Data Revelations | കേന്ദ്ര സർക്കാർ സംവരണം അട്ടിമറിക്കുന്നുവോ? കണക്കുകള്‍ പറയുന്നത് 

 
Data Reveals Reservation Abolition in Central Government Jobs
Data Reveals Reservation Abolition in Central Government Jobs

Photo Credit: X/ Narendra Modi

● 2023-24 വാർഷിക റിപ്പോർട്ടിൽ സംവരണ തസ്തികകളുടെ വിവരങ്ങൾ മറച്ചുവെച്ചതായി ആരോപണം.
●  2016 ജനുവരി ഒന്നുവരെ മൊത്തം 32 ലക്ഷത്തിലധികം  ജീവനക്കാര്‍ സംവരണ വിഭാഗത്തിലുള്ളവരാണെന്ന് പരാമര്‍ശിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. 

അർണവ് അനിത

(KVARTHA) ഭരണഘടനയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും ആവര്‍ത്തിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മനുസ്മൃതി ആധാരമാക്കിയ ഭരണം രഹസ്യമായി നടപ്പാക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. സംവരണം അട്ടിമറിക്കാന്‍ ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ തസ്തികകളില്‍ നിയമനം നടത്താതെ ഒഴിച്ചിടുകയും കരാര്‍ നിയമനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. 

ഇതിനെല്ലാം പുറമേ, കേന്ദ്രസര്‍വീസിലെ സംവരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്ന് മമ്പപൂര്‍വം ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. കേന്ദ്ര പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം പുറത്തിറക്കിയ, 2023-24 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ജോലികളിലും തസ്തികകളിലുമുള്ള സംവരണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചത്. ഇത് ആസൂത്രിതമായ നീക്കമാണെന്ന് വ്യാപക ആരോപണം ഉയര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല, മറിച്ചായിരുന്നെങ്കില്‍ മഹാരാഷ്ട്ര, ഹരിയാന ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജോലികളെക്കുറിച്ചും, എ, ബി, സി, ഡി ഗ്രൂപ്പുകളിലുടനീളമുള്ള പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണവും കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലില്ല. ഇതിന് മുമ്പ് പുറത്തിറക്കിയ എല്ലാ റിപ്പോര്‍ട്ടുകളിലും ഇത് സംബന്ധിച്ച കണക്കുകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പേഴ്‌സണല്‍ മന്ത്രാലയത്തോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിച്ചിട്ടില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ജനുവരി ഒന്നുവരെ മൊത്തം 32 ലക്ഷത്തിലധികം  ജീവനക്കാര്‍ സംവരണ വിഭാഗത്തിലുള്ളവരാണെന്ന് പരാമര്‍ശിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.  ഈ ഡാറ്റ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ സംവരണ പട്ടികയിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 19 ലക്ഷമാണെന്നും പറയുന്നു.

ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് (എഎആര്‍എം), ഞായറാഴ്ച നടത്തിയ ദേശീയ കണ്‍വെന്‍ഷന്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. ആദിവാസികളെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതും സര്‍ക്കാര്‍ ജോലികളിലെ സംവരണം സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നതും പ്രധാന ആശങ്കയാണെന്നും അവര്‍ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗമാണിത്. സംവരണ വിഭാഗങ്ങളിലെ എത്രപേര്‍ സര്‍വീസിലുണ്ട്, സംവരണമുള്ള എത്ര തസ്തികകള്‍ നികത്തി, എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നു എന്നത് സംബന്ധിച്ച് മുഴുവന്‍ കണക്കോ, ഏകീകൃത ഡാറ്റയോ ഇല്ലാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് കോടതിയില്‍ പോലും പോകാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇത് കൂടാതെ ആര്‍എസ്എസ് അജണ്ട വ്യക്തമാക്കുന്ന മറ്റൊരു കണക്കൂകൂടി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഫാക്കല്‍റ്റി സംവരണ തസ്തികകളില്‍ നിയമനമില്ല. ഐഐടി-ഐഐഎം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ 80 ശതമാനത്തോളം മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അടിസ്ഥാന ജനവിഭാഗത്തെ ആട്ടിപ്പായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.

ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും ദളിത്-പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകളെന്ന് ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് ആരോപിച്ചു. രണ്ട് ഐഐടികളിലും, മൂന്ന് ഐഐഎമ്മുകളിലും 90 ശതമാനം തസ്തികകളും സവര്‍ണ വിഭാഗം കൈപ്പിടിയിലാക്കിയിരിക്കുകയാണ്. ആറ് ഐഐടി, നാല് ഐഐഎമ്മുകളിലെ 80 ലേറെ ശതമാനവും മുന്നാക്ക വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. 

ഇന്‍ഡോര്‍ ഐഐഎമ്മിലെ 109 ഫാക്കല്‍റ്റികളിലെ 106 ഉം ഇവരാണ്. ഇവിടെ ദളിത് വിഭാഗത്തിന് പ്രാതിനിധ്യമേ ഇല്ല. ഐഐഎം ഉദയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ 90 ശതമാനവും ജനറല്‍ വിഭാഗത്തിന്റെ കൈപ്പിടിയിലാണ്. നഗ്നമായ ഭരണഘടനാ ലംഘനമാണ് നടന്നിരിക്കുന്നത്. ഇത് ചോദ്യം ചെയ്യാന്‍ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല, ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു ദളിതന്‍ ആണ് എന്നതാണ് മറ്റൊരു വിരോധാഭാസം.

രാജ്യത്തെ ഏഴ് ഐഐഎമ്മുകളിലായി ഒബിസി 88, പട്ടികജാതി 54, പട്ടികവര്‍ഗം 30 സീറ്റുകള്‍ വീതം  വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടങ്ങളില്‍ നിയമനം നടത്താറേയില്ല. 11 ഐഐടികളിലെ 1,557 ഫാക്കല്‍റ്റി ഒഴിവുകളിലും നിയമനം നടത്തിയിട്ടില്ലെന്നും വിവരാവാകാശ രേഖ പറയുന്നു. പിന്നാക്ക വിഭാഗത്തിനായി സംവരണം ചെയ്ത 415, എസ്സി 234, എസ്ടി 129 വീതം തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. പകരം ഈ തസ്തികകളില്‍ മുന്നാക്കജാതിക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതായും ദി ഹിന്ദു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓള്‍ ഇന്ത്യ ഒബിസി സ്റ്റുഡന്റസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കിരണ്‍ കുമാര്‍ ഗൗഡ് സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള വിവരാവകാശ മറുപടിയിലാണ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ അട്ടിമറി പ്രതിപാദിക്കുന്നത്. ഈവര്‍ഷം സെപ്റ്റംബര്‍ മാസം വരെയുള്ള രേഖകളാണ് അപേക്ഷകന് ലഭിച്ചത്.

കേന്ദ്ര നയമനുസരിച്ച് ഇത്തരം സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനത്തില്‍ ഒബിസി 27, എസ്സി 15, എസ്ടി 7.5 ശതമാനം എന്ന രീതിയിലാണ് സംവരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താക്കോല്‍ പദവി കൈയ്യാളുന്ന സവര്‍ണ വിഭാഗത്തിന്റെ പിന്തുണയോടെയാണ് സംവരണ വിരുദ്ധ നീക്കം നടക്കുന്നത് എന്നാണ് ആരോപണം. നിയമനം വേഗത്തിലാക്കുക, സംവരണം പാലിക്കുക എന്നിവ പാടെ ലംഘിക്കുകയാണ്. സംവരണ തസ്തികകളിലെ നിയമനത്തില്‍ അധികൃതര്‍ വരുത്തുന്ന ഉദാസീന നിലപാടാണ് ഇത്തരം അവസ്ഥക്ക് കാരണമെന്ന് കിരണ്‍ കുമാര്‍ ഗൗഡ് പ്രതികരിച്ചു. ഐഐടികളില്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ജാതീയ അവഗണന ശക്തമാണ്. ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം പോലുമുണ്ടായി.

#Reservation, #CentralGovernment, #RTI, #Dalit, #Adivasi, #Education

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia