● പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം
● ഇന്ത്യയുടെ ബഹുസ്വര പൈതൃകം ലോക സമാധാനത്തിനുള്ള ഇടപെടലിന് അനുയോജ്യം
● സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഇന്ത്യൻ ഭരണകൂടം മുന്നോട്ടു വരണമെന്ന് ആവശ്യം
കോഴിക്കോട്: (KVARTHA) പശ്ചിമേഷ്യയിലെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തമ്മിലുള്ള യുദ്ധാന്തരീക്ഷം അവസാനിപ്പിച്ച് ലോക സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. മർകസ് നോളജ് സിറ്റിയിൽ നടന്ന ഇന്റർനാഷണൽ റസ്പോൺസിബിലിറ്റി സമ്മിറ്റിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരം സംഘർഷഭരിതമായ പശ്ചിമേഷ്യ, ഉക്രൈൻ തുടങ്ങിയ പ്രദേശങ്ങളിൽ ഐക്യം സ്ഥാപിക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വർഗീയ-തീവ്രവാദ ചിന്താധാരകളെ ചെറുത്തു തോൽപ്പിക്കുന്നതിലും ഇന്ത്യക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കും. അത്തരം ശ്രമങ്ങൾക്ക് ഇന്ത്യ മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധവും ചേരിചേരാ പാരമ്പര്യവും എല്ലാ മതസമൂഹങ്ങളെയും സംസ്കാരങ്ങളെയും ഉൾകൊള്ളുന്ന ബഹുസ്വര പൈതൃകവും ഈ ഇടപെടലുകൾക്ക് ഇന്ത്യയെ പര്യാപ്തമാക്കുന്നുണ്ട്. വളർന്നു വരുന്ന സാമ്പത്തിക-നയതന്ത്ര ശക്തി എന്ന നിലയിലും ഇക്കാര്യത്തിൽ ഇന്ത്യക്ക് പരിഹാരം കാണാൻ സാധിക്കും. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഭരണാധികാരികൾ മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.
രാജ്യങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന യുദ്ധങ്ങൾ ഒരിക്കലും മാനവ സമൂഹത്തിന് ഭൂഷണമല്ലെന്നും നിരപരാധികളായ സിവിലിയന്മാരെയും മാനവരാശിയെയും തകർത്തെറിയുന്നത് നീതീകരിക്കാനാവില്ലെന്നും സമ്മിറ്റ് പ്രമേയം ആവശ്യപ്പെട്ടു. ഇസ്‌ലാം എല്ലാ കാലത്തും രക്തപങ്കിലമായ കലാപങ്ങൾക്ക് എതിരാണ്. ലോകത്തിൻ്റെ ശാശ്വത സമാധാനം ആയിരിക്കണം എല്ലാവരുടെയും ഉത്തരവാദിത്തം എന്നും പ്രമേയത്തിൽ പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ്, ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി, ഡോ. യൂസഫ് അബ്ദുൽ ഗഫൂർ അൽ അബ്ബാസി, ഗറമല്ലാഹ് അഹ്‌മദ് അൽ ഫുഖഹാ, നബീൽ ഹമദ് ഈസ മുഹമ്മദ് അൽ-ഔൻ, ശൈഖ് അദ്നാൻ അബ്ദുല്ല ഹുസൈൻ അൽ ഖത്താൻ, അലി മസ്ഊദ് അൽ കഅബി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും പ്രതിനിധികളും സമ്മിറ്റിൽ സംബന്ധിച്ചു.
#IndiaForPeace #Kanthapuram #GlobalPeace #MiddleEast #Ukraine #InternationalResponsibility #Summit #PeaceTalks #Mediation #IndiaLeads