CPM | ഒരിക്കല്‍ മാറ്റിവെച്ചതിന്റെ ദുരന്തം അനുഭവിച്ചു; തെറ്റുതിരുത്തല്‍ രേഖ സിപിഎമ്മിന് അതിജീവനത്തിന്റെ ഒറ്റമൂലിയോ?

 
CPM Flag
CPM Flag


ബി.ജെ.പി, കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്‌പേസിലേക്ക് ഇരച്ചുകയറുന്നതും അത്യന്തം ഭീഷണിയായാണ് സി.പി.എം കേന്ദ്രനേതൃത്വം കാണുന്നത്

ഭാമനാവത്ത് 
 
കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി.പി.എം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് ഒരിക്കല്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട തെറ്റു തിരുത്തല്‍ രേഖ. 1996 മുതല്‍ 2009 വരെ കേന്ദ്ര നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട രേഖയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലാണ് ബംഗാള്‍ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കുളളില്‍ പി ബി മുതല്‍ ബ്രാഞ്ച് വരെയുളള ഘടകങ്ങളില്‍ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 

പാര്‍ട്ടി നേതാക്കളുടെയും അംഗങ്ങളുടെയും വലതുപക്ഷ വ്യതിയാനങ്ങളും ബൂര്‍ഷ്വാജീവിത ശൈലിയും ചങ്ങാത്ത മുതലാളിത്തവും സ്വയംഅധികാര കേന്ദ്രമായി മാറുന്നപ്രവണതകളുമൊക്കെ തിരുത്തുന്നതിനു വേണ്ടിയാണ് തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബംഗാള്‍ പരാജയമാണ് തെറ്റുതിരുത്തലിന് അടിസ്ഥാനമാക്കിയെടുത്തത്. എന്നാല്‍ തെറ്റുതിരുത്തല്‍ രേഖയുടെ കരട് അവതരിപ്പിക്കുമ്പോള്‍ തന്നെ പാര്‍ട്ടിക്കുളളില്‍ കടുത്ത എതിര്‍പ്പുമുയര്‍ന്നിരുന്നു. 

Politics

തെറ്റുതിരുത്തല്‍ രേഖയ്‌ക്കെതിരെ സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയും അപ്രായോഗികമാണെന്ന വിലയിരുത്തല്‍ ചിലനേതാക്കള്‍ പരസ്യമായി നടത്തുകയും ചെയ്തതോടെ പൊളിറ്റ്ബ്യൂറോയ്ക്കു രേഖ എ.കെ.ജി ഭവനിലെ അലമാരയില്‍ പൂട്ടിയിടേണ്ടി വന്നു. എന്നാല്‍ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാത്തതിന്റെ ദൂഷ്യഫലങ്ങളും പാര്‍ട്ടി പിന്നീട് അനുഭവിച്ചു. ബംഗാളില്‍ തദ്ദേശസ്വയം ഭരണസ്ഥാപനഭരണത്തില്‍ നിന്നുവരെ തുടച്ചു നീക്കപ്പെട്ടു.  പാര്‍ട്ടി സംഘടന പൂര്‍ണമായി തകര്‍ന്നില്ലെങ്കിലും അതിനു ശക്തമായ പിന്തുണ നല്‍കിയിരുന്നു ജനങ്ങള്‍ പിന്‍വാങ്ങിയതോടെ ഓഫീസുകള്‍ പോലും തുറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. 

തൃണമൂലിനെ നേരിടുന്നതില്‍ നിന്നും പാര്‍ട്ടി ഒളിച്ചോടിയതോടെ അണികള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തു. എന്നാല്‍ ഇതിനെക്കൊണ്ടും തകര്‍ച്ച അവസാനിച്ചില്ല. പാര്‍ട്ടി ഭരണമുണ്ടായിരുന്ന ത്രിപുരയിലും ജനരോഷത്തില്‍ നിന്നും നേരിടാന്‍ ജനകീയ മുഖ്യമന്ത്രിയായിട്ടു കൂടിയും മണിക് സര്‍ക്കാരിന് കഴിഞ്ഞില്ല. കാല്‍ നൂറ്റാണ്ടിലേറെ ഭരിച്ച ത്രിപുരയും കൈവിട്ടതോടെ കേരളമെന്ന ഒറ്റതുരുത്തിലേക്ക് സി.പി.എം മാറിയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി ബംഗാള്‍, ത്രിപുര, എന്നിവടങ്ങളിലേതിനു സമാനമായ വഴിയിലേക്ക് പാര്‍ട്ടിയെ കൊണ്ടു ചെന്നെത്തിക്കുമോയെന്ന ഭയം കേന്ദ്ര നേതൃത്വത്തിനുണ്ട്. 

ഇവിടങ്ങളില്‍ തിരിച്ചുവരാന്‍ കഴിയാത്തതും ബി.ജെ.പി, കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്‌പേസിലേക്ക് ഇരച്ചുകയറുന്നതും അത്യന്തം ഭീഷണിയായാണ് സി.പി.എം കേന്ദ്രനേതൃത്വം കാണുന്നത്. അതുകൊണ്ടു തന്നെ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ചു അത്യന്തം നിര്‍ണായകമാണ്. അതിജീവനത്തിനുളള ഒറ്റമൂലിയായാണ് സി.പി.എം തെറ്റുതിരുത്തലിനെ കാണുന്നതെന്നാണ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia