കുന്നപ്പിള്ളിയുമാണ് പീഡനക്കേസുകളില്‍ പ്രതികളായവര്‍. എല്‍ദോസ് ഇരയായ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇയാളുടെ രാജി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശേഷി യുഡിഎഫിനും കെപിസിസിക്കുമില്ലെന്നാണ് ചില നേതാക്കള്‍ വിലയിരുത്തുന്നത്. 

ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്ന ജനപ്രതിനിധികള്‍ രാജിവെച്ച കീഴ്വഴക്കമില്ലെന്ന് പറഞ്ഞാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവരെ സംരക്ഷിക്കുന്നത്. എന്നാല്‍ എല്ലാ പാർട്ടികളിലും ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

എറണാകുളം സ്വദേശിയായ അധ്യാപിക നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു അത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗിക പീഡനം നടത്തിയതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. കോവളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതുകൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നില്ല. 

കോവളത്ത് ഒരു വീട്ടമ്മ നല്‍കിയ പരാതിയില്‍ എം.വിന്‍സെന്റ് എം.എല്‍.എ അറസ്റ്റിലായിരുന്നു. ആ കേസിപ്പോള്‍ അന്വേഷണം നിലച്ച മട്ടാണ്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി സിപിഎം അതിനെ ഉപയോഗിച്ചെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ബാലരാമപുരത്തുള്ള വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കോവളം എംഎല്‍എ വിന്‍സെന്റ് 2017ല്‍ അറസ്റ്റിലായത്.  ഒരു മാസത്തോളം ജയിലില്‍ കിടന്നു. പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ടുമുണ്ട്.

ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു അത്. അവശയായ വീട്ടമ്മയെ പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണം  എംഎല്‍എയാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബാലരാമപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  എംഎല്‍എ കടയിലും വീട്ടിലുംവെച്ച് പീഡിപ്പിച്ചതായി വീട്ടമ്മ പൊലീസിന് മൊഴി നല്‍കി.  ഇക്കാര്യം ഒരു വൈദികനോടും കന്യാസ്ത്രീയോടും വെളിപ്പെടുത്തിയിരുന്നതായും മൊഴി നല്‍കിയിരുന്നു. അതോടെയാണ് എംഎല്‍എക്കെതിരെ ബലാത്സംഗത്തിനുകൂടി കേസെടുത്തത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴൊന്നും മുകേഷിന്റെ ഇത്തരം പ്രവര്‍ത്തികളെ കുറിച്ച് സിപിഎം നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സിപിഐക്കാരനായ മുകേഷിനെ സിപിഎം നേതൃത്വം അടര്‍ത്തിമാറ്റിക്കൊണ്ട് വന്നതും സംഗീതനാടക അക്കാദമി ചെയര്‍മാനും പിന്നീട് എംഎല്‍എയും ആക്കിയതും. ജനപ്രതിനിധി ആയ ശേഷം ദിലീപിനെ സംരക്ഷിക്കുന്ന കാര്യങ്ങളിലടക്കം മുകേഷും ഗണേഷും മുന്നില്‍ നിന്നു. അപ്പോഴെല്ലാം സിപിഎം മൗനംപാലിക്കുകയായിരുന്നു. ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പല നടിമാരും മുകേഷിനെതിരെ രംഗത്തെത്തി. 

അതില്‍ ചിലര്‍ക്കെതിരെ  മുമ്പും കേസുകളുണ്ടായിരുന്നെങ്കിലും അതൊന്നും ഈ കേസുകളുടെ ഗൗരവം കുറയ്ക്കുന്നതല്ല.  കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്, മിനു മൂനീര്‍ എന്നിവരാണ് അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുകേഷില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിട്ടെന്നാണ്  വെളിപ്പെടുത്തല്‍  ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും മുകേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പികെ ഗുരുദാസന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് മുകേഷിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനെ മത്സരപ്പിച്ചതിനെതിരെ അത് മുമ്പും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനെ പ്രതിരോധിക്കാനായി നേതാക്കളാരും രംഗത്ത് വന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിലുള്ള പരിഭവവും മുകേഷ് തന്റെ അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. സിനിമാ കോണ്‍ക്ലേവില്‍ നിന്ന് മുകേഷിനെ ഒഴിവാക്കി തടിതപ്പുകയാണ് ആദ്യം സിപി.എം ചെയ്തത്. എന്നാല്‍ അതില്‍ കാര്യങ്ങള്‍ അവസാനിക്കില്ല. മുകേഷിന്റെ രാജിയിലേ കാര്യങ്ങള്‍ അവസാനിക്കൂ. അത് രാഷ്ടീയ തിരിച്ചടിയായിരിക്കും.

നടി മീനു മുനീര്‍ കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് വിഎസ് ചന്ദ്രശേഖരനെതിരെയും മോശം പെരുമാറ്റം ആരോപിച്ചിരുന്നു.  ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞെങ്കിലും നടപടി  ഉണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി സ്ഥാനം ഒഴിഞ്ഞു. പക്ഷെ, യുഡിഎഫ് എംഎല്‍എമാര്‍ ഇപ്പോഴും ആ സ്ഥാനങ്ങളില്‍ തുടരുന്നു. അത് കോണ്‍ഗ്രസിനെ വല്ലാതെ കുഴപ്പിക്കുന്നു. 

ബലാല്‍സംഗക്കേസുകളില്‍ രണ്ട് പേര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശക്തി പ്രതിപക്ഷ നേതാവിനോ, കെപിസിസി പ്രസിഡന്റിനോ ഇല്ലെന്നത് സിപിഎമ്മിന് ആശ്വാസമാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറച്ചുവെച്ച ഭാഗങ്ങളില്‍ കുറ്റക്കാരായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ട്  പ്രകടനം നടത്തിയത് ഒഴിച്ചാല്‍ കാര്യമായ പ്രതിഷേധമൊന്നും നടത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.

 

#MukeshKumar, #CongressCrisis, #PoliticalStruggle, #UDF, #LegalIssues, #PartyPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia