Impeachment Process | എങ്ങനെയാണ് ഇന്ത്യയിൽ ഉപരാഷ്ട്രപതിയെ നീക്കുക? ഇംപീച്ച്മെന്റ് ചെയ്യാൻ പ്രതിപക്ഷ നീക്കം; അറിയാം നടപടിക്രമങ്ങൾ
● തിങ്കളാഴ്ചത്തെ സംഭവമാണ് പ്രതിപക്ഷത്തിൻ്റെ നീക്കത്തിന് പിന്നിലെ പ്രധാന കാരണമായി ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്.
● ഉപരാഷ്ട്രപതിയുടെ സ്ഥാനം ഇന്ത്യൻ ഭരണഘടനയിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷനാണ്.
ന്യൂഡൽഹി: (KVARTHA) ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇൻഡ്യ' മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. രാജ്യസഭാ ചെയർമാൻ പക്ഷപാതപരമായാണ് സഭാനടപടികൾ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. . അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയെന്ന് കോൺഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് അറിയിച്ചു.
തിങ്കളാഴ്ചത്തെ സംഭവമാണ് പ്രതിപക്ഷത്തിൻ്റെ നീക്കത്തിന് പിന്നിലെ പ്രധാന കാരണമായി ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്‌ച രാജ്യസഭയിൽ ഭരണകക്ഷി നേതാക്കൾക്ക് യഥേഷ്ടം സംസാരിക്കാൻ അവസരം നൽകിയ ധൻഖർ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചുവെന്നാണ് ആരോപണം. പാർലമെൻ്റിൻ്റെ നിലവിലെ സമ്മേളനത്തിൻ്റെ തുടക്കം മുതൽ, വ്യവസായി ഗൗതം അദാനിയുടെ വിഷയത്തിലും മറ്റ് പല വിഷയങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് തുടരുകയാണ്.
എങ്ങനെയാണ് ഉപരാഷ്ട്രപതിയെ നീക്കുക?
ഉപരാഷ്ട്രപതിയുടെ സ്ഥാനം ഇന്ത്യൻ ഭരണഘടനയിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷനാണ്. രാജ്യസഭയിലെ നടപടികൾക്ക് അധ്യക്ഷത വഹിക്കുകയും, നിയമനിർമ്മാണ പ്രക്രിയയിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഒരു ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ഇതാദ്യമായാണ്. എങ്ങനെയാണ് നടപടിക്രമങ്ങൾ എന്ന് അറിയാം.
● 14 ദിവസത്തെ നോട്ടീസ്: ഉപരാഷ്ട്രപതിയെ പുറത്താക്കാനുള്ള നടപടികൾ ആരംഭിക്കണമെങ്കിൽ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണം.
● അവിശ്വാസ പ്രമേയം കൊണ്ടുവരാൻ രാജ്യസഭാ ചെയർമാനെതിരെ കൃത്യമായ (നിശ്ചിത) ആരോപണങ്ങൾ ഉണ്ടാകണം.
● രാജ്യസഭയിൽ മാത്രം: ഈ നടപടി രാജ്യസഭയിൽ മാത്രമേ ആരംഭിക്കാൻ കഴിയൂ, കാരണം ഉപരാഷ്ട്രപതി രാജ്യസഭാ ചെയർമാൻ കൂടിയാണ്.
കേവല ഭൂരിപക്ഷം വേണം:
രാജ്യസഭയിലെ സിറ്റിംഗ് അംഗങ്ങളുടെ കേവലഭൂരിപക്ഷത്തിൽ ഇത് രാജ്യസഭയിൽ പാസാക്കിയതിന് ശേഷം ലോക്‌സഭയും കേവല ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷം പാസാക്കുന്ന ഒരു അവിശ്വാസ പ്രമേയം ലോക്‌സഭയും അംഗീകരിച്ചാൽ ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം.
എന്നാൽ, പുതിയ ഉപരാഷ്ട്രപതി പ്രവേശിക്കുന്നത് വരെ സ്ഥാനത്ത് തുടരണം. ഭരണഘടനയുടെ 67(ബി) ആർട്ടിക്കിൾ ഈ നടപടിക്രമത്തെ വിശദീകരിക്കുന്നു. ഭരണഘടന നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ ഇതേവരെ ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ ഇത് പാസാകാൻ സാധ്യതയില്ല.
#VicePresident, #Impeachment, #Parliament, #IndiaPolitics, #Opposition, #Government