Criticism | തെരുവ് നായ കടിച്ചാല്‍ സ്വമേധയാ കേസെടുക്കുന്ന മനുഷ്യാവകാശ കമ്മീഷൻ എഡിഎമ്മിന്റെ മരണത്തിൽ മൗനം പാലിക്കുന്നതെന്തിന്?
● മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തില്ല.
● മറ്റൊരാളുടെ പരാതിയിലാണ് കേസെടുത്തത്.
● മനുഷ്യാവകാശ കമ്മീഷൻ സാധാരണയായി വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാറുണ്ട്.
ദക്ഷാ മനു
(KVARTHA) കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ എഡിഎം നവീന്‍ ബാബു ജീവനൊടുക്കി. ഇതേ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധങ്ങള്‍ അരങ്ങേറി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സിപിഎം നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടു. എന്നിട്ടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തി.
തെരുവ് നായ ആരെയെങ്കിലും ആക്രമിച്ചാല്‍ സ്വമേധയാ കേസെടുക്കുന്ന കമ്മിഷന്‍ എന്തിനാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി ഇടപെടുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുക എന്നതാണ് മനുഷ്യാവകാശ കമ്മിഷന്റെ ലക്ഷ്യം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം എല്ലാ വ്യക്തികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ട്. അതിന്റെ നഗ്നമായ ലംഘനമാണ് കണ്ണൂരില്‍ നടന്നത്. അതിന് കാരണമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.
സാധാരണ പൊതുവിഷയങ്ങളില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുന്നതാണ്. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനോടുള്ള വിധേയത്വം കൊണ്ടാണോ കേസ് എടുക്കാത്തതെന്ന ചോദ്യം നിയമവിദഗ്ധര്‍ ഉന്നയിക്കുന്നു. സ്വതന്ത്ര ഭരണ സംവിധാനമാണ് മനുഷ്യാവകാശ കമ്മിഷന്‍. അവര്‍ കേസെടുത്താല്‍ പൊലീസിന് സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേ പറ്റൂ. അതൊഴിവാക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ട്. എഡിഎമ്മിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ കത്ത് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നത് അടക്കമുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്.
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന് അടക്കമുള്ള ശ്രദ്ധേയമായ കണ്ടെത്തലുകള്‍ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. അതിനാല്‍ എഡിഎമ്മിന്റെ മരണത്തിലും അത്തരത്തിലുള്ള അന്വേഷണം ആവശ്യമാണ്. എന്നാല്‍ അതിന് പകരം ആരെയോ കൊണ്ട് പരാതി കൊടുപ്പിച്ച ശേഷം കേസെടുക്കുകയാണ് ഉണ്ടായത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് പിപി ദിവ്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റാങ്കാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനുള്ളത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് നിലവിലെ ചെയര്‍മാന്‍. കെ ബൈജുനാഥ്, വി.കെ ബീനാകുമാരി എന്നിവര്‍ അംഗങ്ങളാണ്. അംഗങ്ങള്‍ക്ക് ജഡ്ജിയുടെ റാങ്കാണുള്ളത്. ചെയര്‍മാന് അഞ്ച് ലക്ഷവും അംഗങ്ങള്‍ക്ക് മൂന്നേകാല്‍ ലക്ഷവുമാണ് ശമ്പളം. ഇതിന് പുറമേ വാഹനങ്ങളും ഏഴ് ജീവനക്കാരും ടിഎ, ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷനെ തെരഞ്ഞെടുക്കുന്നത്.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാക്കാനുള്ള നീക്കം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരായ കേസുകളില്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ ഉപകാരസ്മരണയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മാത്രമല്ല ജസ്റ്റിസ് മണികുമാര്‍ വിരമിക്കും മുമ്പ് മുഖ്യമന്ത്രി കോവളത്ത് വിരുന്ന് സല്‍ക്കാരവും നടത്തിയിരുന്നു. വിവാദം കൊഴുത്തതോടെ മണികുമാര്‍ സ്ഥാനം ഏറ്റെടുക്കാതെ പിന്‍വാങ്ങിയിരുന്നു.
അതേസമയം എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പിപി ദിവ്യ, നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബു ചൂണ്ടിക്കാട്ടുന്നു. എഡിഎമ്മിനുള്ള യാത്ര അയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് ദിവ്യ ചെന്നത്. അത് തന്നെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചതാണെന്ന് ആക്ഷേപമുണ്ട്. ഇത്തരം ഗൗരവമായ വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്‍ മാത്രമല്ല, സംസ്ഥാനത്തുള്ള ഒരു കമ്മിഷനും കേസെടുത്തില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുസമൂഹം വിലയിരുത്തുന്നു.
#humanrights #kerala #justiceforedm #corruption #india