Surprise | ഞെട്ടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം; സ്വപ്‌നങ്ങൾ തകർന്ന നിയസഭ വിധികൾ; നേതാക്കളുടെ അറസ്റ്റും ഇലക്ടറൽ ബോണ്ടും; 2024 ലെ രാഷ്ട്രീയം സംഭവ ബഹുലം
● ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല
● ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം ഭരണം പിടിച്ചെടുത്തു.
ന്യൂഡൽഹി: (KVARTHA) 2024 ലെ ഇന്ത്യൻ രാഷ്ട്രീയ രംഗം അന്തർദേശീയ ബന്ധങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും നിർണായക സംഭവങ്ങളാൽ നിറഞ്ഞ ഒരു വർഷമായിരുന്നു. ലോക്‌സഭ- നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ വിവാദമായ നിയമനിർമ്മാണങ്ങളും നടപടികളും വരെ, ഈ വർഷം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയിൽ നിരവധി ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ചു.
ഞെട്ടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
400 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയ എന്‍ഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 292 സീറ്റുകളിലേക്ക് ചുരുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യാ മുന്നണി' രാജ്യത്തെ ഞെട്ടിച്ചു. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല, 240 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്താൻ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി), നിതീഷ് കുമാറിൻ്റെ ജനതാദൾ (യുണൈറ്റഡ്) തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വന്നു.
എൻഡിഎയിൽ രണ്ടാമത്തെ വലിയ കക്ഷി ടിഡിപിയാണ്. 16 സീറ്റുകളിലാണ് ടിഡിപിക്ക് ജയിച്ചത്. 12 സീറ്റുകളുമായി ജെഡിയു ആണ് മൂന്നാം സ്ഥാനത്ത്. ശിവസേന (ഷിൻഡെ) യ്ക്ക് ഏഴ് സീറ്റുകളും എൽജെപിക്ക് അഞ്ച് സീറ്റുകളും ജനസേനാ പാർട്ടിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.
പ്രതിപക്ഷത്ത് കോൺഗ്രസ് 99 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സീറ്റ് നിലയിൽ മൂന്നാം സ്ഥാനം ഇൻഡ്യ സഖ്യത്തിലെ സമാജ്‍വാദി പാർട്ടിക്കാണ്, 37 സീറ്റുകൾ. തൊട്ടുപിന്നിൽ 29 സീറ്റുകളോടെ തൃണമൂൽ കോൺഗ്രസ് ആണ്. 22 സീറ്റുകളിൽ ഡിഎംകെ വിജയിച്ചു. ശിവസേന (ഉദ്ധവ് താക്കറെ) ഒമ്പത്, ആർജെഡി - സിപിഎം നാല് വീതം, എഎപി - ജെഎംഎം മൂന്നു വീതം, സിപിഐ (എംഎൽ) - സിപിഐ - നാഷണൽ കോൺഫറൻസ് മൂന്ന് വീതം സീറ്റുകളും നേടി. നരേന്ദ്ര മോഡി മൂന്നാം വട്ടവും പ്രധാനമന്ത്രിയായപ്പോൾ രാഹുൽ പ്രതിപക്ഷ നേതാവായും ചരിത്രമെഴുതി.
2024 ലെ നിയസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ
അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം ലഭിച്ചു. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ 10 സീറ്റുകളിൽ ബിജെപി സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി സഖ്യകക്ഷിയായ എൻപിപി 5 സീറ്റിൽ വിജയിച്ചു. അരുണാചലിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) വീണ്ടും അധികാരത്തിലെത്തി 32 സീറ്റിൽ 31 ലും വിജയിച്ചു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ലഭിച്ചത് ഒരു സീറ്റു മാത്രമാണ്. ഇദ്ദേഹം പിന്നീട് എസ്കെഎമ്മിൽ ചേർന്നതോടെ നിലവിൽ പ്രതിപക്ഷമില്ലാതെ മുഖ്യമന്ത്രി പ്രേം സിങ് തമങ് ഭരിക്കുന്നു.
ആന്ധ്രപ്രദേശിൽ ഭരണകക്ഷിയായ വൈഎസ്ആർ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി വൻതിരിച്ചു വരവ് നടത്തി. 175 അംഗ സഭയിൽ ടിഡിപി 135, ജനസേന 21, ബിജെപി 8 എന്നിങ്ങനെയാണ് കകക്ഷിനില. കഴിഞ്ഞതവണ 151 സീറ്റ് നേടി അധികാരത്തിലെത്തിയ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 11 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു.
ഒഡിഷയിൽ നവീൻ പട്‌നായികിൻ്റെ ബിജു ജനതാദളിന് നീണ്ട കാലത്തിന് ശേഷം ഭരണം നഷ്ടമായി. 78 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. ബിജെഡി 51ഉം കോൺഗ്രസ് 14ഉം സിപിഎം ഒരു സീറ്റും നേടി. 2019ൽ നിയമസഭയിൽ 147ൽ 115 സീറ്റുകൾ നേടി ബിജെഡി ഭരണം നിലനിർത്തുകയായിരുന്നു. എന്നാൽ ഇത്തവണ അടിപതറി
10 വർഷത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിൽ 90ൽ 49 സീറ്റ് നേടി ഇൻഡ്യ സഖ്യം ഭരണം പിടിച്ചെടുത്തു. സഖ്യത്തിൽ നാഷണൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറ് സീറ്റും സിപിഎം ഒരു സീറ്റും നേടി. ബിജെപി 29 സീറ്റ് കരസ്ഥമാക്കി. കഴിഞ്ഞതവണ 25 ആയിരുന്നു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുല്ല മുഖ്യമന്ത്രിയായി.
പ്രവചനങ്ങളും വിശകലനങ്ങളും തെറ്റിച്ച് ഹരിയാനയിൽ 90 സീറ്റിൽ 4-ഉം നേടി ബിജെപി ഹാട്രിക് വിജയം നേടിയത് ശ്രദ്ധേയമായി. രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി ജിൻഡൽ അടക്കം മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണക്കുന്നു. കോൺഗ്രസ് 37, ഐഎൻഎൽഡി 2 എന്നിങ്ങനെയാണ് കക്ഷിനില. മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി (54) അധികാരമേറ്റു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽപെട്ട് അഞ്ച് മാസത്തോളം ജയിലിൽ കഴിയേണ്ടിവന്നിട്ടും ജാർഖണ്ഡിൽ ഹേമന്ത് സോറൻ അത്ഭുതം തീർത്തു. 81ൽ 56 സീറ്റും നേടിയാണ് നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇൻഡ്യ മുന്നണിയിലൂടെ അധികാരം നിലനിർത്തിയത്. എൻഡിഎയിൽ ബിജെപി 21 സീറ്റ് നേടി. എജെഎസ്‌യുപി, എൽജെപിആർവി, ജെഡി (യു) പാർട്ടികൾ ഓരോ സീറ്റ് വീതവും നേടി
മഹാരാഷ്ട്രയിൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി നേതൃത്വത്തിൽ മഹായുതി ഭരണത്തുടർച്ച കരസ്ഥമാക്കിയത്. 288 സീറ്റുകളിൽ 228 എണ്ണം സഖ്യം നേടി. ബിജെപി മത്സരിച്ച 149 സീറ്റുകളിൽ 132ലും വിജയിച്ചു. പ്രതിപക്ഷമായ കോൺഗ്രസ്-ശിവസേന (യുബിടി)-എൻസിപി (എസ്പി) സഖ്യം വെറും 47 സീറ്റുകളിൽ ഒതുങ്ങി. ബിജെപി 132, ശിവസേന 57, എൻസിപി 41, കോൺഗ്രസ് 16, ശിവസേന (യുബിടി) 20, എൻസിപി (എസ്പി) 10 എന്നിങ്ങനെയാണ് വിജയിച്ചത്.
അറസ്റ്റും രാഷ്ട്രീയ മാറ്റങ്ങളും
ഡൽഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാളിനെഎക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതും ജാമ്യവും 2024 ൽ കോളിളക്കം സൃഷ്ടിച്ചു.
സുപ്രീം കോടതി, രാഷ്ട്രീയ പാർട്ടികൾക്ക് ധനസമാഹരണം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി നിയമവിരുദ്ധമാണെന്ന് വിധിച്ചതാണ് 2024 ലെ മറ്റൊരു സുപ്രധാന സംഭവം. ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാർഗങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ധനസമാഹരണം നടത്തുന്നതിനുള്ള ഈ പദ്ധതിക്ക് നിയമസാധുതയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ തർക്കങ്ങളിൽ ഒന്നായ അയോധ്യയിലെ രാമക്ഷേത്ര നിർമാണം സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ തുടർന്ന് യാഥാർത്ഥ്യമായി. ദീർഘനാളായി നീണ്ടു നിന്ന ഈ തർക്കം 2019-ൽ സുപ്രീം കോടതി അനുകൂലമായി തീർപ്പുകൽപ്പിച്ചതോടെയാണ് പുതിയ അധ്യായം തുറന്നത്. വിപുലമായ ആചാരാനുഷ്ഠാനങ്ങളോടെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടത്തി രാമക്ഷേത്രം തുറന്നുകൊടുത്തു.
#IndianElections2024 #IndianPolitics #ElectionResults #NDA #UPA #IndiaAlliance