Politics | കാഞ്ഞിരപ്പള്ളിയിൽ പൊരിഞ്ഞ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു; പി സി ജോർജ്, പി സി തോമസ്, എൻ ജയരാജ് എന്നിവർ നേർക്കുനേർ


● കേരള കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.
● മുസ്ലിം വോട്ടുകൾ നിർണ്ണായകമാകും.
● മണ്ഡലം രാഷ്ട്രീയപരമായി ശ്രദ്ധേയമാകും.
സോണി കല്ലറയ്ക്കൽ
(KVARTHA) 2026 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാകാൻ ഒരുങ്ങുകയാണ് കാഞ്ഞിരപ്പള്ളി. ഇവിടുത്തെ മത്സരം തീപാറുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കാഞ്ഞിരപ്പള്ളി എന്നാൽ പഴയ നിയമസഭാ മണ്ഡലം അല്ല. മുൻ മന്ത്രിയായിരുന്ന കെ. നാരായണകുറുപ്പും, മുൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഒക്കെ നിയമസഭയിൽ പ്രതിനിധികരിച്ച വാഴൂർ നിയമസഭാ മണ്ഡലം ഇല്ലാതായി അതിൻ്റെ കുറെ ഭാഗങ്ങൾ ലയിച്ചതാണ് പുതിയ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്ന് പറയുന്നത്.
പഴയ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മുണ്ടക്കയം പോലുള്ള ഭാഗങ്ങൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിലും പോയിട്ടുണ്ട്. കേരളാ കോൺഗ്രസിന് വലിയ വേരോട്ടമുള്ള മണ്ഡലങ്ങളിൽ ഒന്ന് തന്നെയാണ് കാഞ്ഞിരപ്പള്ളി. മുൻ കേരളാ കോൺഗ്രസ് നേതാവ് പി.സി.ജോർജ് ഇപ്പോൾ ബി.ജെ.പി യിൽ ആണ്. വർഷങ്ങളോളം പി.സി ജോർജ് പൂഞ്ഞാർ മണ്ഡലത്തെയാണ് പ്രതിനിധികരിച്ചിരുന്നത്. കഴിഞ്ഞ തവണ ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി പി.സി.ജോർജിന് എതിരായി നിന്നിരുന്നതിനാൽ ബി.ജെ.പി പിന്തുണയോടെ പൂഞ്ഞാറ്റിൽ പി.സി.ജോർജ് മത്സരിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം.
പൂഞ്ഞാറിൽ മത്സരിച്ചാൽ ഇക്കുറിയും മുസ്ലിം വിരോധം മൂലം അതുണ്ടാകുമെന്നാണ് പി.സി.ജോർജ് പക്ഷം കരുതുന്നത്. മുസ്ലിം സമുദായംഗങ്ങളെക്കാൾ കത്തോലിക്ക വിഭാഗവും നായർ സമുദായാംഗങ്ങളും കൂടുതലുള്ള കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറി മത്സരിക്കാനാണ് പി.സി.ജോർജിൻ്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയിൽ പി.സി.ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാൽ കത്തോലിക്ക സഭയുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്നാണ് എൻ.ഡി.എ വിഭാഗം കരുതുന്നത്. ഒപ്പം തന്നെ കാസ പോലുള്ള ഗ്രൂപ്പുകളും പി.സി.ജോർജിന് അനുകൂലമായി നിലപാട് എടുത്തേക്കാം. ഇത് പി.സി.ജോർജിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
പി.സി.ജോർജ് ഇപ്പോൾ കത്തോലിക്ക സഭയ്ക്ക് അനുകൂലമായി നിലകൊള്ളുന്ന വ്യക്തിയുമാണ് . അതുകൊണ്ട് തന്നെ സഭ പി.സി.ജോർജിന് വേണ്ടി രംഗത്തു വരുമെന്നാണ് ബി.ജെ.പി കരുതുന്നത്. പിന്നെ പഴയ വാഴൂർ മേഖലയിലൊക്കെ ബി.ജെ.പിയ്ക്ക് നിർണ്ണായക സ്വാധീനവും ഉണ്ട്. പി.സി.ജോർജ് മത്സരിച്ചാൽ ഇതൊന്നും പുറത്തുപോകില്ലെന്നും അവർ കരുതുന്നു. യു.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സീറ്റ് കോൺഗ്രസിനാണ് നൽകിയത്. കോൺഗ്രസിൻ്റെ സീനിയർ നേതാവ് ജോസഫ് വാഴയ്ക്കൻ ആയിരുന്നു ഇവിടുത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി. അതിന് മുൻപ് യു.ഡി.എഫിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റായിരുന്നു ഇത്.
ഇപ്പോഴത്തെ നിയമസഭാ ചിഫ് വിപ്പായ ഡോ. എൻ.ജയരാജ് ആയിരുന്നു അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. വലിയൊരു ഭൂരിപക്ഷത്തിൽ അന്ന് ജയരാജ് ഇവിടെ നിന്നും വിജയിക്കുന്നതാണ് കണ്ടത്. കെ.എം. മാണി മരിച്ചതിനുശേഷം ജോസ്.കെ.മാണിയും കൂട്ടരും എൽ.ഡി.എഫിൽ എത്തിയ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ.ജയരാജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്ത് വരുകയായിരുന്നു. കോൺഗ്രസ് തങ്ങൾക്ക് ഇത് ഷുവർ സീറ്റെന്ന് കരുതിയെങ്കിലും അപ്പോഴും ജയം എൻ.ജയരാജിന് ഒപ്പം ആയിരുന്നു.
വാഴയ്ക്കനെ വലിയ ഭൂരിപക്ഷത്തിൽ ജയരാജ് തോൽപ്പിക്കുന്നതാണ് കണ്ടത്. ആ സാഹചര്യത്തിൽ പൊതുവേ കേരളാ കോൺഗ്രസ് ചായ് വുള്ള മണ്ഡലത്തിൽ യു.ഡി.എഫിൽ നിന്ന് ഒരു കേരളാ കോൺഗ്രസുകാരൻ മത്സരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ മുൻ ആഭ്യന്തരമന്ത്രി പി.ടി ചാക്കോയുടെ മകനും മുൻ മൂവാറ്റുപുഴ എം.പി യുമായ പി.സി തോമസിൻ്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. കോൺഗ്രസ് ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്താൽ പി.സി.തോമസ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്നാണ് അറിയുന്നത്.
പി.സി.തോമസ് എം.പി ആയിരുന്ന മൂവാറ്റുപുഴ ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതായിരുന്നു കാഞ്ഞിരപ്പള്ളിയും. അതുകൊണ്ട് പി.സി.തോമസിനും ഇവിടെ വലിയ ബന്ധങ്ങൾ ഉണ്ട്. അങ്ങനെ വന്നാൽ കാഞ്ഞിരപ്പള്ളി വലിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക. എൽ.ഡി.എഫിൽ എൻ ജയരാജ് തന്നെയാകും സ്ഥാനാർത്ഥി. ഇത് ജോസ്.കെ.മാണി വിഭാഗത്തിൻ്റെ സീറ്റ് തന്നെയാണ്. അവർക്ക് ഇവിടെ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനും പറ്റില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kanjirappally is set for a high-profile electoral battle in 2026, with PC George (BJP), PC Thomas (UDF), and N Jayaraj (LDF) expected to contest. The constituency, with a strong Kerala Congress presence, could see a triangular fight, given the candidates' political backgrounds and local support.
#Kanjirappally, #KeralaPolitics, #Election2026, #PCGeorge, #PCTHomas, #NJayaraj