Political Crisis | അൻവറിൻ്റ അറസ്റ്റ് ഭരണകൂട ഭീകരതയോ? വെളിയിലിരുന്ന പാമ്പ് പിണറായി സർക്കാരിനെ തിരിഞ്ഞ് കൊത്തുമ്പോൾ; യുഡിഎഫ് പാളയത്തിലെത്തിക്കാൻ അണിയറ നീക്കങ്ങളുമായി കോൺഗ്രസ്

 
Political controversy surrounding Anwar's arrest in Nilambur
Political controversy surrounding Anwar's arrest in Nilambur

Photo Credit: Facebook/ PV ANVAR

● നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പി വി അൻവര്‍ അറസ്റ്റിലായത്. 
● കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. 
● വൻ സന്നാഹവുമായിട്ടാണ് പൊലീസ് അന്‍വറിന്‍റെ വീട്ടിലെത്തിയത്. 

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) എൽഡിഎഫ് പിന്തുണയിൽ നിലമ്പൂർ മണ്ഡലത്തിൽ എംഎൽഎയായ പിവി അൻവര്‍ ഇടഞ്ഞതിന് പിന്നാലെയുള്ള സര്‍ക്കാറിനെതിരായ പ്രതിഷേധവും അറസ്റ്റും വലിയ രാഷ്ട്രീയ ചര്‍ച്ചകൾക്കാണ് വഴി തുറക്കുന്നത്. കോൺഗ്രസും യുഡിഎഫുമായി പരസ്യ സഹകരണം ഇതുവരെ പ്രഖ്യാപിക്കാത്ത പിവി അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുന്നത്. 

നേരത്തെ പ്രതൃക്ഷത്തിൽ അൻവറുമായി കൈകോർക്കാൻ തയ്യാറാകാതിരുന്ന യു.ഡി.എഫ് രാത്രി വീട്ടിൽ കയറി അറസ്റ്റു ചെയ്ത സംഭവം വലിയ രാഷ്ട്രീയ വിഷയമാക്കി മാറ്റിയിട്ടുണ്ട്. തൻ്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തകയാണ് അൻവർ. സർക്കാരിനെയും സി.പി.എമ്മിനെയും ഈ കാര്യത്തിൽ പരസ്വമായി വെല്ലുവിളിക്കുന്നുമുണ്ട്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പി വി അൻവര്‍ അറസ്റ്റിലായത്. 

ഞായറാഴ്ച രാത്രിയോടെയാണ് അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തി നിലമ്പൂർ പൊലീസ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അൻവർ റിമാൻഡിലാവുകയും ചെയ്തു. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിലേക്ക് അൻവറിനെ മാറ്റുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. 

ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിൻ്റെ  വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ സന്നാഹവുമായിട്ടാണ് പൊലീസ് അന്‍വറിന്‍റെ വീട്ടിലെത്തിയത്. 

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ, കൊല നടത്തിയിട്ടോയല്ല തന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത്  മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പറയുന്നു. എന്തു തന്നെയായാലും കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്താൻ ഇനിയും കഴിയാത്ത അൻവറിനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും ഒരു സുവർണാവസരമാണ് ഇപ്പോൾ പിണറായി സർക്കാർ നൽകിയിരിക്കുന്നത്. യു.ഡി.എഫിലേക്കുള്ള എൻട്രി സുഗമമാക്കാനും അതുവഴി നിലമ്പൂരിൽ വീണ്ടും മത്സരിക്കാനും അൻവറിന് മുൻപിൽ വഴി തെളിയുകയാണ്. 

പകൽ നേരത്ത് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എംഎൽഎ യെ അറസ്റ്റു ചെയ്യേണ്ട കാര്യമേ പൊലീസിനുണ്ടായിരുന്നുള്ളൂ. ഇതാണ് രാത്രി വീട്ടിൽ കയറി അറസ്റ്റു ചെയ്ത് നാടകീയ രംഗങ്ങൾ സൃഷ്ടിക്കാൻ അൻവറിന് അവസരമൊരുക്കിയത്. ഇതിൻ്റെ പൊളിറ്റിക്കൽ മൈലേജ് അൻവറിന് ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റെന്ന കാര്യം വ്യക്തമാണെന്നും അൻവർ നിരന്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദ്ദേശം ഈക്കാര്യത്തിലുണ്ടെന്ന് വ്യക്തമാണെന്നും അൻവറിനെ അനുകൂലിക്കുന്നവർ പറയുന്നു.

നേരത്തെ സർക്കാരിനെതിരെ വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകരെയും ഇതേ രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത് എന്നാണ് ആരോപണം. ഭരണകൂടം ഉരുക്ക് മുഷ്ടി ഉപയോഗിച്ചു ജനപ്രതിനിധികളെ അകത്താക്കുമ്പോൾ അതു ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടെക്കാം. അൻവറുമായി രാഷ്ട്രീയപരമായി വിയോജിപ്പുള്ളവർ പോലും അദ്ദേഹത്തെ പിൻതുണച്ച് രംഗത്തുവരാൻ കാരണമായി പൊലിസിൻ്റെ ഈ പാതിരാ നാടകം കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
 #AnwarArrest #PoliticalControversy #KeralaPolitics #PinarayiVijayan #UDFEntry #CongressSupport

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia