Bulldozer Raj | രാജ്യത്തെ 'ബുള്‍ഡോസര്‍ രാജില്‍' ജെസിബി കമ്പനിയും ഉത്തരവാദിയാണോ? 2 കൊല്ലം കൊണ്ട്   1.53 ലക്ഷം വീടുകൾ ഇടിച്ചുനിരത്തിയെന്ന് കണക്കുകൾ പുറത്ത് 

 
Is JCB company also responsible for bulldozer raj?
Is JCB company also responsible for bulldozer raj?

Image Credit: Meta Ai 

പശുവിനെ കൊന്നെന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ആരോപിച്ചും അറസ്റ്റ് ചെയ്തവരുടെയും കൊലപാതക കുറ്റങ്ങളില്‍ അറസ്റ്റിലായവരുടെയും അടക്കം 37 വിചാരണ തടവുകാരുടെ വീടുകള്‍ ജൂണ്‍ മാസത്തില്‍ മാത്രം മധ്യപ്രദേശില്‍ പൊളിച്ചുനീക്കി. 

ക്രിസ്റ്റഫർ പെരേര

ന്യൂഡല്‍ഹി: (KVARTHA) രണ്ട് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ (Govt) ഇടിച്ചുനിരത്തിയത് രാജ്യത്തെ ഒന്നരലക്ഷത്തിലധികം പേരുടെ കിടപ്പാടമെന്ന് റിപ്പോർട്ട്. വീടെന്ന് പോലും പറയാനാകാത്ത, പ്ലാസ്റ്റിക്കും തകരവും മറ്റും കൊണ്ട് നിര്‍മിച്ച കൂരകള്‍ ഉള്‍പ്പെടെയാണിത്. ദേശീയ, സംസ്ഥാന, തദ്ദേശ, തലത്തില്‍ 1,53,820 വീടുകള്‍ ഇടിച്ചുനിരത്തിയതായി ലാന്‍ഡ് റൈറ്റ്‌സ് നെറ്റ്വര്‍ക്ക് (HLRN) കണക്കുകള്‍ പുറത്തുവിട്ടു. ഗ്രാമീണ-നഗര മേഖലകളില്‍ 7,38,438 പേര്‍ വീട് നഷ്ടപ്പെട്ട് വഴിയാധാരമായി. 

2017 മുതലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും മനുഷ്യന്റെ സ്വപ്‌നഗൃഹങ്ങളിലേക്ക് ബുള്‍ഡോസര്‍ കയറ്റി അയക്കാൻ തുടങ്ങിയതെന്നാണ് ആക്ഷേപം. 17 ലക്ഷത്തോളം പേരാണ് ഇതിന് ഇരയായതെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ബുള്‍ഡോസര്‍ രാജിന് (Bulldozer Raj) ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2019ല്‍ മാത്രം 1,07,625 പേരുടെ വീടുകള്‍ ഇടിച്ചുനിരത്തി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴത് 2,22,686 ആയി. കഴിഞ്ഞ വര്‍ഷം മാത്രം 5,15,752 പേര്‍ കുടിയിറപ്പെട്ടെന്ന്  എച്ച്എല്‍ആര്‍എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

is jcb company also responsible for bulldozer raj

പശുവിനെ കൊന്നെന്നും (Cow slaughter) പൊലീസ് (Police) ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ആരോപിച്ചും അറസ്റ്റ് ചെയ്തവരുടെയും കൊലപാതക കുറ്റങ്ങളില്‍ അറസ്റ്റിലായവരുടെയും അടക്കം 37 വിചാരണ തടവുകാരുടെ (Undertrial) വീടുകള്‍ ജൂണ്‍ മാസത്തില്‍ മാത്രം മധ്യപ്രദേശില്‍ (Madhya Pradesh) പൊളിച്ചുനീക്കി.  അക്രമികളുടെയോ ഗുണ്ടാസംഘങ്ങളുടെയോ വീടുകളോ കടകളോ തകര്‍ക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മധ്യപ്രദേശില്‍ വ്യാപകമാണ്. ആദ്യം മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ (Shivraj Singh Chouhan) നേതൃത്വത്തിലായിരുന്നെങ്കില്‍  ഇപ്പോള്‍ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ കീഴിലാണിത് നടപ്പാക്കുന്നത്.  

2024 ഫെബ്രുവരിയില്‍, ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചതിനെതിരെ മധ്യപ്രദേശ് ഹൈകോടതി (High Court of Madhya Pradesh) ശക്തമായി അപലപിച്ചിരുന്നു.  അധികാരികള്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകള്‍ പൊളിക്കുന്നത് 'ഫാഷനായി' മാറിയെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.  ജെസിബി (JCB), ബുള്‍ഡോസര്‍, മറ്റ് യന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് മുസ്ലീങ്ങളുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ ഇന്ത്യയില്‍ വ്യാപകമായി നശിപ്പിക്കുന്നത് ഉടനടി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ (Amnesty International) ഇക്കൊല്ലം ആദ്യം പുറത്തിറക്കിയ രണ്ട് പ്രചരണ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.  

നിയമപരമല്ലാത്ത ശിക്ഷ എന്ന നിലയില്‍ ആളുകളുടെ വീടുകള്‍ പൊളിക്കുന്ന നടപടി നിര്‍ത്തലാക്കാനും ഇത്തരം നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളുടെ ഫലമായി ആരും ഭവനരഹിതരാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാ ഗവണ്‍മെന്റിനോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. പൊളിക്കലുകള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ഈ ലംഘനങ്ങള്‍ നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബിസിനസ്, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യുഎന്‍ മാര്‍ഗരേഖ അനുസരിച്ച്, ജെസിബിയുടെ പ്രവര്‍ത്തനങ്ങളുമായോ ഉല്‍പ്പന്നങ്ങളുമായോ സേവനങ്ങളുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തിരിച്ചറിയുന്നതിനും തടയുന്നതിനും ലഘൂകരിക്കുന്നതിനും ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള ഉത്തരവാദിത്തം ജെസിബിക്കുണ്ട്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ആംനസ്റ്റി ജെസിബി കമ്പനിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ജെസിബി ഉപഭോക്താക്കള്‍ക്ക് വിറ്റുകഴിഞ്ഞാല്‍, അതിന്റെ ഉപയോഗത്തിനോ ദുരുപയോഗത്തിനോ കമ്പനിക്ക് നിയന്ത്രണമോ ഉത്തരവാദിത്തമോ ഇല്ലെന്ന് ജെസിബി വക്താവ് അറിയിച്ചു.  

അന്താരാഷ്ട്ര തലത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ജെസിബി എന്ന ഉപകരണം  വാങ്ങുന്നവര്‍ അത് ഉപയോഗിച്ച് എന്ത് ചെയ്യുന്നു എന്നതിന് കമ്പനി ഉത്തരവാദിയാണെന്നാണ് പറയുന്നത്. ബുള്‍ഡോസറുകളുടെ മുകളില്‍ നിന്ന് ആളുകള്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്നും മുസ്ലീം സമുദായത്തെ ലക്ഷ്യമിടാനും ശിക്ഷിക്കാനും ജെസിബി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്. അതിനാല്‍ ജെസിബി കമ്പനിക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.  മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ ജെസിബി കമ്പനിയുടെ  യന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറഞ്ഞു.

നോട്ടീസോ, മുന്നറിയിപ്പോ നല്‍കാതെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തിയതെന്നാണ് വ്യാപകമായി ഉയർന്ന പരാതി.  ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം, ഗുജറാത്ത് എന്നിവിടങ്ങളിലും ഡല്‍ഹിയിലും ഇത്തരം നടപടികള്‍ ഉണ്ടായതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണ്ടെത്തി. പലപ്പോഴും അനധികൃത നിര്‍മ്മാണം, കയ്യേറ്റം ഒഴിപ്പിക്കല്‍ എന്നിവയുടെ മറവിലാണ് ഇതെല്ലാം നടത്തുന്നത്.  രാജ്യത്തെ നിയമപ്രകാരമോ, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അനുസരിച്ചോ പറയുന്ന നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇടിച്ചുനിരത്തലുകള്‍ നടത്തിയതെന്നാണ് കുറ്റപ്പെടുത്തൽ. 

പ്രദേശവാസികളുമായി കൂടിയാലോചന നടത്തുകയോ, അറിയിപ്പ് നല്‍കുകയോ ബദല്‍ പുനരധിവാസം ഒരുക്കുകയോ ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടിച്ചുനിരത്തലും കുടിയൊഴിപ്പിക്കലും നടപ്പിലാക്കിയതെന്നും ആക്ഷേപമുണ്ട്. രാത്രിയാണ് കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്.  താമസക്കാര്‍ക്ക് അവരുടെ വീടുകളും കടകളും വിട്ടുപോകാനോ അവരുടെ സാധനങ്ങള്‍ സംരക്ഷിക്കാനോ ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനോ നിയമപരമായ പരിഹാരം തേടാനോ സമയമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ചേരി പ്രദേശങ്ങളുടെ മുഖം മിനുക്കല്‍, അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍, നഗര സൗന്ദര്യവൽകരണം തുടങ്ങിയ പേരുകളിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവരുന്ന ഇടിച്ചുനിരത്തലുകളില്‍ 59 ശതമാനവും നടത്തിയിരിക്കുന്നത്.  2023 ല്‍ 2,90,330 പേരും 2022ല്‍ 1,43,034 പേരും തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. സ്മാര്‍ട്ട് സിറ്റി, പരിസ്ഥിതി, വന, വന്യ ജീവി സംരക്ഷണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയവയാണ് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലേക്ക് നയിച്ച മറ്റ് കാരണങ്ങള്‍. സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കുള്ള പ്രതികാര നടപടിയായാണ് മോദി സര്‍ക്കാരിന്റെ കാലത്ത് നഗരവല്‍കരണം, സൗന്ദര്യവല്ക്കണം എന്നീ പേരുകളിലെ കുടിയൊഴിപ്പിക്കലുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യപ്രദേശിലെ ജിരാപൂര്‍ ഗ്രാമം, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്, സഹാറന്‍പൂര്‍, ഹരിയാനയിലെ നൂറ്, ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരി തുടങ്ങിയ സ്ഥലങ്ങളെല്ലാം ശത്രുതാപരമായ ഇടിച്ചുനിരത്തലുകള്‍ക്ക്  കഴിഞ്ഞവര്‍ഷം സാക്ഷിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റമൊഴിപ്പിക്കല്‍,  പൊതുസ്ഥലത്തെ അധനികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ കാരണങ്ങളാണ് ന്യായവാദമായി ഉന്നയിക്കുന്നതെങ്കിലും  പ്രത്യേക വിഭാഗങ്ങളോടുള്ള ശത്രുതതന്നെയാണ് കാരണമെന്ന് സൂഷ്മനിരീക്ഷണത്തില്‍ മനസിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഫെബ്രുവരിയില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് 128 ഇടിച്ചുനിരത്തലുകള്‍ നടത്തിയതായി പറഞ്ഞിരുന്നു. 617 പേരെയാണ് ഇത് ബാധിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങിലെ ഹിന്ദുക്കളുടെ സ്ഥലങ്ങളോട് ചേര്‍ന്നുകിടക്കുന്ന മുസ്ലിങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്ത് 17 ദശലക്ഷം ആളുകള്‍ ബുള്‍ഡോസര്‍ ഭീഷണിയിലാണ്. നിയമാനുസൃതമായ പ്രക്രിയകളിലൂടെയല്ല ഇത്തരം പൊളിച്ചുനീക്കലുകള്‍ നടത്തുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia